Reminiscece Of Air Force Life

Monday, September 23, 2013

എയര്‍ ക്രാഫ്റ്റ് ഫയറിംഗ് റേഞ്ച് -

              ഇന്ത്യയിലുള്ള ഐയര്‍ഫോഴ്സ് പൈലട്ടുമാര്‍ക്ക്, വിമാനത്തില്‍ നിന്ന്
ബോംബിട്ടും, ഫയര്‍ ചെയ്തും പരിശീലിപ്പിക്കുന്ന  സ്ഥലത്തെ ആണ് 'എയര്‍ ക്രാഫ്റ്റ് ഫയറിംഗ്  റേഞ്ച്'  എന്ന് അറിയപ്പെടുന്നത് - ഇതിനെ കുറിച്ചുള്ള ഒരു ഏകദേശ വിവരണം, എ മിഷന്‍ ക്യാന്‍സല്‍ഡ്എന്ന എന്റെ പോസ്റ്റില്‍
 പ്രദിപാതിച്ചിട്ടുണ്ട് -അത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല -
                    എന്തായാലും,പുതിയ പൈലട്ടുകളെ പരിശീലിപ്പിക്കുക, പഴയ ആള്‍ക്കാരെ കൂടുതല്‍ പ്രാപ്തരാക്കുക, എന്ന ഉദ്ദേശത്തിലാണ് ഈ ഫയറിംഗ് റേഞ്ച് പ്രാക്ടീസില്‍ കൂടി ലക്ഷ്യമാക്കുന്നത് -
                       അതുകൊണ്ട് എല്ലാ കൊല്ലവും മൂന്നോ നാലോ ഫയറിംഗ്  റേഞ്ച്
പ്രാക്ടീസിനായി , ഐയര്‍ഫോഴ്സിലെ എല്ലാ സ്ക്വാര്‍ഡനുകളും ഒരുങ്ങേണ്ടി വരും -
            ഇതില്‍ കൂടുതല്‍ നമ്മള്‍ കേട്ടിട്ടുള്ളത്, ഡല്‍ഹിക്ക് അടുത്തുള്ള 'തിരുപ്പത് 'റേഞ്ചിനെ കുറിച്ചാണ് -
              'റിപ്പബ്ലിക്ക് ദിനത്തിനും, ആഗഗസ്റ്റ് പതിനഞ്ചിനും ഒക്കെ, വിശിഷ്ട അതിഥികള്‍ വന്നു കാണാറുള്ള  അഭിനവ വ്യോമസേനയുടെ വൈശേഷ്യങ്ങള്‍--
                               'കാവിലെ പൂരത്തോട് അനുബന്ധിച്ച് എല്ലാ കൊല്ലവും നടത്തുന്ന 'കുറത്തിയാട്ടം', പോലെ നമ്മള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട് -
                      നമ്മുടെ മിഴിവും, കഴിവും ലോകത്തെ അറിയിച്ചു കൊടുക്കാന്‍ !
പക്ഷെ രാഷ്ട്ര പിതവായ്ള്ള ഗാന്ധിജിയുട ജന്മ സ്ഥലമായ ഗുജറാത്തിലുള്ള
ജാംനഗറിലേക്ക് ആയിരുന്നു എന്റെ യൂണിറ്റിന്റെ നിയോഗം !
                                പൊതുവേ 'ട്ടെമ്പററി ' ഡ്യൂടി എന്ന് പറയുന്നത് തന്നെ ഒരു അസൌകര്യമാണ് - കുടുംബത്തെ പിരിഞ്ഞു മൂന്നാല് ആഴ്ചകള്‍ നില്‍ക്കേണ്ടി വരും -
           ബാച്ചിലേഴ്സ് ആയവര്‍ക്ക്, ആശുപത്രികളില്‍  നഴ്സുമാരായി, ജോലി നോക്കുന്ന 'കസിന്‍സിനെ' വാരാന്ത്യം കാണാനോ, ഞായറാഴ്ചകളില്‍ ഉള്ള,
ഒരു മോണിംഗ്ഷോ മലയാളം സിനിമ കാണാനോ പറ്റില്ല, എന്നത് ഒക്കെ ആണ് മുഖ്യ കാരണങ്ങള്‍ -
                    അന്നൊക്കെ വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ക്ക്,
ഒരു മലയാളം സിനിമ കാണാന്‍ പറ്റുകഎന്നത് അത്ര ധന്യമായ മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു.
                ഇപ്പോള്‍ പെരുംമ്ബാവൂരിലും,  , എറണാകുളത്തും ഒക്കെ ഞായറാഴ്ച 'ഉച്ചപടം', ഒരു ഒറിയ, ആസ്സാമി സിനിമ നടത്തുന്ന പോലെ !
              'വമ്പന്‍ കളക്ഷന്‍ ആയിരിക്കും'!
        അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് !
