Reminiscece Of Air Force Life

Thursday, October 9, 2014

രാത്രികള്‍ ആണെനിക്കിഷ്ടം

ഞാന്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണ് - മകന്‍റെ  കൂടെ - ഇവിടത്തെ വിശേഷങ്ങള്‍ ഒത്തിരി ഉണ്ട് -  അത് ഞാന്‍ പിന്നെ എഴുതാം - ഇത് നേരത്തെ ഞാന്‍ നിറച്ചു വെച്ചിരുന്ന ഒരു കതിന ആണ് - നിങ്ങളുടെ അനുവാദത്തോടെ പൊട്ടിക്കുന്നു!!!!!
----------------------------------------------------------------------------------------------------------=------

               ഞാന്‍ എഴുതുന്നത് ഒരു 'നെഗറ്റിവ് റൈറ്റിങ്ങ്' ആണെന്നു പലരും പറഞ്ഞേക്കാം - പ്രശ്നമല്ല - എനിക്ക് തോന്നുന്നത് ഞാന്‍ എഴുതുന്നു -
                         ഉള്‍ക്കൊള്ളാന്‍    പറ്റാത്തവര്‍ സദയം ക്ഷമിക്കുക -
                  ഏതു മനുഷ്യന്‍റെയും ആദ്യത്തെ അഭിലാഷം 'സുഖമയി ഉറങ്ങണം' എന്നാണ്
         'ഉറക്കം' , പ്രന്ജയോടെ' ഇരിക്കുന്നത് പോലെ തന്നെ അനിവാര്യമാണ് -
     ഉറങ്ങുമ്പോള്‍ സംഭവിക്കുന്നത് എന്താണ് - നമ്മള്‍ ദൈനംദിനം  ചെയ്യുന്നതില്‍  നിന്നുള്ള 'അനുബോധന' പ്ര ക്രിയയില്‍നിന്നുള്ള ഒരു വ്യത്യസ്തത  -
                    "എന്‍റെ ഉറക്കം പോയി, എങ്കില്‍ ഇതെല്ലാം ആണ് കാരണം, എന്ന് നമ്മള്‍, തന്നെ നിരൂപിക്കുന്ന, ചിലപ്പോള്‍ സ്വയം ഉണ്ടാക്കപ്പെട്ട ഒരു ആശയശാസ്ത്രം   "
                              അത് കൊണ്ടായിരിക്കാം 'പ്രകൃതിയുടെ' വിളി വന്നാല്‍പ്പോലും ഉറങ്ങുന്നവര്‍ അതിന് മുതിരാത്തത്!-
                         'ഉറക്കം നഷ്ടപ്പെട്ടാലോ '!
                    അപ്പോള്‍ സുഖമായുള്ള   ഉറക്കമാണ് പരമപ്രധാനം-
                         ഉറക്കം ആകട്ടെ, ബോധമില്ലാത്ത  ഒരു അവസ്ഥയും !
           അങ്ങിനെ എങ്കില്‍ ബോധമില്ലാത്ത, അവസ്ഥക്ക് വേണ്ടിയിട്ടാണോ, ഈ പെടാപ്പാടുകള്‍ ചെയ്യുന്നത് !                      
                       അവസാനം വേണ്ടത് സുഖനിദ്ര തന്നെ -
         വെളിവ് ഇല്ലാത്ത, ഒന്നും അറിയാത്ത ഒരവസ്ഥക്ക്  വേണ്ടിയിട്ടാണ്, ഈ നെട്ടോട്ടം!
                ഇവിടെ പഴയ നമ്പൂരി ഫലിതത്തിനും ഒരു പ്രസക്തി ഉണ്ടേ !
      ആല്‍ത്തറയില്‍ കിടന്നു ഉറങ്ങുന്ന നമ്പൂരിയോട് 'ഇങ്ങനെ ആയാല്‍ മതിയോ, എന്നും, എന്നിട്ടോ, എന്നിട്ടോ' എന്ന തിരുവചനവും-  
              ഇത് ഒരു ബ്ലോഗിലാണ് ഞാന്‍ എഴുതുന്നത്‌ എന്നുകൊണ്ടും, പുതിയ തലമുറക്ക് സുപരിചതമാകാന്‍ സാധ്യത കുറവായതുകൊണ്ടും, ആ ഫലിതം
ആവര്‍ത്തിക്കുന്നു -
                 മൃഷ്ടാന്നഭോജനത്തിനു ശേഷം ഒരു നമ്പൂരി, ആല്‍ത്തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു -
             അലസനായ അയാളുടെ ആ കിടപ്പ്, സഹിക്കാതെ ഒരാള്‍ ചോദിച്ചു -\            'മടി പിടിച്ചു കിടക്കുന്ന ഈ സമയത്ത്, ക്രിയാല്‍മകമായി എന്തെങ്കിലും ചെയ്തൂടെ'
                          'അതാണല്ലോ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് "
             "ഈ, സമയം  ഉപയോഗിച്ച് എന്തെങ്കിലും കൃഷി ചെയ്തു കൂടെ "
                                    "എന്നീട്ട് "
                                 മറുചോദ്യം
              അതില്‍ നിന്ന് ഉണ്ടാകുന്ന പണം സമാഹരിച്ചു, പിന്നെയും ഉയരങ്ങളിലേക്ക് പോയിക്കൂടെ -
                           "എന്നിട്ട് "
             " അത്രയും സമര്‍തധിയും, ശേഷിയും ഉണ്ടാകുമ്പോള്‍ , സുഖമായി ഉറങ്ങാമല്ലോ" -
                     "അതല്ലേ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്"!
          ഇത് പോലെയുള്ള സാരാംശങ്ങള്‍ ഉള്ള കഥകള്‍, 'ബൈബിളിലും, ഖുരാനിലും, മഹാഭാരതത്തിലും' ഉണ്ട് -
                 അത് മനസ്സിലാക്കുക - നമ്മള്‍ വായിച്ചു തിരിച്ചറിയുക -
    അല്ലാതെ 'നമ്പൂരിമാരേയും,  മൊല്ലാക്കെയും, പാതിരിയേയും
സമീപിക്കേണ്ട അവസ്ഥ, വരുത്തുകയാണെങ്കില്‍! -
              "തൃശൂര്‍ക്കാരന്‍ പറഞ്ഞ പോലെ, വണ്ടി അങ്ങനെ പോട്ടേ"!
          കുഞ്ഞും നാളില്‍ അമ്മയുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു!
                         അന്ന് രാത്രിയും പകലും തിരിച്ചറിഞ്ഞിട്ടില്ല!
        കുറച്ചു കൂടി വലുതായപ്പോള്‍, പകല്‍ കാണിച്ച കുറുമ്പുകള്‍ക്ക്  പിന്നാലെ ഞാന്‍ രാത്രിയില്‍ തളര്‍ന്ന് ഉറങ്ങിയിരുന്നു.
               അപ്പോഴും ഞാന്‍ രാത്രികളില്‍ സങ്കേതം കണ്ടിരുന്നു!
             അത് കഴിഞ്ഞ് പഠിത്തവും പരീക്ഷകളും പകലുകളുടെ പകപോക്കല്‍
ആയി  കണ്ടപ്പോഴും ഞാന്‍ രാത്രികളെ ഇഷ്ടപ്പെട്ടു!
             ആരോ മുതിര്‍ന്ന തലമുറക്കാര്‍ 'ഏഴര വെളുപ്പിന് ' എഴുന്നേല്‍ക്കുന്ന ശീലത്തെ കുറിച്ചും  'ബ്രഹ്മ മുഹൂര്‍ത്തത്തെ' കുറിച്ചും എന്നെ ഉപദേശിച്ചപ്പോള്‍, ഈ 'ഏഴര വെളുപ്പ്‌' ഒരു ഏഴര മണി എങ്കിലും ആക്കി മാറ്റാന്‍ വല്ല 'ഫോര്‍മുല' ഉണ്ടോ എന്ന് ഞാന്‍ ആലോചിച്ചു!
             യൌവ്വനത്തിലും, രാത്രികള്‍ ആയിരുന്നു എനിക്ക് സന്തോഷം പകര്‍ന്നിരുന്നത്!
            ആദ്യമായി ജോലി കിട്ടി എയര്‍ ഫോഴ്സില്‍ ചേര്‍ന്നപ്പോഴും, പിന്നീട് 'ഗള്‍ഫില്‍' വന്നപ്പോഴും അവിടെയൊക്കെ ഉള്ള പ്രവര്‍ത്തന സമയം തുടങ്ങുന്നത്  രാവിലെ ഏഴു മണി, ചില ഇടങ്ങളില്‍ അതിന് മുന്നേയും!
                    പ്രവത്തന സമയങ്ങള്‍ ഓരോ രാജ്യത്തെ ശീലങ്ങളും അവിടത്തെ കാലാവസ്ഥകളെയും  അടിസ്ഥാനമാക്കിയാണെന്ന്ന്ന് വ്യക്തം. "ശീഷ്ത" എന്ന ഇറ്റാലിയന്‍ വഴക്കം, ഗള്‍ഫ്‌ നാടുകളിലെ അസാമാന്യമായ ചൂടും അവിടത്തെ പ്രവര്‍ത്തന ക്രമങ്ങളെ അതിനനുസരിച്ച് ക്ളിപ്തപ്പെടുത്തി എന്നതും!"
             വൈവാഹിക ജീവിതത്തിലേക്ക് കടന്ന ആദ്യ നാളുകളിലും എനിക്ക്
രാത്രികളെ ആയിരുന്നു ഇഷ്ടം! അതിന് കൂടുതല്‍ വിശദീകരണം വേണ്ടല്ലോ!
               ഗാര്‍ഹിത ജീവിതം  അര്‍ത്ധവത്തായപ്പോള്‍ പ്രശ്നങ്ങള്‍ പലത്!
        "കൊച്ചിന് പാല് കൊടുക്കേണം,  അവന്‍റെ 'സ പാ സ' ഒഴിവാക്കി ഉറക്കണം! അപ്പോഴും രാത്രിയും, ഉറക്കവും ആയിരുന്നു എനിക്ക് നഷ്ടപ്പെട്ട ഇഷ്ടം!
               "പിള്ളേര് പഠിക്കാന്‍ തുടങ്ങിയപ്പോഴോ!
                            ഓരോ പിഴവിനും അച്ഛന്‍ ഉത്തരവാദി ആണ് എന്ന് എനിക്ക് അറിവുണ്ടായിരുന്നു!
                അത് പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത ഞാന്‍ അപ്പോഴും രാത്രികളെ  ഇഷ്ടപ്പെട്ടിരുന്നു!  
                    എന്‍റെ സൗകര്യം, സുഖ നിദ്ര - അതല്ലോ പരമപ്രധാനം !
              "നിദ്രാ വിഹാനങ്ങളായ രാത്രികള്‍ എന്‍റെ 'ഭൈമി' ഏറ്റെടുത്തു!"
                               കുട്ടികള്‍ പഠിച്ചു പാസ്സായി വന്നപ്പോള്‍, ദൈവ കൃപ കൊണ്ട്
കൊള്ളാവുന്ന ജീവിതവും അവര്‍ക്ക് കിട്ടി.
                                               പിന്നീട് കുട്ടികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും പകലുകളെ ഞാന്‍ ഒഴിവാക്കി -
                      പേരക്കിടാങ്ങള്‍ ഉണ്ടായപ്പോഴും അവരുടെ ചെറിയ കുസൃതികള്‍ ഞാന്‍ ആസ്വദിച്ചിരുന്നു എങ്കിലും, അമ്മൂമ്മയുടെ കൂടുതല്‍ ശ്രദ്ധ അവരില്‍ കേന്ദ്രീകരിച്ചിരുന്നു എന്ന് കണ്ടതിനാല്‍, പകലിനോട് അറിയാതെ ഒരു വിരക്തി "!
                               "അത്‌ എന്തുകൊണ്ട് ?
                                എന്തെന്നാല്‍ പകലുകള്‍ കുട്ടികളുമായി  അവള്‍ കൂടുതല്‍ ഇടപെടുന്നു എന്ന 'സ്വാര്‍ത്ഥ   ചിന്തയില്‍ !
         "മാന്‍ ഈസ് എ സെല്‍ഫിഷ് അനിമല്‍"!  അങ്ങിനെ രാത്രികളെ ഞാന്‍  വീണ്ടും ഇഷ്ടപ്പെട്ടു!
               "പൌത്രന് കെല്‍പ്പായ സമയം മുതല്‍ ഒരാളുടെ ജീവിത ദൌത്യം തീര്‍ന്നു"
      മഹാഭാരതം മുഴുവന്‍ വായിച്ചിട്ടെല്ലെങ്കിലും, സന്ദേശം വ്യക്തമാണ്!
                 പുതിയ തലമുറക്ക് വഴി മാറി കൊടുക്കുക, "പുത്രന്‍ എന്ന വാക്കിന്‍റെ"
  അര്‍ത്ഥവും മനസ്സിലാക്കാന്‍" എന്നെ അത് സഹായിച്ചു!
             ഇത് പണ്ട് എന്‍റെ അച്ഛന്‍ എന്നോട് ചെയ്ത ഒരു 'കൈക്രിയ' ആണ്!
     ഒരു വാക്കില്‍ സംശയം തോന്നുമ്പോള്‍ എന്നോട് 'ഡിക്ഷനറി' നോക്കാന്‍  പറയും. ഞാന്‍ സൌകര്യപൂര്‍വ്വം മെനക്കിടാറില്ല!
                        ഇതേ അടവ് ഞാന്‍ എന്‍റെ മോന്‍റെ അടുത്തും എടുത്തു -
              "അച്ഛന് അറിയാമെങ്കില്‍ പറയു"   അവന്‍ അക്ഷമനായി-
                             ഇപ്പോള്‍ അവന്‍റെ മകളെ 'ഡിക്ഷനറി' നോക്കാനും മറ്റും പഠിപ്പിക്കുമ്പോള്‍, ആ കുട്ടി ചെയ്യുമ്പോഴും, എനിക്കും അവനും ഇല്ലാതിരുന്ന എന്തോ ഒന്ന് കൈവരിച്ചപോലെ ഒരു സന്തോഷം.
                         "രാത്രികള്‍ എനിക്ക് ഏകാന്തത നല്‍കുന്നു." സ്വച്ചന്ത്ധമായി ചിന്തിക്കാനും, എന്‍റെ ലോകത്തില്‍ വ്യവഹരിക്കാനും അവസരം നല്‍കുന്നു.
               ഞാന്‍ എഴുതിവന്നതില്‍ നിന്ന് മാറി പോകുന്നു.
       ജീവതത്തിന്‍റെ നല്ല ശതമാനം ജീവിച്ച് തീര്‍ത്ത എനിക്ക് ആശ്വാസം ഏകുന്നത്   'എ. ഐയ്യപ്പന്‍' എന്നുള്ള മണ്മറഞ്ഞുപോയ ഒരു മലയാള പ്രതിഭയുടെ ചില
എഴുത്തുകളാണ്!
             ഈ വാചകം ഞാന്‍ മുന്‍പേ എഴുതിയിരിക്കാം
                              "നമ്മള്‍ പരിചയപ്പെട്ടവരില്‍ ഉള്ള എല്ലാ നല്ല സുഹൃത്തുക്കളും  വേണ്ടപ്പെട്ടവരും, ഇപ്പോള്‍ ഇവിടെ ഇല്ല, നമ്മള്‍ അവരുടെ അടുത്തേക്കാണ്‌ പോകുന്നത്! പിന്നെ ഞാന്‍ എന്തിന് മരണത്തെ ഭയപ്പെടണം!
          ഭോഗാസക്തി ഉണ്ടായിരുന്ന കാലത്ത് വായിക്കാന്‍ മെനക്കെടാത്ത
   'ഖുറാനും, ബൈബിളും, ഗീതയും' ഒക്കെ വായിക്കാന്‍ ഉള്ള ഒരു വെമ്പല്‍ !
                     "ഓരോന്നിനും ഓരോ സമയമുണ്ടല്ലോ!"
               "ഇതിനെ ആണോ മരണഭയം എന്ന് പറയുന്നത്"!  അറിയില്ല
                      വയലാറിന്‍റെ  വരികള്‍ ഓര്‍ക്കുന്നു ..
           "കൊതി തീരുംവരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ!"
                     "ജീവിക്കുന്നതിന്‌ വലിയ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും യൌവ്വനത്തിന്‍റെ ഊറ്റം കൊണ്ടുമായിരിക്കാം,  ഇതുവരെ ഇങ്ങനെ ഒക്കെ തോന്നാഞ്ഞത് !"