                    വിഷയം മാറി പോകുന്നു -
     പക്ഷെ 'ജാംനഗര്‍ ടി.ഡി യുടെ'   വൈക്ലബ്യം ഇതൊന്നും അല്ലായിരുന്നു !
                      ഗുജറാത്ത്‌, മൊത്തം ഉണങ്ങി വരണ്ട് കിടക്കുകയാണ് !
          അതുകാരണം പട്ടാള കാംമ്പുകളില്‍ പോലും, ആ കാര്യത്തില്‍ നിയമം കര്‍ക്കശമാണ്‌ -
                           മറ്റേതു സ്ഥലമാണെങ്കിലും, സീനിയര്‍ എന്‍.. സി. ഓ മെസ്സില്‍ നിന്നോ, ഓഫീസേഴ്സ് മെസ്സില്‍ നിന്നോ, സംഗതി   സംഘടിപ്പിക്കാന്‍ പറ്റും -  ജാംനഗറില്‍  ഒരു രക്ഷയും ഇല്ല -
                     നിയമം അത്ര പരുഷമായത് കൊണ്ട്, വെളിയില്‍ 'സപ്ലൈ ഡിമാണ്ട്
ഇക്കണോമിക് തിയറി' തികച്ചും അനുഭവിച്ച് അറിയാമായിരുന്നു !
                       അന്നത്തെ കാലത്ത് (നാല്‍പ്പതു കൊല്ലം മുന്‍പ്), നൂറു രൂപ വാടക കൊടുക്കുന്ന ഇടപാടുകള്‍, ഒരു കുപ്പി റമ്മില്‍,  ഒതുക്കിയ പട്ടാളക്കാരും ഉണ്ടായിരുന്നു !
              എല്ലാ സെക്ഷന്റെയും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,
ആദ്യമേ പോകുന്ന ' ട്രാന്‍സ്പോര്‍ട്ട്' വിമാനങ്ങളില്‍ കയറ്റി അയക്കും -
              'സ്പെയര്‍ പാര്‍ട്സുകള്‍', 'ടൂള്‍സ്', 'സപ്പോര്‍ട്ടിംഗ് എക്വിപ്മെന്‍സ്,'
തുടങ്ങിയ അത്രയും നാളുകള്‍ക്ക് ആവശ്യം വരുന്ന സാധനങ്ങള്‍ എല്ലാം -
       'സ്റ്റാര്‍ട്ടിംഗ് ബാറ്ററി' തുടങ്ങിയ ചിലതെല്ലാം അങ്ങിനെതന്നെ അയക്കും -
ചിലതെല്ലാം 'കാര്‍ട്ടനുകളില്‍', അല്ലെങ്കില്‍  വീഞ്ഞ പെട്ടികളില്‍ ആക്കി,
ഡിപ്പാര്‍ട്ടൂമെന്റിന്റെ പേരുകള്‍ അവയില്‍ എഴുതി -
              'ജാംനഗര്‍ ടി. ഡി യില്‍' അങ്ങിനെ പോകുന്ന 'സെക്ഷന്‍' പെട്ടികളില്‍, ഒന്നു രണ്ടെണ്ണം 'ത്രിഗുണന്‍' ആയിരിക്കും !        
              ഇത് പരസ്യമായ ഒരു രഹസ്യമാണ് !
                  അതാത് സെക്ഷന്കാര്‍ക്ക്, അവിടെ ചെന്ന്‍ കഴിഞ്ഞ്, ഒന്നിച്ചു കൂടാനും, ഉല്ലസിക്കാനും ആയുള്ള ഒരു അറിഞ്ഞും അറിയാതെയുമുള്ള കീഴ്വഴക്കം !
                          അതിനും ഒരു ലിമിറ്റുണ്ട് !
            പക്ഷെ എന്റെ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്, വേറെ ഒരു സൗകര്യം കൂടി ഉണ്ടായിരുന്നു !
                എന്റെ  യൂനിറ്റ് 'ഹണ്ടര്‍' വിമാനങ്ങളുടെത് ആയിരുന്നു -
           അതില്‍ 'ഗെണ്‍ പാക്ക്' വിമാനത്തില്‍   ഘടിപ്പിക്കുന്നതും, ഊരുന്നതും,
     ഞങ്ങളുളുടെ സെക്ഷന്റെ മാത്രമായ മേഘല ആണ് -
                  ഈ  'ഗെണ്‍ പാക്കില്‍' 30  എം. എം  അമ്മോനീഷന്‍ മാലയായി ലോഡ്
ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ട് -
                  ജാംനഗറിലേക്ക്, വിമാനങ്ങള്‍ പോകുമ്പോള്‍, ഈ പാക്കിന് അകത്തുള്ള  സ്ഥലമെല്ലാം, ഡല്‍ഹി പോസ്റ്റല്‍ പിന്‍ കോഡ്‌ പോലെ 'ശൂന്യ് ശൂന്യ് ശൂന്യ്' ആയിരിക്കും - അവിടെ എല്ലാം 'ത്രിഗുണനെ' തിരുകും -
                    വിമാനങ്ങള്‍  ജാംനഗറില്‍ എത്തി ആദ്യത്തെ സോര്ട്ടിക്കുള്ള
ഒരുക്കത്തിന് മുന്‍പ്, ഇവനെ എത്തേണ്ട സ്ഥലത്ത് എത്തിക്കും !