 --------------------------------------------------------------------------------------------------
     



             


            

Thursday, July 17, 2014

a new entry


                             സുഗത കുമാരി ടീച്ചറിന്‍റെ‘ഒരുതൈ നടാം’ എന്ന കുട്ടികള്‍ക്ക് വേണ്ടി എഴുതിയ പാട്ടാണ് എന്നേ,അവര്‍ പറയുന്നുള്ളൂ എങ്കിലും,അതിന്‍റെ സാരാംശത്തില്‍ ഞാന്‍ ആകൃഷ്ടനായി.
    ഇത് മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒരു കൃതി അല്ല എന്ന് എനിക്ക് തോന്നി. നമ്മുടെരാജ്യത്ത് ഒട്ടടക്കംനമ്മുടെ വരും തലമുറകള്‍ക്ക് തോന്നാന്‍ പ്രചോദനം ഏകുന്ന ഒരു ‘ഉണര്‍ത്തു പാട്ട്’!
    അതിനാല്‍കുത്തിയിരുന്ന് എന്‍റെ ഭാഷാ ജ്ഞാനം വെച്ച് അത്‘ഇമ്ഗ്ലീഷിലേക്കും’, ഹിന്ദിയിലേക്കും പരിഭാഷ ചെയ്യാന്‍ ഒരു ശ്രമം
നടത്തി.
   അപര്യാപ്തതകള്‍ ഉണ്ടാകാം. ക്ഷമിക്കുക.
മലയാളത്തിലുള്ള പാട്ടിന്‍റെ വരികള്‍ ചുവടെ എഴുതുന്നു.

അടുത്ത പേജില്‍ എന്‍റെ ഉദ്യമവും!



ഒരു തൈ നടാം

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക്‌ വേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി 
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി.

ഇത് പ്രാണവായുവിനായി നടുന്നു
ഇത് മഴക്കായി തൊഴുതു നടുന്നു anslated
അഴകിനായ്തണലിനായ് തേന്‍ പഴങ്ങള്‍ക്കായ്
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു.

ചൊരിയും മുലപ്പാലിന്‍ ഓര്‍മ്മയുമായി
പകരം തരാന്‍ കൂപ്പുകൈമാത്രമായി
ഇതു ദേവി ഭൂമിതന്‍ ചൂടല്‍പ്പമാറ്റാന്‍
നിറകണ്ണുമായി ഞങ്ങള്‍ ചെയ്യുന്ന പൂജ.


---------------------------------------------------------------------

 translated English version  

Sow a seed for mother earth
Sow a seed for your children
Sow a seed for hundreds of birds
Sow a seed for a better tomorrow.

For my own breath am planting this
For rain in monsoon am planting this
For the favoured fruits and shades you provide
Today am sowing hundred seeds.

For the divine breast milk I had
Nothing in return but folded hands
Happy with offerings and prayers I made
If this can bring down the raising heat and greed!

--------------------------------------------------------------------------

           