             വിമാനത്തിന്റെ ദൈനംദിന ജോലികളില്‍ എന്റെ 'വിഭാഗത്തിന്'
 വലിയ പ്രസക്തി ഇല്ല . ഞങ്ങളുടെ ' ട്രേഡ്‌കാരെ', ബാക്കി 'ഹൈടെക്കുകാര്‍',
 'ഫത്തു' എന്നാണു വിളിച്ചിരുന്നത്.
        'ഫത്തു' എന്ന് പറഞ്ഞാല്‍ 'തലയില്‍ ആള്‍ താമസം ഇല്ലാത്ത വര്‍ഗം എന്ന്-
                         പക്ഷെ ജാംനഗര്‍ ടി. ഡി  വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പഴയ പാര്‍വത്ത്യാരുടെ പവറാ!
                ഞാന്‍ എഴുതി വന്നത് ജാംനഗര്‍ ഫയറിംഗ്  റേഞ്ചിനെ കുറിച്ചാണ് -
ഞാന്‍ അതിലേക്ക് വരാം -
                  ആ ടി. ഡിയില്‍ ആദ്യത്തെ ഒരാഴ്ച എനിക്ക്  ഫയറിംഗ്  റേഞ്ച് ഡ്യൂട്ടി
ആയിരുന്നു.
                 റേഞ്ചില്‍ ഫയറിംഗ് നടക്കുന്ന ദിവസങ്ങള്‍, രണ്ടാഴ്ചകള്‍ മുന്‍പേ, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളെ അറിയിച്ച്, അവരുടെ അനുവാദം മേടിച്ചിരിക്കണം എന്നതാണ് നിയമം.
                 അതെല്ലാം ജാംനഗര്‍ എയര്‍ഫോഴ്സിന്റെ 'അഡ്മിന്‍' സെക്ഷന്‍ ചെയ്തു കഴിഞ്ഞു.
                  ഇനി പ്രാക്ടീസ് നടക്കുന്ന ദിവസങ്ങളില്‍, സ്ഥലം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്ന് രണ്ട് പോലീസുകാരെയും കൂട്ടി, റേഞ്ച് പരിസരത്തേക്കു പോകണം.
                  റേഞ്ച് തുടങ്ങുന്നതിന് മുന്‍പ് , വിവിധ ഭാഷകളില്‍ സ്ഥിരമായി
സ്ഥാപിച്ചിട്ടുള്ള 'സൈന്‍ ബോര്‍ഡുകള്‍' നിലനില്‍ക്കുന്നുണ്ടോ എന്ന്  ഉറപ്പ്
വരുത്തണം.
                   അതുകഴിഞ്ഞ് ഒരു ഇരുനൂര്‍ മീറ്റര്‍ പിന്നീടുമ്പോള്‍
                         " റേഞ്ച് ഈസ് ലൈവ്, കീപ്‌  എവേ" എന്നര്‍ത്ഥം വരുന്ന നാനാ ഭാഷകളിലുള്ള ബോര്‍ഡുകള്‍ പോലീസുകാരന്‍ തൂക്കും -
                അതുകഴിഞ്ഞ് നൂറു വാര  കഴിയുമ്പോള്‍ എയര്‍ ഫോഴ്സിന്റെ വക,
ഒരു ചുമന്ന കൊടിയും 'നിരോധിത പ്രദേശം,  അതിക്രമിച്ചു കടക്കുന്നവരെ"
അങ്ങിനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ ഉള്‍ക്കൊണ്ട ഒരു നോട്ടീസും
പതിപ്പിക്കേണ്ടത്, എന്റെ ചുമതല  ആണ്.  
              കൃതാര്‍ത്ഥനായി എന്റെ ദൌത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച്,  ഞാന്‍ റേഞ്ച് പെരിമീറ്റര്‍ ഫെന്‍സിന്റെ വാതില്‍ തുറന്ന്അകത്തുള്ള  ഷെല്‍ട്ടറിലേക്ക്
പോയി.
                    റേഞ്ച്   ഷെല്‍ട്ടര്‍ എന്ന് പറഞ്ഞാല്‍, ആയിരക്കണക്കിന് ഏക്കര്‍ കമ്പി വേലികളാല്‍ സംരക്ഷിക്കപ്പെട്ട പ്രദേശത്തിന്റെ അറ്റത്തുള്ള ഒരു അണ്ടര്‍ ഗ്രൌണ്ട് സ്ഥലമാണ്-    
                          അത് റേഞ്ചില്‍ നടക്കുന്ന ബോംബിങ്ങും വെടിവെപ്പും ഒന്നും
  ഏല്‍ക്കാത്ത ഒരിടം- അവിടെ നിന്ന് അങ്ങ് ദൂരെ  റേഞ്ചില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ സുരക്ഷമായി കാണാം -
                     എന്റെ കൂടെ വന്ന ഒരു 'വയര്‍ലെസ്കാരന്‍', സെറ്റില്‍ കൂടി, ഞങ്ങള്‍
എത്തിയ വിവരം എ.ടി. സിയെ ( എയര്‍ ട്രാഫിക്ക് കണ്ട്രോള്‍)) റൂമിനെ ) അറിയിച്ചു.