Thursday, June 19, 2014

എമ്പ്രാന്തിരി മുത്തച്ഛന്‍

             ഞാന്‍ എഴുതാന്‍ പോകുന്നത് എന്‍റെ കോച്ചും നാളിലെ ചില ഓര്‍മ്മകള്‍ ആണ്.!
                      അതിനെക്കുറിച്ച്  ആലോചിക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട്, നായരുടെയും, നംബൂരിയുടെയും, നാരയണീയന്‍റെയും, നസ്രാണി യുടെയും   എന്തിന് മൌലവിയുടെയും കുറേ തലമുറകള്‍ പുറകോട്ട് ചികഞ്ഞാല്‍ നമ്മള്‍ ഒക്കെ 'ചേട്ടാനിയന്‍ മക്കള്‍' ആയിരന്നിരിക്കാം  എന്ന്!
               എന്‍റെ ബന്ധത്തില്‍ അനേകം പേരുണ്ട് അന്യ മതങ്ങളില്‍ നിന്ന്, അന്യ  ജാതിയില്‍ നിന്ന് വിവാഹം കഴിച്ചവര്‍! അത് അവരുടെ വ്യക്തിഗത പ്രശ്നം അല്ലെങ്കില്‍ സൗകര്യം എന്നല്ലാതെ ഞങ്ങള്‍ ആരും അതില്‍ വേറൊന്നും കണ്ടിട്ടില്ല! ചിലര്‍ ആ മതത്തിലേക്ക് വിശ്വാസം അര്‍പ്പിച്ചു അങ്ങോട്ട്‌ പോയി, ചിലര്‍ ഇങ്ങോട്ട് വന്നു! മതം എന്ന വാക്കിന്‍റെ അര്‍ഥം തന്നെ 'അഭിപ്രായം' എന്നാണല്ലോ!
                          ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം! ഒരറുപത് കൊല്ലം പഴക്കം ഉണ്ട് എന്ന് നിരീച്ചോളൂ!
                   എന്‍റെ അച്ഛന്‍റെ അച്ഛന്‍ ഒരു 'എമ്പ്രാന്തിരി' ആയിരുന്നു - അദ്ദേഹം എന്‍റെ വീട്ടിലേക്കു വന്നിരുന്ന രംഗമാണ് ഓര്‍ക്കുന്നത് !
                വരവേല്‍പ്പിനെ പൊലിപ്പിക്കാന്‍ നടത്തിയ ഒരുക്കുകൂട്ടുകള്‍ !
                       'മീന്‍ വെച്ചിരുന്ന കല്‍ച്ചട്ടി, കലം, ചീനച്ചട്ടി മുതലായവ എല്ലാം 'ഉരപ്പുരയിലേക്ക്' മാറ്റപ്പെടുന്നു !  
                'മുറ്റവും വീടും' എല്ലാം തൂത്ത് വൃത്തിയാക്കപ്പെടുന്നു !"
                           മൊത്തം ബഹളം!
                 കാറില്‍ വന്നിറങ്ങിയ ഈ പ്രത്യേക ജീവിയെ ഞാന്‍ ദൂരെ നിന്ന് നോക്കി!
             "പനയോലക്കുടയും ചൂടി വീട്ടിലേക്കു ആഗമിക്കുന്ന കുചേല വൃത്തം കഥകളി ഓര്‍മിപ്പിക്കുന്ന ഒരു 'വയോ ബ്രാഹ്മണന്‍' !
                        "ഇത്രയും വലിയ ആ പനയോലക്കുട മടക്കാതെ എങ്ങിനെ ആ കാറില്‍ കൊണ്ടുവന്നു എന്നതായിരുന്നു എന്‍റെ കൌതുകം!
                  "എന്താടോ"  എന്ന ഒരു ചോദ്യമാല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു ആശയ വിനിമയവും നടന്നില്ല!
                "വെള്ളവും ചായയും അല്ലാതെ ഒന്നും തന്നെ ഞങ്ങളുടെ വീട്ടില്‍ നിന്ന്
അദ്ദേഹം കഴിക്കുകയില്ല പോലും!
                ആഹാരത്തിനും വിശ്രമത്തിനും ആയി അമ്പലത്തിന് അടുത്തുള്ള ഒരു
ആഗ്രഹാരത്തിലാണ്, മൃഷ്ടാന്ന ഭോജനത്തിനുള്ള ഏര്‍പ്പാട്!
                 ആ ഇല്ലത്തില്‍ എന്‍റെ സാദൃശ്യം ഉള്ള വല്ല കുരുന്നുകളും ഉണ്ടോ എന്ന് പിന്നീട് ഞാന്‍ സ്വന്തമായി ഒരു ഗവേഷണം നടത്തിയിട്ടുണ്ട്!
                        "ജ്ഞാനമുള്ള ഒരു കാര്‍ന്നോര്‍! ഉരുളക്ക്‌ ഉപ്പേരി പോലെ മറുപടി പറയാനുള്ള കെല്‍പ്പ്"
                          എനിക്കെന്തോ ഒറ്റ നോട്ടത്തില്‍ ആളെ ഇഷ്ടമായി!
        ഇടനേരത്ത് കഴിക്കാനുള്ള വറുത്ത അണ്ടിപ്പരിപ്പും, വറ്റലും എല്ലാം കൈയ്യില്‍ കൊണ്ട് വന്നിരുന്ന ആ തുണി സഞ്ചിയില്‍ ഇഷ്ടം പോലെ കരുതിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി!
                    ഇത് തിന്നുമ്പോള്‍ കണ്ണും അടച്ച് ആസ്വദിച്ച് തിന്നുന്ന ഒരു സ്റ്റൈല്‍ ആയിരുന്നു തിരുമേനിയുടെത്!
                പില്‍ക്കാലത്ത് ഈ സ്വഭാവം എന്‍റെ വീട്ടിലുള്ള പലരിലും ഞാന്‍ കണ്ടിട്ടുണ്ട്!
               ഇതെല്ലാം മാറി നിന്ന് നോക്കി കണ്ടിരുന്ന എന്നെ വിളിച്ച് ചിലപ്പോള്‍
അതില്‍ പങ്കുചേരാന്‍ ക്ഷണിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു!
                                 എന്തായാലും ഒരു കാര്യം വ്യക്തം.
        അന്നത്തെ കാലത്ത് മുത്തച്ഛന്‍ തിരുമേനിയും ആറു മക്കളുമായി ഒരു വീട്ടില്‍ തന്നെ കഴിയാന്‍ ഇടയാക്കിയ എന്‍റെ അമ്മൂമ്മക്ക് ഒരു 'താത്രിയുടെ' ചില കെല്‍പ്പുകള്‍ എങ്കിലും ഉണ്ടായിരുന്നിരിക്കണം!
                      'എമ്പ്രാന്തിരി മുത്തച്ഛന്‍റെ' പുരയിടങ്ങളിലെ തേങ്ങ ഇടീക്കാന്‍ പോയിരുന്നത് എന്‍റെ അച്ഛന്‍ ആയിരുന്നു. പലപ്പോഴും ഞാനും കൂടെ പോകാറുണ്ടായിരുന്നു.
             ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പിലെ കുറച്ചു തേങ്ങകള്‍ എടുത്ത്,  കുടിയാന്മാര്‍ ഗതികേട് കൊണ്ട് അത്യാവശ്യങ്ങള്‍ നടത്തുമായിരുന്നു.
        പക്ഷെ തെങ്ങ് കയറുന്ന  ദിവസങ്ങള്‍ വിഭിന്നം ആയിരുന്നു അവര്‍ക്ക് !
                                  അങ്ങിനെ പിരിക്കപ്പെട്ട ആ തേങ്ങാ മോഷണത്തിന്‍റെ  ഉത്തരവാദിത്വവവും   അവരില്‍  അര്‍പ്പിക്കപ്പെട്ടിരുന്നു!
                         ഉച്ച വരെ തെങ്ങ് കയറ്റം. അതുകഴിഞ്ഞ് പെറുക്കി കൂട്ടിയിരിക്കുന്ന തേങ്ങകളില്‍ നിന്ന് കുലഞ്ഞില്‍ വെട്ടി മാറ്റപ്പെടും.
         അതില്‍ ചില കുലഞ്ഞിലുകള്‍, വേറെ ഒരു വശത്തേക്ക് മാറ്റി ഇടും!
       അതെന്തിനായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്!
               തേങ്ങ മോഷണം പോയ കുലഞ്ഞിലുകള്‍! അങ്ങിനെയുള്ള  കണക്കിനെ ആ പ്രദേശത്ത് 'പരിക്ക്' എന്നാണ് അറിയപ്പെട്ടിരുന്നത്!
                 മോഷണം പോയ തേങ്ങകളില്‍ കൂടി ഉടമക്ക് ഉണ്ടായ നഷ്ടം എന്ന നിഗമനത്തില്‍ നിന്ന് ആയിരിക്കാം ഈ 'പരിക്ക്' എന്ന പ്രയോഗം വന്നത്!
              ഞങ്ങളുടെ നാട്ടില്‍ അതിനെ "പിരിവ്" എന്നാണ് പറയപ്പെട്ടിരുന്നത്!
                 എത്ര തേങ്ങകള്‍ പിരിച്ചെടുക്കപ്പെട്ടു, നഷ്ടം വന്നു എന്ന ഒരു കണക്ക്!
            തേങ്ങ കൈകൊണ്ട് പലവട്ടം തിരിച്ചാല്‍ അവ അടര്‍ന്നു വരും എന്ന് പില്‍ക്കാലത്ത് ഞാന്‍ മനസ്സിലാക്കിയപ്പോള്‍, മിട്ടായിയും സര്‍ബത്തും മേടിക്കാനുള്ള പങ്കപ്പാടില്‍, എന്‍റെ നാട്ടിലെ ചെറിയ തെങ്ങുകളിലും
ഇതൊക്കെ സംഭവിക്കാന്‍ ഇടയായി!
                  ഇതെല്ലാം ഞാന്‍ എഴുതുന്നത്, ഫ്ലാറ്റിലും, അഞ്ചും പത്തും സെന്റില്‍, സിറ്റിയില്‍ താമസിക്കുന്നതും ആയ എന്‍റെ പുതിയ തലമുറക്കാരായ 'ബ്ലോഗ്‌' സുഹൃത്തുകള്‍ക്കു വേണ്ടി ആണ്! ഇതെല്ലാം അറിയാവുന്നവര്‍ ക്ഷമിക്കുക .
                       ഞാന്‍ എഴുതിയതിലേക്ക് വരട്ടെ.
        ആ തേങ്ങ ഇടീല്‍ കാഴ്ച്ചയുടെ അടുത്ത രംഗം. കയറിയ തെങ്ങുകളുടെ എണ്ണം, ഒരു പച്ചോലയുടെ നീളത്തില്‍ അത് മടക്കി ഉണ്ടാക്കപ്പെടുന്ന അടയാളങ്ങളെ ആസ്പദമാക്കി കൂട്ടുന്നതാണ്!
     ഓരോ തെങ്ങ് കയറി ഇറങ്ങുമ്പോള്‍, ആ ഓല ഒന്ന് മടക്കി എണ്ണം കുറിക്കും!
               അതിനിടയില്‍ നേരത്തെ വെട്ടിയിട്ടിരുന്ന 'ഇളനീര്‍' ചെത്തി കുടിക്കാവുന്ന പരുവത്തിലാക്കി ഉടമയുടെ മുന്നില്‍ എത്തിക്കും.
         പിന്നെ തേങ്ങ എണ്ണുന്ന പ്രക്രിയ ആണ്. അതിനും അതിന്റേതായ ഒരു രീതി ഉണ്ടായിരുന്നു!
     മുന്നിലും പിന്നിലുമായി കാലുകള്‍ വെച്ച് രണ്ട് കൈകളും കൊണ്ട് ഈരണ്ട് തേങ്ങകള്‍ പങ്കായം തുഴയുന്നപോലെ പിന്നിലേക്ക്‌ തള്ളും. എണ്ണം ഉറക്കെ ഒരു നാടന്‍ പാട്ട് പോലെ പാടി നീങ്ങുന്ന ഒരു ദൃശ്യം!
            അത് ഒരു മുഹൂര്‍ത്തമായി എന്നൊരു വിളംബരം കേട്ട പോലെ, ആ ഉടമസ്ഥതയില്‍ ഉള്ള 'കുടിയാന്മാര്‍' കുടുംബസമേതം ആ മുറ്റത്ത് കൂടും.
                 പിന്നെ തെങ്ങ് കയറിയ ആളുകളുടെ തലവന്‍റെ  ഒരു പ്രഖ്യാപനമാണ്.
                           മൊത്തം തേങ്ങകള്‍ ഇത്ര - 'പരിക്ക് ഇത്ര'!
              ആ പ്രഖ്യാപനത്തോടെ വന്ന ജനക്കൂട്ടം, വാവിട്ട് നിലവിളിക്കാന്‍ തുടങ്ങും -
               "ഒരു ഗതിയും ഇല്ലാഞ്ഞിട്ടാ, അങ്ങേരെ ഒന്നും ചെയ്യല്ലേ!" എന്ന് തോറ്റം പറയുന്ന പോലെയുള്ള നിലവിളികള്‍!
                    "ഇനി ഇത് ആവര്‍ത്തിക്കരുത്, ഓരോരുത്തരും ഈരണ്ട് തേങ്ങകളും
എടുത്തു പൊയ്ക്കോളൂ"   അച്ഛന്‍റെ തീരുമാനം!
              ഈ കാഴ്ചകള്‍ എല്ലാം കണ്ട് ഒന്നും പിടികിട്ടാഞ്ഞ ഞാന്‍ അമ്മയോട് ചോദിച്ചപ്പോള്‍ ആണ് പലതും വ്യക്തമായത്.
                 എന്‍റെ അമ്മ വിവാഹം കഴിഞ്ഞ് അവിടെ എത്തിയ നാളുകളില്‍ അമ്മ പോലും കണ്ട് നടുങ്ങിയ ചില ദൃശ്യങ്ങള്‍.
                അന്നുണ്ടായിരുന്ന ആ 'പരിക്കുകള്‍ക്കെല്ലാം' എല്ലാ കുടിയാന്മാരും
ഒരേ പോലെ ഉത്തരവാദികള്‍ ആയിരുന്നു. അതിനുള്ള ശിക്ഷയോ!
             കുടിച്ച് തീര്‍ത്ത കരിക്കില്‍ കൂടി കൈയിട്ട് ഓരോ കുടിയാന്‍റെയും
പുറത്ത് ഇടിക്കുക! 'ബോക്സിംങ്ങ് ഗ്ലൌസ്' ഇട്ട പോലെ!  എടുത്തവന്‍ ആരാണ് എന്ന് അറിയാത്തതിനാല്‍ ശിക്ഷ എല്ലാപേര്‍ക്കും ഒരുപോലെ!
 മൊത്തം നഷ്ടപ്പെട്ട തേങ്ങകളുടെ എണ്ണത്തിനെ കുടിയാന്മാരുടെ എണ്ണം കൊണ്ട് ഹരിച്ച്‌ കിട്ടുന്ന ശരാശരിയാണ് ശിക്ഷ നിര്‍ണയിക്കുന്നതിന്റെ ഫോര്‍മുല! പേര് വിളിക്കുമ്പോള്‍ സവിനയം വന്ന് എറ്റുവാങ്ങേണ്ട അവസ്ഥ!
                അപ്പോള്‍ അവരുടെ വേണ്ടപ്പെട്ടവര്‍ നെഞ്ചത്തടിച്ചു നിലവിളിക്കും!
                                 അതായിരുന്നു പണ്ട് നടന്നിരുന്നത്!
                    "അമ്പലങ്ങളും 'ശാന്തിയും' ആയി നടന്നിരുന്ന മുത്തച്ഛന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലായിരിക്കാം.
                 "ഇനി  ഇവിടെ ഇങ്ങനെ ഒന്നും നടക്കാന്‍ പാടില്ല" എന്ന കല്‍പ്പന ഇട്ടതും
മുത്തച്ഛന്‍ ആയിരുന്നു എന്നും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്!
                        "രാജാവിനെക്കാള്‍ രാജ്യസ്നേഹം തോന്നിയ മക്കള്‍ ഉണ്ടായത്  കൊണ്ടാകാം അങ്ങിനെയൊക്കെ സംഭവിച്ചത്!"
               വക്കീലായിരുന്ന എന്‍റെ അച്ഛനും പല മാറ്റങ്ങള്‍ ഉണ്ടായിക്കാണാം.
                             കേരളത്തില്‍ ഭൂനിയമം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ,  എമ്പ്രാന്തിരി മുത്തച്ഛന്‍റെ കുടിയാന്മാര്‍ക്കെല്ലാം അവരര്‍ഹിക്കുന്ന സ്ഥലം വിട്ട് നല്‍കാനുള്ള താല്‍പര്യത്തില്‍, അച്ഛനും മുന്‍കൈ എടുത്തു.
             "ഒരു മുഴം മുന്നേ എറിഞ്ജതാണോ എന്നറിയില്ല!"
     എന്തായാലും മുത്തച്ഛനും അച്ഛനും ആ നാട്ടിലെ മാതൃക പൌരന്മാരായി !
                     മുത്തച്ഛന്‍റെ അവസാന നാളുകളില്‍ എന്‍റെ അച്ഛന്‍റെ  അനിയന്‍ അദ്ദേഹത്തെ ഏറ്റെടുത്ത് തിരുവനന്ദപുരത്ത് താമസിക്കുന്ന സമയം.
              അപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നപ്പോഴും അദ്ദേഹം എന്നെ മറന്നിരുന്നില്ല എന്ന് മനസ്സിലായി.
                            "നീ രാഘവന്‍റെ മോനല്ലേ!"
         ജനുസ്സുകളെ മനസ്സിലാക്കാന്‍ ഉള്ള പ്രത്യേക കഴിവായിരിക്കാം!
                      അപ്പോള്‍ അങ്ങേരും അവിടുന്ന് കിട്ടുന്ന ആഹാരത്തിലും, മരുന്നിലും, സൌകര്യത്തിലും സംതൃപ്തന്‍ ആയിരുന്നു! അഗ്രഹാരവും വേണ്ട, മാമൂലും വേണ്ട!  ചെറുമക്കളുടെ തമാശയിലും സന്തോഷത്തിലും ജീവിതം ആസ്വദിക്കുന്ന ഒരു സാധാരണക്കാരന്‍!
                 പുല്ലു വരെ തിന്നുന്ന പുലിയെപ്പോലെ !
            പിന്നീട് ഞാന്‍ വളര്‍ന്ന പല സാഹചര്യങ്ങളിലും എന്നെ എന്‍റെ അച്ഛന്‍റെ വീട്ടുകാര്‍ ആ മുത്തച്ഛന്‍റെ സ്വഭാവം  താരതമ്യപ്പെടുത്തി എന്നെക്കുറിച്ച്
 പറയുന്നത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്!
             "നന്ദി  എമ്പ്രാന്തിരി മുത്തച്ഛ", അങ്ങയുടെ അറിവിനും അതില്‍ക്കൂടി എനിക്ക് കിട്ടിയ കഴിവിനും".
                 ഇതെല്ലാം എന്‍റെ മാത്രമായ കാര്യങ്ങളും കാരണങ്ങളും ആണ്.
                       പക്ഷെ ഇതില്‍ ഒരു കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ട്!
          ഞാന്‍ എന്നുള്ള പ്രദിപാദ്യം ഒഴിവാക്കി ഇത് വായിക്കുക -
                                        സഹിച്ചതിന്  നന്ദി!
------------------------------------------------------------------------------------------------------

Tuesday, May 27, 2014

മോഡിയുടെ ഹസ്തദാനം!