                        അങ്ങേര്‍ ജാംനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരാളാണ് -
    ഇത് പോലെ ഒരുപാട് വെള്ളിയാഴ്ച പള്ളിയില്‍ പോയിട്ടുള്ള ഒരു മുല്ലാക്ക-
                      അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്,
         'നിയമം നിയമത്തിന്റെ വഴിക്ക്, ഞാനൊരു 'മാവലായിക്കാരന്‍' ആണ്,
എന്ന് പറയുന്ന ഒരു റോളിലേക്ക്, ഉള്‍വലിഞ്ഞു-  
                     കുറച്ചു കഴിഞ്ഞ് എ.ടി. സിയില്‍ നിന്ന് വിവരം കിട്ടി -
        രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന്, ടാര്‍ഗെറ്റിലേക്ക് എത്തുന്നു-
                      ഞാന്‍ 'പീപ്പ് ഹോളില്‍' കൂടി നോക്കി - വിജനമായ കുറെ സ്ഥലവും,
  ദൂരെ വലതു വശത്ത്, ഫെന്‍സിനു പുറത്ത് ഒരു ഗ്രാമവും -
                 വിമാനം വന്നു ബോംമ്പിടുന്നതും,  വെടി വെക്കുന്നതും ആയ കാഴ്ച
ഉറ്റു നോക്കി ഇരുന്നു.
                 അല്‍പ സമയത്തിനുള്ളില്‍, റേഞ്ചിലെ ടാര്‍ഗെറ്റ്  വെച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നേ, പൊടിപടലം പൊങ്ങുന്നത് കണ്ടു.
                                പിന്നെ, ചെവി പൊട്ടുമാറു  ശബ്ദത്തില്‍, രണ്ട് വിമാനങ്ങള്‍ ലോലെവലില്‍  ഷെല്‍ട്ടറിന്റെ  മുകളില്‍ കൂടി കടന്നു പോയി -
           ഒരു യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല എങ്കിലും, ഇത് പോലെ ഒരു അനുഭവം നടാടെ  ആയിരുന്നു !
             ഒരു എയര്‍ അറ്റാക്കിന്റെ എല്ലാ 'എഫെക്ടും' എനിക്ക് അനുഭവപ്പെട്ടു -
   ഞാനിതെല്ലാം കണ്ട് അനുഭവസംമ്പന്നനായി നില്‍ക്കുമ്പോള്‍ ആണ്, മറ്റൊരു
 കാഴ്ച ശ്രദ്ധിച്ചത് -
                   കുറേ കുരുന്നു കുട്ടികള്‍, വലത് വശത്തെ ഗ്രാമത്തിന്റെ സൈഡില്‍ നിന്നും, ആര്‍ത്തിരമ്പി   ടാര്‍ഗെറ്റു സ്ഥലത്തേക്ക് ഓടി അടുക്കുന്നു -
          ഇതുകണ്ട് അന്തംവിട്ട ഞാന്‍, പോലീസുകാരനെ വിളിച്ചു അത് കാണിച്ചു-
     "ഈ ഡ്യൂട്ടിക്ക് വന്നതുകൊണ്ട്, 'ചാര്‍സൌബീസ്' അയാളുടെ മുറുക്കാനിലെ
ഏലക്കയുടെ അഭാവത്തെ കുറിച്ച് ആയിരുന്നു  അയാളുടെ ജല്‍പനം-
         വയര്‍ലെസ്സില്‍, അടുത്ത 'ഫയറിംഗ് സോര്‍ട്ടിയുടെ, അറിയിപ്പ വന്നു !
                         ഞാന്‍ കൂടെ വന്ന 'ഇന്‍ ചാര്‍ജിന്റെ' തോളില്‍ തട്ടി  എന്റെ  ഉല്ഖണ്ട  അറിയിച്ചു -
                    അങ്ങേരും,  ഒരു കുത്ത് ചീട്ടുമായി 'സോളിട്ടയര്‍' കളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു !
                       എനിക്ക് നിക്കകള്ളി ഇല്ലാതെ ആയി !
     ഞാന്‍ 'വയര്‍ലെസ് സെറ്റിന്റെ' ബട്ടണുകളില്‍, അവിടെയും ഇവിടെയും എല്ലാം അമര്‍ത്തി -
              റേഞ്ചില്‍ ആളുകളുണ്ട് എന്ന് പറയാനുള്ള വ്യഗ്രതയില്‍ -
                      വയര്‍ലെസ്കാരന്‍ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു-
                                      "നീ,  എന്റെ ജോലി ചെയ്യണ്ട" -
     അന്ന് കൂടുതലും ' ഹണ്ടര്‍ സ്ക്വാര്‍ഡനുകള്‍' ആയിരുന്നു എയര്‍ ഫോഴ്സില്‍-.