                           നരേദ്ര മോഡിയുടെ ആദ്യ ദിവസം 'നവാസ് ഷരീഫുമായി' നടത്തിയ ആ 'ഷേഖ്ഹാന്‍ഡ്‌ ' - അതിന്‍റെ മീഡിയയില്‍ കണ്ട ദൃശ്യം എനിക്ക് ഒത്തിരി ഇഷ്ടമായി - വരവിലുള്ള ഔപചാരികമായ 'കൈ കൊടുക്കലിനും സ്വാഗതത്തിനും ശേഷം, പുറകില്‍ കൂടി മോഡി തന്ത്രപൂര്‍വ്വം അപ്പുറത്തെ
വശത്തേക്ക് മാറുന്നു!  
              പിന്നീടുള്ള ഔദ്യോഗികമായ  കൈകൊടുക്കലില്‍ , കാമറയില്‍ കൂടി നമ്മള്‍ കാണുന്നത് ' ഒരു തണുത്ത ഹസ്തം ബലവത്തായ മോഡിയുടെ കൈകളാല്‍ ആവരണം ചെയ്യപ്പെടുന്ന ഒരു ദൃശ്യമാണ്'!
                അതിന്‍റെ കുറെ ക്ലോസപ്പുകളും!!
                             "ക്ഷയായി.."
       പാവം 'ഷരിഫ്' തിരിച്ചു ചെല്ലുമ്പോള്‍ പാക്കിസ്ഥാനിലെ ജനാധിപത്യം   കാംഷിക്കാത്ത ആതങ്ക വാദികളും അവര്‍ക്ക് ഓശാന പാടുന്ന വിഭാഗങ്ങളും കൂടി ഇതിന്‍റെ പേരില്‍ അങ്ങേരുടെ 'സൌസര്‍' വരെ ഊരുമോ ആവോ!
                  "ഷരീഫിന്‍റെ പത്ര സമ്മേളനം' അത് കഴിഞ്ഞിട്ട് ഉണ്ടാകും എന്ന് കേട്ടിട്ടും, അതിയാന്‍ ഒരവസരം ഉണ്ടാക്കാതെ മുങ്ങി!
                     വൈകുന്നെര വാര്‍ത്തയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാക്കിസ്ഥാനി ബുദ്ധിജീവികളും പറഞ്ഞു -
               "ആദി ഊതി പെത്താന്‍, നമുക്ക് ആദ്യം മുതല്‍ കളിക്കാം. പഴയതൊക്കെ പോട്ടേ മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് പറയൂ. ഞങ്ങളും നിങ്ങളെപ്പോലെ പീഡിതരാണ്!
           നിരത്തുന്ന ന്യായ വാദങ്ങളോ - നമ്മുടെ അഭ്യന്തര പ്രശ്നങ്ങളുടെ
ഒരു പരമ്പരയും!
                 ഇന്നലത്തെ തെറ്റുകള്‍ തിരുത്താതെ, നിയമ വാഴ്ചകള്‍ക്കു ഇടം നല്‍കാതെ, നമുക്ക്
                "ആദി ഊതി പെത്താന്‍, ആദ്യം മുതല്‍ കളിക്കാം എന്ന സമീപനം"
                   "ഇന്ത്യന്‍ ഭരണ സിരാകെന്ദ്രത്തില്‍ ഒരാക്രമണം നടന്നതിനെ, സാധൂകരിക്കുന്ന പോലെ , കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാനുള്ള യത്നം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ!
      ഒരു ജനതയുടെ ഗതികേടേ!    
 --------------------------------------------------------------------------------------------------------


Thursday, May 22, 2014

ചിരകാല അഭിലാഷം !

                   എന്‍റെ വീട്ടില്‍ ഒരുപാട് എഴുത്ത്കാരുണ്ട്!  ചെറുപ്പം മുതല്‍ എന്‍റെ ഒരാഗ്രഹമായിരുന്നു എനിക്കും എഴുതാന്‍ പറ്റും എന്ന് തെളിയിക്കണം എന്നുള്ളത്. അന്ന് ഏതാണ്ടൊക്കെ എഴുതി പത്രമാഫീസിലേക്ക്‌ അയക്കുകയും മടക്ക തപാലില്‍ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്!
               പിന്നീട്  'കാരവനിലും',  'ഗള്‍ഫ് മാതൃഭൂമിയിലും'  ഞാന്‍ എഴുതിയ ഒന്ന് രണ്ട് കഥകള്‍ പ്രസിദ്ധീകരിച്ചു വന്നു. അതോടെ ഞാന്‍ ആ പ്രയത്നം ഉപേക്ഷിച്ചു.
          ഇപ്പോള്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍, പഴയ കുത്തിക്കുറിപ്പുകള്‍  തപ്പി എടുത്ത്, ചെത്തി മിനുക്കി ഒരു പരുവത്തിലാക്കി. എന്നിട്ടും പോരായ്മകള്‍ തീര്‍ന്നിട്ടില്ല എന്ന് മനസ്സിലാക്കാന്‍ ഇടയാക്കിയ ഒരു 'ഇ-മെയില്‍' സന്ദേശം
ഞാന്‍ വെളിപ്പെടുത്താം!    

K L MOHANA Varma varma.klmohana@gmail.com

Mar 30
to me
Dear Raghu,
I have gone through the work. You have a wonderful talent for storytelling.
With your wide experience and ability to put characters in proper position, fact or fiction is immaterial, you can be an asset to our literature. But it requires two things. One, ability to delete even the best of material from the story if it is not directly relevant. Second, please re-arrange the matter, replace repetitions in commonly used words, and  edit unsympathetically the entire matter yourself as if it is a new work given to you for making the press copy.
I am sure the humour, outsider outlook and pleasant style will give you a higher pedal in the field. 
And dont believe what all our friends tell about our work. They are good people and they like us. But they may not have probbaluy read us.  
I would be sending the Foreword within a week.

          ഞാന്‍ എഴുതിയതിനെ നിഷ്പക്ഷമായി നോക്കി!.   എഴുതുന്ന ആള്‍, എഴുതി കാട് കേറാന്‍ സാധ്യത ഉണ്ടെന്നുള്ള തിരിച്ചറിവ് കിട്ടി! 
                  ഞാന്‍ എന്‍റെ ചെയ്തി പിന്നെയും വെട്ടിച്ചുരുക്കി. ആവര്‍ത്തിച്ചു വായിച്ചു!
           എന്നിട്ട് :"ശ്രീകുമാരി രാമചന്ദ്രന്‍" എന്നുള്ള എഴുത്തുകാരിയുടെ അവതാരികക്കായി  ഞാന്‍ അയച്ചു കൊടുത്തു.
   (അറിയപ്പെടുന്ന ഒരു എഴുത്തുകാരി)  അവരുടെ അഭിപ്രായവും ചുവടെ ചേര്‍ക്കുന്നു.
                    
                                                                                                                                     അവതാരിക     
 
           മലയാള ചെറുകഥാ പ്രസ്ഥാനം പരിവര്‍ത്തനത്തിന്‍റെ വഴിയിലൂടെയേ സഞ്ചരിച്ചിട്ടുള്ളൂ. ഇന്ന് ജനപ്രിയം എന്ന് തോന്നുന്ന ആശയസ്വരൂപങ്ങുളുടെയും ആവിഷ്കാരസ്വഭാവങ്ങളുടെയും പരിസരത്തില്‍ ‘രഘു മേനോന്‍റെ’ കഥകള്‍ വേറിട്ട്‌ നില്‍ക്കുന്നു.
വായനയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ലെങ്കിലും വായിച്ച് വിസ്മരിക്കാവുന്ന കഥകളല്ല അദ്ദേഹത്തിന്‍റെ രചനകള്‍. ആക്ഷേപഹാസ്യത്തില്‍ ചാലിച്ച ജീവിത യാഥാര്‍ത്ധ്യങ്ങള്‍  
ആണ് ഈ കഥകളില്‍പ്രതിഫലിക്കുന്നത്. വി.കെ.എന്‍ ശൈലിയിലുള്ള ചില മിന്നായങ്ങള്‍ എന്‍റെ അസ്വാദനകൌതുകത്തെ ത്രുപ്തിപ്പെടുത്തുന്നുണ്ട്. ചില ബഷീറിയന്‍ പ്രയോഗങ്ങളും രസം പകരുന്നുണ്ട്.
      പ്രകരോണചിതമായ ബിംബങ്ങളുടെ വടിവുകള്‍ ഈ കഥകളില്‍ കണ്ടെന്നു വരില്ല. അതെ സമയത്ത് വായനക്കാരന്‍റെ പ്രതിബോധം ആളിക്കത്തിച്ച് അവനെ ആസ്വാദനത്തിന്‍റെ അനന്തമായ ആകാശങ്ങളിലേക്ക് ഉയര്‍ത്താന്‍ ഈ സമാഹാരത്തിലെ ഓരോ കഥക്കും കഴിയുന്നുണ്ട്.
      കാലത്തിന്‍റെ പ്രഹേളികാസ്വഭാവത്തെ അനാവരണം ചെയ്യുന്നതില്‍ രഘു മേനോന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണ യഥാര്‍തധ്യങ്ങളിലെക്ക് കഥാകാരന്‍റെ മനസ്സ് ഇറങ്ങിച്ചെല്ലുന്നുമുണ്ട്. സ്വതന്ത്രമായി തലയുയര്‍ത്തിനില്‍ക്കാന്‍
യോഗ്യതയുള്ള ഈ കഥകള്‍ക്ക് അവതാരികയുടെ പിന്‍ബലം ആവശ്യമുണ്ടോ എന്നാണ് എന്‍റെ സംശയം.അതിനാല്‍ രഘു മേനോന്‍റെ ഭാവനാരാമത്തില്‍ ഇനിയും പുതിയ പുതിയ ആശയങ്ങള്‍ മൊട്ടിട്ടു വരട്ടെ എന്നാശംസിച്ചുകൊണ്ട്


എറണാകുളം                       ശ്രീകുമാരി രാമചന്ദ്രന്‍
24-4-2014     

                                         ഡി. സി ബുക്ക്സ്,   തിരഞ്ഞെടുത്ത എന്‍റെ ചില 'ബ്ലോഗ്‌' കഥകള്‍ പ്രസിദ്ധീകരിക്കാം,എന്ന് അതിലെ ഒരു 'എഡിറ്റര്‍' സമ്മതിച്ചിട്ടുണ്ട് - കൂടാതെ പട്ടാള കഥകള്‍ 'സാധാരണ ജവാനില്‍' നിന്ന് ഇംഗ്ലീഷില്‍ ഇല്ലാത്തതിനാല്‍, ഈ മലയാളം പട്ടാള കഥകളുടെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനവും അവര്‍ പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു! വെട്ടിക്കുറിച്ചും, തിരുത്തിയും ,  അതും നടക്കുന്നു.
                               ഇതെല്ലാം ഞാന്‍ ഏകിയത് നിങ്ങളിലൂടെയാണ്! നിങ്ങള്‍ നല്‍കിയ പ്രചോദനത്തിലൂടെ
         നിങ്ങള്‍ എന്നെ സഹിച്ചിരുന്നില്ല  എങ്കില്‍ - ഇതൊക്കെ ചിന്തക്കും അപ്പുറത്തായിരുന്നു.
                    നന്ദി വായനക്കാരെ, നന്ദി !
                                     ഇനി ഒരു കാര്യം കൂടി ഞാന്‍ എഴുതിക്കോട്ടെ -
            പല ബ്ലോഗ്‌ എഴുത്തുകളിലും എന്തെങ്കിലും മറുപടി എഴുതാം എന്ന് വിചാരിച്ച് ശ്രമിക്കുമ്പോള്‍     കുറെ തടസ്സങ്ങള്‍ ആണ് ! നീ ആ വഴി വാ, ഈ വഴി പോ!  യൂസര്‍ നെയിം, മെയില്‍ ഐ.ഡി. ഈ തടസ്സങ്ങള്‍ നീക്കി എഴുതാനുള്ള  പ്രയാസങ്ങള്‍ നോക്കുമ്പോള്‍, എഴുതാന്‍  വിചാരിക്കുന്നവന്‍ പിന്തിരിയും!  അറിയപ്പെടുന്ന ആളുകള്‍ ഈ 'ഗിമിക്ക്' കാണിക്കാറുണ്ട് എന്നറിയാം. ആര്‍ക്കാ ഇതിനെല്ലാം മറുപടി എഴുതാന്‍ സമയം എന്ന സമീപനം! ഇതൊന്നും അല്ലാത്തവര്‍ കാണിക്കുമ്പോള്‍ 'കുളിച്ചില്ലേലും എന്‍റെ തുണി കൂടെ അവിടെ കിടക്കട്ടെ എന്ന പോലെ തോന്നുന്നു!