                പുതിയ പൈലട്ടുകള്‍, 'ട്രെയിനറിലും' , അല്ലാത്തവരെ, ഫൈറ്റര്‍ വിമാനങ്ങളിലും  ആണ് പോകുന്നത് -
               ഫൈറ്റര്‍ വിമാനങ്ങളില്‍, ' എമപ്ടി ഷെല്‍' , (വെടി ഉണ്ടയുടെ പുറകു വശത്തെ,  മെറ്റല്‍ ഭാഗം) വിമാനത്തില്‍ തന്നെ ശേഖരിച്ച് കൊണ്ട് വരാനുള്ള
സംവിധാനം ഉണ്ട് -              
                                     'ട്രെയിനര്‍'  വിമാനങ്ങളില്‍, ഇവ വെളിയിലേക്ക് തെറിച്ചു പോകാനുള്ളതാണ് സംവിധാനം-
        ഈ 'എമപ്ടി ഷെല്‍'  ശുദ്ധമായ പിച്ചളയില്‍ ഉണ്ടാക്കപ്പെട്ടവ ആയിരുന്നു-
                   ഒരെണ്ണം ഏതാണ്ട് നാനൂറു ഗ്രാം വരും -  മാര്‍ക്കറ്റില്‍ അന്നത്തെ കാലത്ത് (എഴുപതുകളില്‍ ) അഞ്ചു രൂപയോളം വില വരും -
                  ഇത് പറക്കാനാണ്‌, പിള്ളേര്‍ ഓടി വന്നിരുന്നത് -
   വേഗതയും, ഫെന്‍സിന്റെ കീഴില്‍ കൂടി നൂണ്ട്  കയറാനും സൗകര്യം ഉള്ള കുട്ടികള്‍ -
               അതുകൊണ്ട് അവിടത്തെ 'പിച്ചള' മുതലാളികളുടെ അനുവര്‍ത്തികള്‍
      ആയിരുന്നു ആ കുട്ടികള്‍. ---
                           ആ കുട്ടികള്‍ക്ക് 'ഡൈവ്' ചെയ്ത് വരുന്ന വിമാനം, ഫൈറ്റര്‍ ആണോ,    'ട്രെയിനര്‍'  ആണോ എന്ന് മനസ്സിലാക്കാന്‍ ഉള്ള പരിജ്ഞാനവും ഉണ്ടായിരുന്നു !
              ഒരു 'സോര്‍ട്ടി' ഫയര്‍ ചെയ്ത് പോയാല്‍, അടുത്തത് എത്ര മിനിട്ട് കഴിഞ്ഞാണ് വരുന്നത്, എന്ന ഉറപ്പും!
           പക്ഷെ, ആ ഉറപ്പ്  എയര്‍ ഫോഴ്സ് അറിഞ്ഞു കൊടുത്തതാണ് എന്ന്,
അവര്‍ക്കും അറിയില്ല !
         ആ റേഞ്ച് തുടങ്ങിയ കാലം മുതലേ, ഈ പ്രശ്നം അവിടെ ഉണ്ടായിരുന്നു-
                    "പട്ടാള കാര്യം മുറ പോലെ"  എന്ന് പണ്ട് നടന്നത് കാരണം, ഒന്ന് രണ്ട് 'കാഷ്വാലിട്ടീസും' ഉണ്ടായിട്ടുണ്ട് എന്നാണു പാണന്മാര്‍ പാടുന്നത് -
                 
       എന്തായാലും ഒരുപാട് പൈലറ്റ്മാര്‍ക്ക്, ഈ ദൃശ്യം ഒരു അസൌകര്യമായി വന്നപ്പോള്‍,
              "മമ്മത് മലയിലേക്കു വന്നില്ല എങ്കില്‍, മല മമ്മദിന്റെ അടുത്തേക്ക് വരാം" എന്ന രീതിയില്‍ അവരുടെ സമീപനം മാറ്റി -
         ഒരു  'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞാല്‍ അടുത്ത മൂന്നെണ്ണം  ഫൈറ്റര്‍ സോര്‍ട്ടികള്‍ ആയിരിക്കും - അതും  'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞുള്ള ദൈര്‍ഘ്യം
നീട്ടിക്കൊണ്ട് -
                ഈ അലിഘിത വ്യവസ്ഥയാണ്‌ ഞാന്‍ അവിടെ കണ്ടത് -
       അങ്ങിനെ, ജാംനഗറില്‍ അടുത്തടുത്ത്‌ രണ്ട്  'ട്രെയിനര്‍ സോര്‍ട്ടികള്‍'
 ചെയ്യാതെ ആയി !
                       "നാടോടുമ്പോള്‍ നടുവേ ഓടണം"
------------------------------------------------------------------------------------------------------

Friday, September 20, 2013

സൃഷ്ടിയും സ്ഥിതിയും

        തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലാണ് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ കാള്‍ വന്നത് -
            "ചേട്ടാ, അച്ഛന്‍ മരിച്ചു "
      ഒരു നിമിഷം സാധാരണ മരണ  വാര്‍ത്ത കേള്‍ക്കുന്നത് പോലെ, ഞാനും സമചിത്തത നഷ്ടപ്പെട്ട് നിന്നു.
               മരിച്ചത് എന്റെ അച്ഛന്‍ ആണ്. എനിക്ക് ജന്മം തന്ന ആള്‍ !
          പക്ഷെ എന്റെ കണ്ണുകള്‍ നിറഞ്ഞില്ല ! എനിക്ക് കരയാന്‍ തോന്നിയില്ല !
                   ആകെ ഒരു നിസ്സംഗത -
        'അച്ഛനെയാണെനിക്കിഷ്ടം' എന്ന  പാട്ട് കേട്ടപ്പോള്‍ പോലും, എനിക്കെന്തേ അങ്ങിനെ ചിന്തിക്കാന്‍ പറ്റിയില്ല !
         എനിക്ക് സ്വരങ്ങളെക്കാള്‍ പരിചയം അപസ്വരങ്ങളോട് ആയിരിക്കാം !
                          അച്ഛനെ കുറിച്ച് ആകെയുള്ള  ഓര്‍മ, ഒരു വിദൂര കാഴ്ച പോലെ, സ്കൂട്ടറില്‍ കയറ്റ്കയറ്റി കൊണ്ട് പോയി മിട്ടായി മേടിച്ചു തന്നു എന്ന  ഒന്ന് മാത്രം -
          മിട്ടായിയും, മധുരവുമാണ്, പിതൃ സങ്കല്‍പ്പത്തിന്റെ അധാരമെങ്കില്‍, എത്ര പേര്‍ എനിക്കിതെല്ലാം നല്‍കിയിരിക്കുന്നു -
             എനിക്ക് കൂടുതല്‍ അറിയില്ല - എന്റെ അമ്മക്ക് ഞങ്ങള്‍ രണ്ട് കുട്ടികള്‍ ഉണ്ടായി അങ്ങേരില്‍ നിന്നും -
              ആ മിട്ടായി പ്രായം കഴിഞ്ഞ് ഞാന്‍ അങ്ങേരെ കണ്ടിട്ടേ ഇല്ല -
           ഒരു ദിവസം അച്ഛനും ഒരു സ്ത്രീയും മറ്റൊരു പുരുഷനും കൂടി, വീട്ടില്‍ വന്ന ഓര്‍മയുണ്ട് - തുടര്‍ന്ന് എന്തോ വക്കാണങ്ങള്‍ അച്ഛനും അമ്മാവനുമായി നടന്നു-
                ഇതുവരെ ആരോടും കയര്‍ത്ത് വര്‍ത്തമാനം പറയാന്‍ അറിയാത്ത അമ്മാവന്‍, അച്ഛനെ പടിക്ക് വെളിയിലേക്ക് തള്ളി കൊണ്ടുപോയി വിടുന്ന
ഒരു രംഗം -
           തുടര്‍ന്ന്‍ അമ്മൂമ്മ ബോധംകെട്ട് കിടക്കുന്നു, തുടങ്ങിയ ചില വേറിട്ട ഓര്‍മ്മകള്‍ !
            പിന്നെ ഞാന്‍ അച്ഛനെ കണ്ടിട്ടില്ല -
                       ഈ ഓര്‍മശകലങ്ങള്‍ കൂട്ടിയിണക്കാന്‍ അന്ന് എനിക്ക് പ്രാപ്തി ഇല്ലായിരുന്നു -
                  ഞാന്‍ വളരുന്നതിന് അനുസരിച്ച്, ആരും എനിക്ക് വിശദീകരിച്ചു തരാത്ത ആ ഓര്‍മ്മകള്‍  എന്റെ മനസ്സിനെ മഥിച്ചിരുന്നു -
                        പലരും പലതും പറഞ്ഞു കേട്ടു -
      എന്റെ അമ്മയുടെ സ്ഥലം, അമ്മൂമ്മയുടെ ഒപ്പും സംഘടിപ്പിച്ച് പണയം
വെച്ചതിന്റെ 'ജപ്തി നോട്ടീസ്' വന്നു പോലും -
                അങ്ങേരുടെ വീട്ടില്‍ നിന്ന് ഭാഗം ആയി കിട്ടിയ സ്വത്തും അര്‍മാദിച്ചു
തീര്‍ത്തു അത്രേ -  
                                  കാരണം എന്തും ആയിരിക്കാം - എനിക്ക് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ -
                  എന്തുകൊണ്ട് ഞങ്ങളെ കാണാന്‍ അങ്ങേര്‍ വന്നില്ല ?