---------------------------------------------------------------------------------------------------------------------------------------------------------------

Wednesday, May 7, 2014

ഒരു നിരീക്ഷണം

                                  ഞാന്‍ ഇരുപത് കൊല്ലത്തോളമായി നാട്ടില്‍ നിന്ന് അകന്ന്‍ ജീവസന്ധാരനത്തിനായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാളാണ്.
                                  എന്‍റെ കുട്ടികള്‍ വളര്‍ന്നു വന്നപ്പോള്‍ വീട്ടില്‍ മലയാളം സംസാരിക്കണം എന്ന് ഭാര്യയും  ഞാനും നിഷ്ക്കര്‍ഷത പുലര്‍ത്തിയിരുന്നു.                              ഇംഗ്ലീഷ്, അവര്‍ സ്കൂളില്‍ പോകുന്നതിനനുസരിച്ച് പഠിച്ചോളും കൂട്ടുകാരുടെ സംബര്‍ക്കത്താല്‍! ഈ അടുത്തകാലത്താണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്!
                      കേരളത്തില്‍ നിന്ന്, ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിനു മലയാളികള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത തലമുറക്കാരായ അവരുടെ മക്കള്‍ നല്ല മലയാളം സംസാരിക്കറും ഉണ്ട്.
                 അമ്മമാരുടെ ഇടപെഴകല്‍ കൊണ്ടാകാം.മലയാളം സിനിമ ചാനലുകളുടെ അതിപ്രസരം കൊണ്ടാകാം! പക്ഷെ ഒരു പ്രത്യേകതയുണ്ട്.
നല്ല വള്ളുവനാടന്‍ ശൈലിയില്‍ (അതാണല്ലോ പ്രകീര്‍ത്തിക്കപ്പെടുന്നത്) മലയാളം സംസാരിക്കുന്ന പലര്‍ക്കു പോലും അതെഴുതാനോ വായിക്കാനോ അറിയില്ല!
                  ഒരുദാഹരണം ഞാന്‍ പറയാം, നമ്പ്യാരുടെ തുള്ളല്‍ പാട്ടുകളും, എഴുത്തച്ഛന്‍റെ വചനങ്ങളും, പഴമോഴികളും തന്മയത്തത്തോടെ ഉദ്ധരിച്ച് വര്‍ത്തമാനം പറയുന്ന ഒരാള്‍ക്ക്‌ ഞാന്‍ ഒരു പുതിയ മലയാളം പുസ്തകം
വായിക്കാന്‍ നല്‍കിയ അവസരത്തില്‍, അയാള്‍ പറഞ്ഞ മറുപടി-
      "അങ്കിള്‍ ഐ നോ മലയാളം. ബട്ട് ഐ ഡോണ്ട് നോ ടു റൈറ്റ് ഓര്‍ റീഡ് ഇറ്റ്!"
                ഞാന്‍ അത്‌ഭുതസ്തബ്ധനായി! ആദ്യകാലങ്ങളില്‍ ഞാനിത് ഒരൊറ്റപ്പെട്ട
സംഭവമായി കരുതി - ഇപ്പോള്‍ അത്‌ സര്‍വ സാധാരണമായിരിക്കുന്നു!
          ഇക്കൂട്ടര്‍ എണ്ണത്തില്‍ കുറച്ചൊന്നും അല്ല- ഓരോ കൊല്ലം കഴിയുംതോറും
ഈ എണ്ണം ലക്ഷങ്ങളായിട്ടാണ് പെരുകുന്നത്!
                   ഇനി അവരുടെ അടുത്ത തലമുറ വലുതാകുമ്പോള്‍ ഈ കഴിവും അന്യമായേക്കാം!
                ഇതൊക്കെ മനസ്സിലാക്കുമ്പോള്‍ ഒരു കാര്യം നിര്‍ബന്ധമാക്കുന്നത് നന്നായിരിക്കും എന്ന് തോന്നി  - "വീട്ടില്‍ മലയാള ഭാഷ ഉപയോഗിക്കുക"-
            ഇപ്പോള്‍ത്തന്നെ മലയാളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ ആണ് ഇത് ശ്രദ്ധിക്കേണ്ടത്. അതല്ല "ഭാഷ, സംസാരിക്കാനുള്ള ഒരു ഉപകരണം"
ആണ്  എന്നാണ് മാതാപിതാക്കളുടെയും  അഭിപ്രായം എങ്കില്‍, കുറെ "ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍സിനെയോ, ഇന്ത്യന്‍ ഒറിജിന്‍ ആസ്ട്രെലിയന്‍സ്" എന്ന ലേബലിലോ, മലയാളികളായ ഒരു അടുത്ത തലമുറ ഉണ്ടായേക്കാം!
             പൈതൃകത്തെ ബഹുമാനിക്കുന്ന, "അബ്രു മേനോന്‍", 'റസ്സല്‍ പീറ്റര്‍" തുടങ്ങിയവര്‍ വിരളമായിരിക്കും!
              ഇനി 'പൈതൃകത്തിലും' പ്രതിപത്തി ഇല്ലാത്ത  പിന്‍ഗാമികളെ ആണ് നിങ്ങള്‍ കാംക്ഷിക്കുന്നത് എങ്കില്‍ അങ്ങിനെയും ആകാം.
                 തീരുമാനം ഇപ്പോള്‍ ഉള്ള നിങ്ങളുടെതാണ്!
             അതുകൊണ്ട് "ബാ ബാ ബ്ലാക്ക് ഷീപ്പിനേക്കാള്‍" നമ്മള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്നതായിരിക്കും!

------------------------------------------------------------------------------------------------------

Monday, April 21, 2014

സീ - സെന്‍സ്

                   'ഇതാണ് ദീപുവിന്‍റെ ഒരു പ്രശ്നം'!
        "രവിയേട്ടന്‍ ഇന്ന് വരുമെന്ന് ഇന്നലെ പോലും ദീപു എന്നോട് പറഞ്ഞില്ല"!
                 ദീപയുടെ ഈ പരിഭവം കേട്ടപ്പോള്‍ അതിഥിയായ ഞാന്‍ വല്ലാതെ ആയി.
            ഇന്നലെ രാത്രി പുറപ്പെടുന്നതിന് മുന്‍പാണ് ഞാന്‍ ദീപുവിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.
            ഇലക്കും മുള്ളിനും കേടു വരാത്ത ഒരു സമീപനം !
      ഏതോ കാര്‍മേഘങ്ങള്‍ പെയ്തോഴിയാനുള്ള  ഒരു സമീപ പ്രദേശമായി ഞാന്‍ നിലകൊണ്ടു  
                  രവിയേട്ട "ഹി ലാഗ്സ് സീ - സെന്‍സ്".!
         "ദീപ പണ്ട് മുതലേ ഉപയോഗിക്കാറുള്ള, അവള്‍ തന്നെ ഉണ്ടാക്കിയ ഒരു
'ഡെഫനിഷന്‍' !
          'കള്‍ച്ചറും', കോമണ്‍സെന്‍സും' പോര മേമ്പൊടി 'സിവിക് സെന്‍സും' കൂടി ഉണ്ടായാലേ മാനുഷിക മൂല്യത്തിന്‍റെ മിനിമം ചേരുവ പൂര്‍ത്തിയാകൂ എന്ന ആപ്തവാക്യം !  
            അവശ്യം പോകേണ്ടി വന്ന ഒരു മരണാനന്തര സന്ദര്‍ശനത്തിനു ശേഷം
ദോഹയിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍.
          മുംബയ് വഴി മാത്രം ടിക്കറ്റ് കിട്ടിയപ്പോള്‍, ഇടക്കുള്ള എട്ടു മണിക്കൂര്‍ താമസം, എന്നെ ദീപുവിനെക്കുറിച്ചും ദീപയെക്കുറിച്ചും ഓര്‍മിപ്പിച്ചു.
        ദോഹയില്‍ എനിക്ക് പണ്ട് ഇടത്താവളം തന്ന അവരെ എനിക്ക് മറക്കാന്‍ പറ്റുകയില്ലല്ലോ!
        പേരുകളില്‍ പോലും എന്തോ നിയോഗം അവരില്‍ അര്‍പ്പിതമായിരുന്നു എന്ന് ആര്‍ക്കും തോന്നും!
                    "ദീപു  - ദീപ'
              ദീപക്ക് 'യൂണിവേഴ്സിറ്റിയില്‍ ജോലി - ദീപുവിന് സ്വന്തം ബിസ്സിനസ്സും.
      സമൃദ്ധിയിലും സമാധാനത്തിലും ഒരു കുറവും ആ കുടുംബത്തില്‍ ഞാന്‍ കണ്ടില്ല !
                      ഹൃദയ വിശാലതയുള്ള ദീപു, കാര്യക്ഷമതയുള്ള ദീപ!
       പിന്നീട് വട്ടം മിഴുങ്ങാന്‍  സാധ്യമാവാത്ത ചില  നിമിഷങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു -
                "എന്തേ ഈ അരിയില്‍ കല്ല്‌ കടിക്കുന്നത്"!
                      പോരായ്മകളുടെയും പരിഭവങ്ങളുടെയും കുത്തൊഴുക്ക് !
            നഗരത്തില്‍ അമ്മയുടെ ചൊല്‍പ്പടിയില്‍ വളര്‍ന്ന യാഥാസ്ഥിതികനായ ഒരു മലയാളി യുവാവിന്‍റെ ആഗ്രഹം.
                   "കാലത്തെ കുളിച്ചു കുറിതൊട്ട് തന്‍റെ സൌകര്യങ്ങള്‍ നോക്കി കണ്ട്
അറിഞ്ഞ് തനി നാടന്‍ വിഭവങ്ങള്‍ പാകം ചെയ്യുന്ന എന്‍റെ ഭൈമി "
                              അവളുടേതോ -  ഒരു നഗര ജീവതം മോഹിച്ചിരുന്ന ഒരു നാട്ടിന്‍ പുറത്തുകാരി"!
                 "സാമം ഭേദം  ദന്ണ്ടം എല്ലാം ഞാന്‍ നോക്കി"-
                            ദീപു പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
            അവളുടെ യൂണിവേര്‍സിറ്റിയിലെ ജോലി അവളെക്കൊണ്ടുതന്നെ രാജിവെപ്പിച്ചു!
              അന്ന് വൈകുന്നേരം ഞാന്‍ അവിടെ ചെന്നത്തപ്പോഴാണ് "എം. സി. പി
എന്ന വാക്കിന്‍റെ  വിശകലനവും ചര്‍ച്ചയും ഉണ്ടായത്!
                             "യൂ ആര്‍ എ മെയില്‍ ഷവോനിസ്റ്റ് പിഗ്ഗ്"
           ഇവരെ അടുത്തറിയാവുന്ന ഒരു ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞു -
                         "വി വില്‍ കാള്‍ ഇറ്റ്‌ എ മിസ്മാച്ച്"
          പിന്നീട് അങ്ങോട്ട്‌ ചതുരംഗം കളിക്കുന്നത് പോലെ ആയിരുന്നു !
  എന്‍റെ കുതിരയെ നീ തടഞ്ഞാല്‍ നിന്‍റെ  രാജാവിനെ ഞാന്‍ വെട്ടും എന്ന സമീപനം!
           ഒടുവില്‍ ദീപുവിന് ഉണ്ടായ ഒരു ഹൃദയ ആഘാതത്തെ തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു.
                 അസുഖത്തിന്‍റെ ആദ്യ നാളുകളില്‍ ദീപ വാവിട്ട് കരഞ്ഞു!
         സമചിത്തത വിട്ടു - ദുഃഖം പ്രകടിപ്പിക്കാതെ ഞങ്ങള്‍ അവരെ നാട്ടിലേക്ക് യാത്രയാക്കി -
         രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അവള്‍ പറയുകയാണ്‌ "
                         "ഹി ലാഗ്സ് സി-സെന്‍സ്"!
-------------------------------------------------------------------------------------------------

Thursday, April 3, 2014


                                   ഇത് ആദ്യം പബ്ലിഷു ചെയ്തതാണ് - പക്ഷെ ആ മലയാളം ഫോണ്ട് ചെറിയതും അവ്യക്തവും  ആയിരുന്നു - നേരത്തെ വായിച്ചവര്‍ ക്ഷമിക്കുക 
--------------------------------------------------------------------------------------------------------------------------------- 
                 

                   ഒരു മരണാന്തര സന്ദര്‍ശനം ആണ് ഇതിലെ വിഷയം .

              പഴയ കമ്പനിയില്‍  കൂടെ ജോലി ചെയ്തിരുന്നു തോമാച്ചന്‍റെ  അപ്പന്‍ മരിച്ചു. സംഭവം അറിഞ്ഞു, അങ്ങേരു  നാട്ടില്‍  പോയി തിരിച്ചുവന്നിട്ട്‌ ഒരു മാസമായി. എങ്കിലും വിവരം അറിഞ്ഞിട്ടു നേരില്‍ പോയി കാണുക എന്നതാണ് ദൌത്യം.
                       ബെല്ലടിച്ചു വാതില്‍ തുറന്നപ്പോള്‍, ഒരു 'ബിലേറ്റഡ്‌ കണ്ടോലന്‍സ്' മുഖഭാവത്തോടെ അകത്തേക്ക് കയറി.
                         വിവരങ്ങള്‍ എല്ലാം ഗദ്ഗദം തുളുമ്പുന്ന ശബ്ദത്തോടെ  വിശദീകരിച്ചു. അവസാനം ഒരു നെടുവീര്‍പ്പോടെ തോമാച്ചന്‍ പറഞ്ഞു  'ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്‍റെ  കാര്യം'.
                        പെട്ടെന്നായിരുന്നു തോമാച്ചന്‍റെ  അടുത്ത ചോദ്യം  
                             "മേനോന് ഒരു ചെറുത്‌ എടുക്കട്ടെ, ഒരു സ്കോച്ച് ഒത്തു കിട്ടി?"
         ആതിഥേയന്‍റെ  മര്യാദയില്‍, അദ്ദേഹത്തിന്‍റെ  അസന്തുലിതമായ 
ആ മാനസികാവസ്ഥയില്‍, ഞാന്‍ കൂടെ നിന്നില്ല എങ്കില്‍.... -- .......
                           കൊണ്ടുവെച്ച ലഹരിയുടെ ഒരു കവിള്‍ ഇറക്കിയപ്പോള്‍ ആണ്, എറണാകുള ത്തുകാര് പറയുന്നത് പോലെ 'എട്ടിന്‍റെ  പണി കിട്ടി'
എന്ന് മനസ്സിലായത്‌    
              "അപ്പന്‍റെ  മരിപ്പിന്‍റെ  സി.ഡി ഇന്നലെയാ വന്നത്!'
            എന്‍റെ പ്രതികരണം പ്രതീക്ഷിക്കാതെ തന്നെ, പുള്ളിക്കാരന്‍ സി. ഡി. ഓണാക്കി. എല്ലാം ഒരുക്കി വെച്ചത് പോലെ.
                   കൃസ്തീയ ഭക്തിഗാനത്തിന്‍റെ പശ്ചാത്തല സംഗീതത്തോടെ, സ്ക്രീനില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷമായി. 
                      "ഔസേപ്പച്ചന്‍  - 97 , ജനന മരണ തീയതിയോടെ, ഒരു ചുള്ളന്‍റെ , സ്റ്റില്‍ ഫോട്ടോ." 
                                        "ഇത് അപ്പച്ചന്‍ എയര്‍ഫോഴ്സില്‍ ചേരാന്‍ നേരത്ത് എടുത്ത ഫോട്ടോ", ആണെന്ന് പറഞ്ഞപ്പോഴാണ്, എനിക്ക് 
സ്ഥലകാലബോധമുണ്ടായത്. 
                        പിന്നെ മരണത്തോടനുബന്ധിച്ചുള്ള നിരവധി കാഴ്ചകള്‍.
പെട്ടിയില്‍ കിടത്തിയ അപ്പച്ചന്‍റെ   ചുറ്റും, സംഭവിച്ച വേര്‍പാടിന്‍റെ 
ശോകമുഖഭാവങ്ങളോടെ, കൂടുതലും സ്ത്രീകള്‍ അടങ്ങിയ ബന്ധുക്കള്‍.
                          
   അപ്പോഴാണ്‌ വെള്ളിടി വെട്ടുന്നത് പോലെ, തോമാച്ചന്‍റെ  സഹധര്‍മണി മറി
യാമ്മയുടെ ഒരു കമന്റു പുറകില്‍ കേട്ടത്.         
   "ഈ മേഴ്സി ഏടത്തിയുടെ മുഖം എന്നാ ഫോട്ടോജിനിക്കാ, അല്ലെ 
ഇച്ചായ"-             
 തോമാച്ചന്‍ സഗൌരവം,   ഭാര്യയെ  ഒന്ന് തുറിച്ചു നോക്കിയിട്ട്, എന്നോട് പറഞ്ഞു.
                     "ഇത് പള്ളിയിലേക്ക് എടുക്കുന്ന സീനാണ്"
              കണ്ടാല്‍ അറിയപ്പെടുന്ന ഒന്ന്  രണ്ടു എം.എല്‍.. എ മാര്‍, എം. പി മാര്‍, പിന്നെ കര്‍ദിനാളാണോ, ബിഷപ്പാണോ എന്നറിയില്ല, കുറെ സമുദായ ശ്രേഷ്ടന്മാര്‍, ഇങ്ങനെ പോകുന്നു അന്ത്യയാത്രക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രഗല്‍ഭര്‍.  
            ഓരോരുത്തരെയും എന്നെ പരിചയപ്പെടുത്താന്‍ തോമാച്ചന്‍ മറന്നില്ല.
തോമാച്ചന്‍റെ  മോന് പണ്ട് എം. ബി. എക്ക് മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍, പറഞ്ഞ വാചകം ഞാന്‍ ഓര്‍ത്തു.
     
    "ആ കഴുവേ റിയോടു ഞാന്‍ ഒരായിരം വട്ടം പറഞ്ഞതാ, അച്ചന്‍ പട്ടത്തിനു  പോകാന്‍.. --  അപ്പോള്‍ അവനു പഠിക്കണം  എം. ബി. എക്ക് പോകണം". ഒരച്ചനായാല്‍ സമുദായത്തില്‍ കിട്ടുന്ന അംഗീകാരം, കാശ്,സൌകര്യങ്ങള്‍, ഇത് വല്ലതും മേനോന് അറിയാമോ?                           
എന്‍റെ  അറിവില്ലായ്മയുടെ ആഴം അളന്നു തീര്‍ന്നിട്ടും സി. ഡി തീരുന്നില്ല!               
പിന്നീട് കണ്ടത് പള്ളിയിലേക്കുള്ള വിലാപ യാത്രയുടെ സീനുകളാണ്.          
                റബ്ബര്‍ മരങ്ങള്‍ ഇരുവശവും നില്‍ക്കുന്ന ഏതോ ഒരു തോട്ടത്തിന്‍റെ 
ചെരുവിലൂടെ വിലാപ യാത്ര ഒരു വളവു തിരിയുന്നു, മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിന്‍റെ  പിന്നിലായി, ബെന്‍സ്, ടൊയോട്ട, പജീരോ തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയുടെ ഒരു ലോങ്ങ്‌ ഷോട്ട്.
                         പള്ളിയില്‍ എത്തി, പെട്ടി കുഴിമാടത്തില്‍ ഇറക്കിയ ശേഷം 
എല്ലാപേരും ഓരോ പിടി മണ്ണിടുന്നു. 
                      ഇവിടെയാണ്‌ ക്ലൈമാക്സ് !    
     എല്ലാപേരും മണ്ണിട്ട ശേഷം തോമാച്ചനും ഒരു പിടി മണ്ണിടുന്നു !
പൊടുന്നനെ കുടിച്ച കള്ള് തലയ്ക്കു പിടിച്ച പോലെ തോന്നി. ഞാന്‍ തല കുടഞ്ഞു ഒന്ന് കൂടി ഉറപ്പു വരുത്തി, സംശയത്തോടെ ചോദിച്ചു.
                    "തോമാച്ചന്‍ വിവരം അറിഞ്ഞല്ലേ നാട്ടിലേക്ക് പോയത്?"
       "ഇതെന്‍റെ  ജീവിതത്തിലെ  വലിയ ഒരു ആഗ്രഹം ആയിരുന്നു  -
       അതുകൊണ്ട് ഇത് ഞാന്‍ എഡിറ്റു ചെയ്തു കയറ്റിയതാ !!"

                                    ----------------------------------------------------

         

Tuesday, March 18, 2014

നമ്മുടെ സംസാരശേഷിയും എഴുത്ത് ശേഷിയും നഷ്ടപ്പെടുന്നു !

                  കഴിഞ്ഞ അവധിക്കു പോയപ്പോള്‍ കണ്ട ഒരു കാഴ്ചയാണ് ഇതിന് ആധാരം -
                     ഒരു ദിവസം വൈകുന്നേരം നാല് മണിയോടെ ഞാന്‍ മുളംതുരുത്തി കവലയില്‍ ഒരു ടാക്സിയില്‍ എത്തുന്നു - പോകുന്ന വീട്ടില്‍ കുട്ടികള്‍ ഉള്ളത് കാരണം, അവര്‍ക്കെന്തെങ്കിലും മേടിക്കാം എന്ന് വിചാരിച്ച് ഒരു ബേക്കറിയില്‍ കയറുന്നു - സാധനങ്ങള്‍ മേടിക്കവേ - ഒരേ നിറത്തിലുള്ള പത്തുപന്ത്രണ്ടു ബസ്സുകള്‍ ആ കവല കടന്നു പോകുന്നു!
        അസാധാരണമായ ഒരു കാഴ്ച ആയതു കൊണ്ട് അതെന്‍റെ കൌതുകം ഉണര്‍ത്തി -
         ബസ്സിന്‍റെ ബോഡിയില്‍ എഴുതിയിരിക്കുന്നതില്‍ നിന്ന് അത്‌ സമീപ പ്രദേശത്തെ ഒരു എന്ജിനിയറിങ്ങു കൊളേജിലെ ബസ്സുകള്‍ ആണ് എന്ന് മനസ്സിലായി -
            പെട്ടെന്ന് ഞാന്‍ ചെറുപ്പകാലത്ത്‌ കണ്ടിരുന്ന 'കോളേജ് ബസ്സിലെ', അല്ലെങ്കില്‍ 'സ്റ്റുഡെന്‍സ് ഒണ്ലി' ബസ്സുകളുടെ കാര്യങ്ങള്‍ ഓര്‍ത്തു -
                   "എന്തായിരുന്നു അതിലെ ഒരവസ്ഥ "
                              'ഒച്ചവെക്കല്‍, പാട്ട്, ബഹളം'
                   ക്ലാസുകഴിഞ്ഞു വെളിയില്‍ സ്വതന്ത്രമാകുന്ന കുട്ടികളുടെ ആഹ്ലാദത്തിമര്‍പ്പ്!
                                ഇവിടെ ഞാന്‍ കണ്ടതോ, 'ശ്മശാന മൂകതയോടെ പോകുന്ന പത്തുപന്ത്രണ്ടു ബസ്സുകള്‍!
                "ഇതെന്തേ ഇങ്ങനെ എന്ന് ശ്രദ്ധിച്ചപ്പോള്‍ കാര്യം മനസ്സിലായി -
         തൊണ്ണൂറു ശതമാനം പിള്ളേരുടെ ചെവിയില്‍ 'ഇയര്‍ ഫോണ്‍' ആണ് -
  പിന്നെ കുറേ പേര്‍ 'വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്ന' പ്രക്രിയയില്‍ ആണ് -
                    മേല്‍ പറഞ്ഞ സൌകര്യങ്ങള്‍ ഇല്ലാത്തവര്‍, വിദൂരത്തേക്ക്  കണ്ണും നട്ട്, എനിക്ക് ഇതൊക്കെ എന്നാണോ സാധ്യമാകുന്നത് എന്ന ചിന്തയിലും!
         ഇനി ഈ ചുണ്ണാമ്പ് തേക്കുന്നവരുടെ കാര്യം എടുത്താലോ -
               അതും പണ്ട് നമ്മള്‍ 'കമ്പി അടിക്കുമ്പോള്‍',  'ടെലിഗ്രാം അടിക്കുമ്പോള്‍',
 എത്രയും ഹൃസ്വമായി ആശയ വിനിമയം നടത്തുന്ന ഒരു രീതി ഉണ്ടായിരുന്നു -                'വാക്കുകള്‍ക്കു അനുസരിച്ചായിരിന്നു പോസ്റ്റല്‍ ചാര്‍ജ് -'
    ഇപ്പോള്‍ 'വാട്ട്സാപ്പിലും' , ഇ-മെയിലുലം അതൊന്നും ഇല്ല -
          എന്നാലും എളുപ്പത്തിന് ചെയ്യുന്നതെന്താ -
              "thanx 4 ur gft. i lv u - c u 2moro "
        എളുപ്പം ഇങ്ങനെ എഴുതുന്നതാണ് - പക്ഷെ ഈ രീതി ഒരു ശീലമായാലോ?
      കൊച്ചന്‍റെ' ഇംഗ്ലീഷ് പുരോഗതിയില്‍' അപ്പനും വണ്ടര്‍ അടിച്ചു നില്‍ക്കുകയാണ്!
           അപ്പന്‍ ചോദിച്ചപ്പോള്‍ കൊച്ചന്‍ പറഞ്ഞു -
       "ഡാഡ് , ഭാഷ ആശയ വിനിമയത്തുനുള്ളതാണ്- നമ്മള്‍ പറയുന്നത് കേള്‍ക്കുന്നവന് മനസ്സിലാകുന്നുണ്ടോ, അതല്ലേ പ്രധാനം"-
                 അഛനും വിവരം വെക്കാന്‍ തുടങ്ങി -
    പക്ഷെ ചെക്കന്‍ എഴുതുന്ന പബ്ലിക്ക്പരീക്ഷകളില്‍ എല്ലാം, ഇംഗ്ലീഷില്‍ മാത്രം, എഴുതാനും സംസാരിക്കാനും മിഴിവുണ്ടായിരുന്നില്ല, എന്ന കാരണത്തില്‍ പ്രശ്നം ഉണ്ടായി!
        അതും നല്ല മാര്‍ക്കോടെ പഠിത്തം കഴിഞ്ഞവര്‍ക്കും!
          പഠിപ്പ് സമയം കഴിഞ്ഞും, തമ്മില്‍ വേണ്ടത് പോലെ, ഇടപെഴകാതെ വളരുന്ന യൌവ്വനം! 'വളയം ഇല്ലാതെ ചാടാന്‍ ആദ്യം പഠിച്ചിട്ട്, വളയത്തിന്റെ പോരായ്മയെ കുറിച്ച് വിമര്‍ശിക്കുന്ന പ്രവണത!
                അതുകൊണ്ടാണ് ഞാന്‍ എഴുതിയത് 'നമ്മുടെ സംസാര ശേഷി നഷ്ടപ്പെടുന്നു'! എന്ന് -
-------------------------------------------------------------------------------------------------------





Wednesday, February 26, 2014

പത്തില്‍ എട്ടു പൊരുത്തം !