                  'അങ്ങേരുടെ കൈയ്യിലിരുപ്പ്‌ ശരിയല്ല'-
       ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍, അമ്മൂമ്മയും,   അമ്മയും, ചേച്ചി അമ്മയും ഒക്കെ, എന്റെ അന്വേഷണങ്ങളില്‍ കമ്പിളി  പുതപ്പ് വിരിക്കുക ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി -
                'പെഡിഗ്രീ' ഇല്ലാത്ത ഒരു പട്ടിയെപ്പോലെ, എല്ലാ 'ഡോഗ്ഷോയിലും',
ഞാന്‍ അഭിനയിച്ചു -
                   എന്റെ മനസ്സിലെ വേദനകള്‍, എന്റെ ചിന്താഭാരം ആരെയും അറിയിക്കാതെ - എന്റെ ദുഃഖം എന്റെത് മാത്രമായി ഒതുക്കി -
                അവസാനം ഞാന്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍, അമ്മാവനും ചേച്ചി അമ്മയും കൂടി എന്റെ പുനര്‍ പഠനം രൂപീകരിച്ചു -
             എന്നെക്കാള്‍ മാര്‍ക്ക് കുറഞ്ഞു കിട്ടിയ, ചേച്ചിയമ്മയുടെ മോന്, കാശ് കൊടുത്ത് എന്ജിനിയറിങ്ങും, എഴുപത് ശതമാനം മാര്‍ക്ക് കിട്ടിയ എനിക്ക് 'ഡിപ്ലോമയും' !
             പക്ഷെ കുറ്റം പറയരുതല്ലോ- ഡിപ്ലോമ കഴിഞ്ഞപ്പോള്‍ തന്നെ, അവര്‍ എന്നെ വെളിയിലേക്ക് കൂട്ടി കൊണ്ട് പോയി -
              അങ്ങിനെ കൊള്ളാവുന്ന ഒരു ജോലിയും കിട്ടി, ബന്ധു ജനങ്ങള്‍ക്ക്
തലവേദന ഇല്ലാതിരിക്കുമ്പോഴാണ്, അനിയന്റെ ഈ ഫോണ്‍ വിളി -
        "ചേട്ടാ, അച്ഛന്‍ മരിച്ചു, ഇവിടെ എല്ലാപേരും ഞാന്‍ അവിടെ പോണം എന്ന് പറയുന്നു, ഞാന്‍ എന്താ  ചെയ്യേണ്ടത് ? "
                    അവന്റെ കാര്യം എന്നേക്കാള്‍ പരിതാപകരം -
               ജനിച്ചിട്ട്‌, അച്ഛന്‍ ആരാണെന്ന് നേരില്‍ കാണാത്ത മനുഷ്യജീവി !
        ഞങ്ങള്‍ ഇതേക്കുറിച്ച് നേരിട്ട് ഒരു സംസാരം ഉണ്ടായിട്ടില്ല -
                                            എന്നാലും ഞങ്ങളുടെ പരിമിതികളില്‍ വെച്ച്, ചില പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍, അറിയാതെ " നിനക്ക് ഞാനും, എനിക്ക് നീയും, അമ്മക്ക് നമ്മളും"  എന്ന ഒരു അന്തര്‍ലീനമായ സമ്പര്‍ക്കം ഞങ്ങളില്‍ ഉണ്ടായി-                           അവന് എന്നേക്കാള്‍ ഉപരി ഒരു പകയുടെ ജ്വാല ആയിരുന്നു മനസ്സില്‍  -
                                വീട്ടുകാരും, നാട്ടുകാരും എല്ലാം അവന്‍ പോകണം എന്ന് പറഞ്ഞു.  ചില എം. ടി കഥകള്‍ വായിക്കുന്ന പോലെ, നീ  ചെയ്യേണ്ട കാര്യങ്ങളും കര്‍മങ്ങളും, നാട്ടു നടപ്പനുസരിച്ച് ചെയ്യണം, എന്ന് അവനെ നിര്‍ബന്ധിച്ചപ്പോഴാണ് എന്നെ വിളിച്ചത് -
                        എല്ലാരെക്കാള്‍ ഉപരി അവനെ മനസ്സിലാക്കാന്‍ കെല്‍പ്പുള്ള ഞാന്‍
ചോദിച്ചു -
                      "നിന്റെ അഭിപ്രായം എന്താണ് ?"
             "ഇതു വരെ ഞാന്‍ ജീവനോടെ കാണാത്ത ഒരു മുഖം ഈ അവസ്ഥയില്‍
കാണുന്നത് ഓര്‍ക്കുമ്പോള്‍, ഒരു പബ്ലിക് മോര്‍ച്ചറിയില്‍ കയറുന്ന പ്രതീതി ആണ് എനിക്ക് തോന്നുന്നത്".