          ജയന്തനും ജയന്തിയും ഞങ്ങള്‍ ദുബായില്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ തോട്ടു മുകളിലത്തെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഒരു മലയാളി കുടുംബം ആയിരുന്നു.
            പരിചയപ്പെട്ട്, ഈ പേരുകള്‍ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഭാര്യയോടു പറഞ്ഞു -
             "ഇത് ഒരു മാതിരി, മേഡ് ഫോര്‍ ഈച്ചദര്‍ എന്ന് പറയുന്നത് പോലെ ഉണ്ടല്ലോ"!
              അപ്പോഴാണ്‌ അവര്‍ പറയുന്നത്, അവരുടെ "പേരന്‍സും" , വളരെ അടുത്ത സുഹൃത്തുക്കള്‍ ആയി തുടങ്ങിയ കുടുംബ പരിചയമാണത് എന്ന്‍--
            ജാതകവും ഉത്തമത്തില്‍ ആയിരുന്നു - പത്തില്‍ എട്ടു പൊരുത്തം!
       അവരുടെ ഒരു കുടുംമ്പത്തിലെ കാര്‍ന്നോരായ ഗോവിന്ദന്‍ മാമ തമാശയില്‍പറഞ്ഞു പോലും-
 "രണ്ടു പൊരുത്തം അല്ലേ കുറവുള്ളൂ - അവര്‍ക്ക്, സ്വന്തമായി, സ്വസ്ഥമായി ഒന്നുറങ്ങാനുള്ള സമയം എങ്കിലും വേണ്ടേ" എന്ന്!
                                  രണ്ട് പേരുടേയും പിതാക്കള്‍, പഞ്ചാബിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്നവര്‍-.
           "ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ലുധിയാനയിലാണ്" '
                     അപ്പോള്‍ ഞാന്‍ ചോദിച്ചു -
                     "ലൌമാരേജ് ആണ് അല്ലേ" ?
            "ശരിക്കും ഉള്ള അറേഞ്ച്ഡ്‌   മാരേജ് ആയിരുന്നു"
            " ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു, എന്ന് മാത്രം, അല്ലാതെ ഒന്നും ഇല്ലായിരുന്നു."
                എന്‍റെ കുടുംബം അവരുമായി പരിചയപ്പെടാന്‍ കാരണം, എന്‍റെ   മകന്, ജയന്തി ആയിരുന്നു കണക്കിന് ട്യൂഷന്‍ എടുത്തിരുന്നത് -
             ഒരു പ്രത്യേക സാഹചര്യത്തില്‍, എനിക്ക് ഫ്ലാറ്റ് മാറേണ്ടിവന്നപ്പോള്‍,
മോനാണ് പറഞ്ഞത് -
            " ടീച്ചറിന്‍റെ ഫ്ലാറ്റിന്‍റെ ,  ഗ്രൌണ്ട് ഫ്ലോറില്‍ ഒരു ഫ്ലാറ്റ് ഒഴിയുന്നുണ്ട്"-
    ശരിയാണ്, അവന്‍റെ ട്യൂഷന് വേണ്ടി ഉള്ള പോക്കുവരവില്‍, സമയം ലാഭിക്കാമല്ലോ- എനിക്കും തോന്നി.
            ഫ്ലാറ്റ് കാണാന്‍ ചെന്നപ്പോള്‍ തന്നെ, ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്,
ജയന്തിയുടെ മകള്‍, ഒരു കുറുമ്പിയുടെ കുട്ടിത്തമായിരുന്നു-
                പണ്ട് മുതലേ എന്‍റെ ഭാര്യക്ക്, പെണ്‍ കുഞ്ഞുങ്ങളോട് വലിയ പ്രിയമായിരുന്നു.
                    രണ്ട് മുട്ടനാടുകളെ മേയ്ക്കാന്‍ തന്നെയുള്ള ബദ്ധപ്പാടില്‍, മൂന്നാമതൊരു ചാന്‍സ് എടുക്കാന്‍, ഞാന്‍ വട്ടം ഉടക്കിയ പശ്ചാത്തലവും എനിക്ക് ഉണ്ടായിരുന്നു-
                 ഭാര്യക്ക് ആണെങ്കില്‍ കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ
പരിലാളിക്കുകയും, അവരെ അണിയിച്ച് ഒരുക്കി സമയം ചിലവാക്കുന്നതില്‍ ഉള്ള   താല്‍പ്പര്യം ഞാന്‍ പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്!
                 പണ്ട് മുപ്പത് കൊല്ലം മുന്‍പ് പോലും ഉണ്ടായിരുന്ന, എയര്‍ ഫോഴ്സ്
ക്വാര്‍ട്ടേഴ്സിലെ  തൊട്ടടുത്ത ഫ്ലാറ്റുകളിലെ  പെണ്‍കുട്ടികള്‍, 'ലതാന്റി' യുമായി
ഇപ്പോഴും ബന്ധപ്പെടുന്നു എന്നത്, അതിന്‍റെ തെളിവാണ്!
                             അങ്ങിനെയാണ് ഞങ്ങള്‍ ഈ ജയന്തന്‍ ജയന്തി ദമ്പതികളുടെ അയല്‍പക്കം ആയത്-
                        ആ കൊച്ചിന്‍റെ  സാമീപ്യവും, അതില്‍ ഞങ്ങള്‍ കണ്ട ആനന്ദവും,
വിശദീകരിച്ചു തുടങ്ങിയാല്‍, ഞാന്‍ എഴുതി വരുന്നതില്‍ നിന്ന് മാറി പോകും !
          അവര്‍ ഒരുപാട് സമയം ഞങ്ങളുടെ വീട്ടില്‍ ചിലവഴിക്കുമായിരുന്നു -
       എനിക്കെന്തോ, ആദ്യം മുതല്‍ ആ  കുട്ടിയുടെ അച്ഛനെ, മനസ്സാലെ ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല-
         ഏതോ വലിയ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ആയ അദ്ദേഹം എപ്പോഴും അങ്ങേരുടെ " സക്സസ് സ്റ്റൊറീസ്" ,സംഭാഷണങ്ങളില്‍ കൂടി
എടുത്തു പറയാന്‍ ഉള്ള വ്യഗ്രത -
            ഏതു വിഷയത്തെ കുറിച്ച് പറയുമ്പോഴും, അങ്ങേരുടെ അഭിപ്രായം നമ്മളില്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണത -      
          ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു എന്‍റെ അറിവില്ലായ്മ കൊണ്ട് ആയിരിക്കാം എന്ന് -
          പക്ഷെ, ചില കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്, അടിസ്ഥാനരഹിതമാണ് എന്ന് എനിക്ക് ബോദ്ധ്യം വന്നു -
    അവനവന്‍റെ  അപ്രമാദിത്യം എസ്റ്റാബ്ലിഷ് ചെയ്ത്, ആ സമയത്തെ അതിജീവിക്കാന്‍ ഉപയോഗിക്കുന്ന, 'ടിപ്പിക്കല്‍ സെയില്‍സ്  ടാക്ടീക്ക്സ്'
        വേറെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്, പുതുതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്ന
ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍, ലാപ് ടോപ്‌, പാം ടോപ്‌ തുടങ്ങിയവ മേടിച്ച്, നമ്മളെ കാണിച്ച്, അതിന്‍റെ  സവിശേഷതകള്‍ പറയുക-
               ഇതെല്ലാം, മാര്‍ക്കറ്റിങ്ങ് ആളുകള്‍ക്ക് വേണ്ട അത്യാവശ്യം ജാടകള്‍ ആയിരിക്കാം എന്ന് ഞാന്‍ അനുമാനിച്ചു-
          പക്ഷെ ഒരു ദിവസം, ഞങ്ങളുടെ  ഫ്ലാറ്റിന്‍റെ പാര്‍ക്കിങ്ങില്‍ , അങ്ങേരുടെ പുതുതായി മേടിച്ച ഒരു വില കൂടിയ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍, രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഒഴിവുള്ള സ്ഥലത്തില്‍ , അങ്ങേര്‍ വണ്ടി കുറുകെ, പാര്‍ക്ക് ചെയ്തു-
           'ജയന്താ നമ്മള്‍ ഒന്ന് ഒതുക്കി പാര്‍ക്ക് ചെയ്‌താല്‍, ഒരു കാറിനു കൂടി അവിടെ പാര്‍ക്ക് ചെയ്യാന്‍ ഇടം കിട്ടുകയില്ലേ?"
       എന്‍റെ 'സിവിക്ക് സെന്‍സ്' ഉണര്‍ന്നൂ -
               'ചേട്ടാ, ഇപ്പോള്‍ വേറെ ആരും സൈഡില്‍ പാര്‍ക്ക് ചെയ്യുകയില്ല, അല്ലെങ്കില്‍ അവര്‍ ഡോര്‍ തുറക്കുമ്പോള്‍ നമ്മുടെ വണ്ടിയില്‍ 'സ്ക്രാച്ച്'
വീഴാന്‍ സാധ്യതയുണ്ട് "!
                   സ്വാര്‍ഥതയുടെ പാരമ്യം!
      അവസാനം, എനിക്ക് സഹിക്കാന്‍ പറ്റാത്ത  അവസ്ഥ വന്നത് -
            ഇറാക്കിനെ അമേരിക്ക ആക്രമിച്ച് കീഴ്പ്പെടുത്തുന്ന കാഴ്ചകള്‍ -
     സി. എന്‍. എനില്‍  കൂടി, ലോകം മുഴുവന്‍ അവര്‍ 'തല്‍സമയ പ്രക്ഷേപണം'
ചെയ്ത്, ടി. വി യില്‍ കൂടി കാണിക്കുമ്പോള്‍, ഒരു ക്രിക്കറ്റ് മാച്ച് കാണുന്ന ലാഘവത്തോടെ, 'പോപ്പ് കോണും' തിന്നുകൊണ്ട്‌, അങ്ങേര്‍  ആസ്വദിക്കുന്ന ആ മനോഗതിയാണ്!
            ഒരു യുദ്ധം, അതിന്‍റെ വിപത്തുകള്‍, അതിന്‍റെ കെടുതികള്‍, യാതനകള്‍ എല്ലാം ഒരു റിയാലിറ്റി ഷോ പോലെ കാണുന്ന മാനസികാവസ്ഥ!
           ഇതൊക്കെ ആണെങ്കിലും എന്‍റെ  വീട്ടില്‍ വരുമ്പോള്‍, ടി. വി സീരിയലില്‍ കാണുന്ന പോലെ, ജയന്തന്‍റെ  കഴുത്തും, തോളും ഞെക്കി 'മാനേജിരിയല്‍ സ്ട്രെസ്സ്' ലഘൂകരിക്കുന്ന കാഴ്ചയാണ് ഞാന്‍ ജയന്തിയില്‍ കണ്ടത് !
              കൂടാതെ 'കുട്ടു', എന്ന ജയന്തിയുടെ വിളിയും, 'ചക്കരെ' എന്നുള്ള അയാളുടെ പ്രതികരണവും എന്നില്‍  അസ്വസ്തത ഉളവാക്കി -
         "ഇത് ഒരുതരം ജാട  - മനുഷ്യരുടെ മുന്നില്‍ വെച്ച് വേണോ ഈ കാട്ടായം"
                                      ഞാന്‍  ഭാര്യയോടു പറഞ്ഞു-
                              "തമ്മില്‍ ഉള്ള സ്നേഹം അവര്‍ മറയ്ക്കുന്നില്ല"
                                                 ഭാര്യയുടെ ന്യായീകരണം
           "എന്നാല്‍ നിനക്കിതു പോലെ ചെയ്യാന്‍ എന്താ തോന്നാത്തത് ?
      "അതിനു നിങ്ങള്‍ക്ക്, ഇത് പോലെ 'സ്ട്രെസ്സ്' ഉള്ള ജോലി ഒന്നും അല്ലല്ലോ"
             "പോരാഞ്ഞ്, ഞാന്‍അടുത്തേക്ക് വരുമ്പോള്‍ തന്നെ രണ്ട് ചാട്ടം ചാടുകയും ചെയ്യും" -
           "എടീ സ്നേഹം പ്രകടിപ്പിക്കേണ്ട ഒന്നല്ല, അത് മനസ്സില്‍ ആണ് വേണ്ടത്"
             "സ്നേഹം പ്രകടിപ്പിക്കേണ്ടതാണ് എന്ന് 'വനിതയില്‍' എഴുതിയ സൈക്കൊളജിസ്റ്റ് പറഞ്ഞിട്ടുണ്ടല്ലോ"
           "അല്ലെങ്കില്‍ തന്നെ, നിങ്ങള്‍ക്കൊക്കെ, ആവശ്യം കാണാന്‍ 'ചക്കരയും',
'തേനും', അല്ലാത്തപ്പോള്‍  നിക്രുഷ്ടയും"!    
                             അവസാനം ഞാന്‍ ആ സംവാദം വിട്ടു -
     അപ്പോഴാണ്‌ ജയന്തന് ഒന്നര കോടി രൂപയോളം വില വരുന്ന ഒരു 'ദിര്‍ഹാം'
ലോട്ടറി അടിച്ചത് !
                          അതിന്റെ ചിലവുകള്‍ സമര്‍ ത്ഥ മായിരുന്നു-
                            നാട്ടില്‍ അവധിക്കു പോകാന്‍ ഇരുന്ന അവരോട്, പുതിയ സാഹചര്യത്തില്‍, പുതിയ കിനാക്കള്‍ എന്തെല്ലാം ആണ് എന്ന് ചോദിച്ചു -
           രണ്ട് പേര്‍ക്കും ഒരേ അഭിപ്രായം - മോള്‍ക്ക്‌ ഏറ്റവും നല്ല വിദ്യാഭ്യാസം
നല്‍കണം - അത് 'ഓക്സ്ഫോര്‍ഡ് വേണോ, കേംബ്രിഡ്ജ്' വേണോ എന്ന് തീരുമാനിച്ചിട്ടില്ല - എന്തായാലും ജയന്തിയുടെ പേരില്‍ നാട്ടില്‍ ഒരു 'പോഷ്'
 ഫ്ലാറ്റ് എടുത്തു കഴിഞ്ഞു -
                ജയന്തി ആദ്യം നാട്ടിലേക്ക് പോയി - ജയന്തന്‍ മൂന്നാഴ്ച കഴിഞ്ഞാണ് പോയത് -
             ടര്‍ക്കിയില്‍ നാല് ദിവസത്തെ കോണ്‍ഫെറന്‍സ്, പിന്നെ മൂന്നു ദിവസം മുംബൈയില്‍ ഒരു സെമിനാര്‍ - പിന്നെ അവധി -
              രണ്ട് മാസം കഴിഞ്ഞ്, ജയന്തിയും കുഞ്ഞും മാത്രമേ മടങ്ങി വന്നുള്ളൂ !
                     തിരികെ വന്ന അന്ന് വൈകുന്നേരം അവള്‍ പറഞ്ഞു -
           "ചേച്ചി, ചേട്ടാ, ഞങ്ങള്‍ 'ഡിവേഴ്സ്' ചെയ്തു, മ്യൂച്ചല്‍ കണ്‍സന്റോടെ " !
     ഇടിവെട്ടേറ്റതുപോലെ കുറച്ചു നേരം ഞാനും ഭാര്യയും തരിച്ചു നിന്നു!
                "അങ്ങേര്‍ക്ക്, മറ്റൊരിടത്ത് വേറൊരു ഭാര്യയും കുട്ടിയും ഉണ്ട്"
       കൂടാതെ, ഈ മാര്‍ക്കറ്റിങ്ങിന്‍റെ  പേരില്‍ നടന്ന, സെമിനാറും   കോണ്‍ഫെറന്‍സും  എല്ലാം, ഇതേ പോലുള്ള 'രതി വിക്രിയങ്ങള്‍ക്ക്' വേണ്ടി
ആയിരുന്നു എന്ന്- അയാള്‍ തന്നെ മാച്ചു കളയാന്‍ മറന്നു പോയ, ഒരു
'എക്സ്റ്റെണല്‍ ഹാര്‍ഡ്‌ ഡിസ്ക്കായിരുന്നു' കേസിന്‍റെ  ആധാരം-
                അപ്പോഴാണ്‌ ഞാന്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തത് -
      പണ്ട് പല ദിവസവും ഞാന്‍ വെളിയിലേക്ക് ഇറങ്ങുമ്പോള്‍, മുകളിലത്തെ
നിലയുടെ ബാല്‍ക്കണിയില്‍ , ആകാശത്തേക്ക് കണ്ണും നട്ട്, ലോകം മറന്ന് ജയന്തി
നില്‍ക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്-
                  കുറച്ചു കവിത എഴുതുന്ന സ്ത്രീ ആയത് കാരണം, അതിനെ കുറിച്ച് ആലോചിച്ചു നില്‍ക്കുന്നു എന്നാണു ഞാന്‍ ധരിച്ചിരുന്നത് -
       അത് പോലെ അച്ഛന്‍ രണ്ട് ദിവസം 'ദുബായില്‍' പോകുമ്പോള്‍, ആ കുട്ടി കാണിച്ച സന്തോഷം !
                               വേറൊരു സന്ദര്‍ഭത്തില്‍, മോള്‍ക്ക്‌ ഞങ്ങള്‍ 'പിസ്സ' മേടിച്ചു കൊടുത്തപ്പോഴാണ്‌ അറിയിയുന്നത്, അവള്‍ ആദ്യമായാണ്‌ അത് കഴിക്കുന്നത് എന്ന്-
               "അച്ഛന് ഇഷ്ടം കെ. എഫ്. സി ആണ്, അത് കൊണ്ട് ഞങ്ങളുടെ വീട്ടില്‍
അതാ മേടിക്കുക"
              ചുരുക്കത്തില്‍ അയാളുടെ ഇഷ്ട പ്രകാരമാണ് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നടന്നിരുന്നത് -
            അയാളുടെ എല്ലാ കാര്ര്യങ്ങളും അയാള്‍ക്ക്‌ തന്നെ ചെയ്യണം -
 അയാളുടെ മുറിയിലെ സാധനങ്ങള്‍ അടുക്കി  വെക്കുന്നതിലും, യാത്രക്ക് പോകുമ്പോള്‍ കൊണ്ട് പോകേണ്ട ബാഗ് പാക്ക് ചെയ്യുന്നതിലും,  ഒന്നുംആരെയും ആശ്രയിക്കാത്ത മനുഷ്യന്‍ !    
       ഭാര്യ പോലും ഒന്നിലും ഇടപെടുന്നത്  ഇഷ്ടമല്ലാത്ത മനുഷ്യന്‍ -
        എന്‍റെ ഭാര്യ പലപ്പോഴും അങ്ങേരെ കണ്ടു പഠിക്കാന്‍ പറഞ്ഞിട്ടുണ്ട് !
               പിന്നെ ഒരു പ്രസംഗം ആണ് -
    "ഇവിടെ ഒരാള്‍ക്ക്‌ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാന്‍, കുടിച്ച ഒരു ചായ കപ്പു അടുക്കളയില്‍ തിരിച്ചു കൊണ്ട് വെക്കുവാന്‍ എല്ലാം ഞാന്‍ വേണം"-
        രണ്ട് കൊല്ലം എടുത്തു അത്രേ, ഈ തെളിവുകള്‍ എല്ലാം ശേഖരിക്കാന്‍ -
            അപ്പോള്‍, ഈ കഴുത്ത്തിരുമലും, കാട്ടയങ്ങളും എല്ലാം ഇവ ശേഖരിച്ച്, സ്വന്തം ഭാവി സുരക്ഷിതം ആക്കാനുള്ള സാവകാശത്തിന് ആയിരുന്നു.                   .            അതുകൊണ്ട്, "വുമണ്‍, ദി വീക്കര്‍ സെക്സ്' ആണ് എന്നും പറഞ്ഞ്, ആരും അവരെ തരം  താഴ്ത്തി കാണണ്ട.
         "ദേര്‍ ഈസ് എ വുമണ്‍ ബീഹൈന്‍ഡ്‌ എവരി സക്സ്സസ്സ്ഫുള്‍ മാന്‍"                  ഏതൊരു സ്ത്രീക്കും, മുന്നോട്ടു വരാനുള്ള സാധ്യതകളുണ്ടെന്ന് 'കുസൃതിത്തരം ചെയ്യുന്ന ആണുങ്ങള്‍ ഓര്‍ക്കുക -
                                            "ജാഗ്രതൈ - "
-------------------------------------------------------------------------------------------------

Saturday, February 22, 2014

ഒരു 'ഉരുള കിഴങ്ങ് ഇഫെക്റ്റ്'

  സന്ദര്‍ഭം ഞാന്‍ നാട്ടില്‍ വന്ന് എന്‍റെ ചേച്ചിയെ കാണാന്‍ പോകുന്നു -
            സന്തോഷമായി - ഒരുപാട് ഞങ്ങള്‍ക്ക് പൊതു താല്‍പ്പര്യമുള്ള മേഖകലകളില്‍ കൂടി കടന്ന് പോയി -
        'പുതിയ സിനിമകള്‍, പുതിയ എഴുത്തുകള്‍ അങ്ങിനെ പലതും' -
   അപ്പോഴാണ്‌ അവളുടെ ഭര്‍ത്താവിന്റെ 'ഫോണ്‍ കാള്‍' വന്നത് -
                'കൊച്ചി സിറ്റിയില്‍ പോയിരിക്കുന്ന ആള്‍, വരാന്‍ താമസിക്കും
ഊണ് കഴിച്ചോളൂ, ഞാന്‍ കഴിച്ചിട്ടേ വരികയുള്ളൂ ' എന്ന് -
                  ഞങ്ങള്‍ ഊണ് കഴിക്കാം എന്ന   ധാരണയില്‍ ആയി -
പിന്നെ അവള്‍ ഉണ്ടാക്കി വെച്ചിട്ടുള്ള സകല കറികളും മേശപ്പുറത്ത്  നിരത്തി-
                 അതിനിടെ എനിക്ക് ഒരു 'കാള്‍' വന്നു -
                'എന്‍റെ ഒരു അനന്തിരവന്‍ പയ്യന്റെ'-
     അവരെല്ലാം കൂടി 'മരട്ടിലെ വെടിക്കെട്ട്‌ കാണാന്‍ പോകുകയാണ്' എന്നും പറഞ്ഞ്-
            'ശരി, പറ്റുമെങ്കില്‍ ഞാനും കൂടാം' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു -                            ചോറ് വിളമ്പി അവള്‍ പറഞ്ഞു 'ചേട്ടന് ഉരുളക്കിഴങ്ങ് ഇഷ്ടമാണ്, ചേട്ടന്‍ വന്നതും ഇല്ല, നിനക്ക് വിളമ്പട്ടെ,എനിക്ക്ഇത് വയറിന് പിടിക്കുകയും ഇല്ല -
            "ശരി ആയിക്കോട്ടെ"
      ആതിഥേയ മര്യാദ മാനിക്കേണ്ട ഒരു അഥിതിയുടെ 'കേവല മര്യാദ എങ്കിലും ഞാനും കാണിക്കേണ്ടേ!
           ഊണ് കഴിയാറായിട്ടും ഉരുളക്കിഴങ്ങ് തീരുന്നീല്ല -      
                           "ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ"
         ഒരിക്കലും അല്ല എന്ന് ഞാന്‍ ആണയിട്ടു പറഞ്ഞപ്പോഴും, ബാക്കി ഈ 'ഉരുളക്കിഴങ്ങ്'  എവിടെയാണ് അവള്‍ കാണാതെ കളയേണ്ടത്‌ എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍ !
      "ആഹാരം 'വേസ്റ്റ്' ചെയ്യുന്നത് ശരിയാണോ" രണ്ട്  കഷണം കൂടെ ബാക്കിയുള്ളൂ, അതും കൂടി കഴിക്കൂ"
               അതും കഴിച്ചു -
തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ അനന്തിരവന്റെ വിളി വീന്ണ്ടും -
                'വലിയച്ചന്‍ വരുന്നില്ലേ"
        സഹികെട്ട വലിയച്ചന്‍ പറഞ്ഞു
    "എന്തോന്ന് മരട്, എന്തോന്ന് നെന്മാറ, ഞാന്‍ അതിനേക്കാള്‍ വലിയ
വെടിക്കെട്ട്‌, സ്വയം സ്പോന്‍സര്‍ ചെയ്തു നടത്തിക്കൊണ്ടിരിക്കുകയാണ് "

---------------------------------------------------------------------------------------------------------