          ഈ ഉത്തരം എനിക്ക് അവന്റെ വായില്‍ നിന്ന് കേള്‍ക്കണമായിരുന്നു -
                                ഒരു കാര്യം ഞാന്‍ നിശ്ചയിച്ചു -
                                   എന്ത് പോക്രിത്തരവും ചെയ്ത്, മക്കളെ സംരക്ഷിക്കാത്ത ഒരച്ഛനു, വായ്ക്കരിയിടാനും, ബലി ഇടാനും മക്കള്‍ ഉണ്ടാകും എന്ന ഈ നാട്ടു നടപ്പിന് ഒരു മാറ്റം ഉണ്ടാകണം എങ്കില്‍,  സംരക്ഷണം നല്‍കാത്ത പൈതൃകത്തെ നാലാളറിയെ ത്യജിക്കണം -
             അല്ലെങ്കില്‍ ഇത് സമൂഹത്തില്‍ ആവര്‍ത്തിക്കും- ഇത് സമൂഹത്തിന് ഒരു
പാഠം ആകട്ടെ !
             ഞാന്‍ അന്ന് അനിയന് ശക്തമായ ഒരു ഉപദേശം നല്‍കി -
                "കര്‍മം കൊണ്ട് ചെയ്തില്ല എങ്കില്‍, ജന്മം കൊണ്ട് ചെയ്തതിന് ഒരു പ്രസക്തിയും ഇല്ല"-
               എന്റെ അനിയന് എന്നെ മനസ്സിലായി എന്ന് തോന്നുന്നു -
                             "അവന്‍  പോയില്ല "

----------------------------------------------------------------------------------------------------------

Thursday, September 12, 2013

സാബ്കോ ജല്‍ദീ ദേന

                 
                                 
                       എന്റെ ബ്ലോഗിന്റെ ആമുഖത്തില്‍, എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒന്നാം ഇന്നിങ്ങ്സ്, പതിനഞ്ചു കൊല്ലം എയര്‍ ഫോഴ്സിലായിരുന്നു എന്ന് ഞാന്‍ എഴുതിയിരുന്നല്ലോ. ഈ പ്രമേയം, ആ കാലഘട്ടത്തില്‍ നടന്ന ഒരു അനുഭവത്തില്‍ നിന്നാണ് അങ്കുരിച്ചത്.
                         എന്റെ കല്യാണത്തിന് ശേഷം, ഭാര്യയുമൊത്ത്, ആദ്യമായി ഒരുമിച്ചു താമസിച്ചത്, ഹരിയാനയിലുള്ള അംബാലയിലാണ്.
                               എയര്‍ ഫോഴ്സ് ഔദ്യോഗിക താമസ സൗകര്യം കിട്ടാന്‍
അര്‍ഹതയില്ലാതിരുന്ന എനിക്ക്, വെളിയില്‍ 'ഒരുമുറി-കിച്ചന്‍' എന്ന സംവിധാനത്തിലെ, കഴിയുമായിരുന്നുള്ളൂ.
                          'സ്വയം കൃതാനാര്‍ത്ഥമാണ്'
                 കാരണം, ഔദ്യോഗികമായ അര്‍ഹത കിട്ടണമെങ്കില്‍, വയസ്സ് ഇരുപത്തഞ്ചു കഴിയണം!  
                എന്റെ ജേഷ്ഠന്‍ പോലും വിവാഹിതനാകാത്ത ആ ഘട്ടത്തില്‍,
ഏഴു കൊല്ലത്തെ എയര്‍ ഫോഴ്സ് ജീവിതത്തിന്റെ അനുഭവ സമ്പത്തും
ഏറി, ഇരുപത്തി നാല് കഴിഞ്ഞു, അവധിക്കു വീട്ടില്‍ ചെന്ന ഞാന്‍,
അമ്മയോട് പറഞ്ഞു.
                           "എനിക്ക് കല്ല്യാണം കഴിക്കണം" !
                     മുപ്പതു വയസ്സിനു മുന്‍പ്, എന്റെ കുടുംബത്ത്, ആണുങ്ങള്‍
ആരും കല്ല്യാണം കഴിച്ച ചരിത്രമില്ല.  
             "ഏതായാലും കല്ല്യാണം കഴിക്കണം, അങ്ങിനെ എങ്കില്‍, നാല്പത്തഞ്ചാം വയസ്സില്‍, നരച്ച മുടി ഡൈ ചെയ്തു, കൊച്ചിനെ എല്‍..കെ. ജിയില്‍  ചേര്‍ക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നത്, ബുദ്ധിഹീനവും, അപ്രായോഗികവും ആണ് എന്നതായിരുന്നു", എന്റെ ആര്‍ഗ്ഗുമെന്റ്റ്.
                                              എന്തും, വിചാരിച്ച പോലെ തന്നെ ഞാന്‍ ചെയ്യും എന്നറിയാവുന്ന  വീട്ടുകാര്‍ "ശരി അങ്ങിനെ തന്നെ ആകട്ടെ" എന്ന പ്രമേയം കുടുംബ യോഗത്തില്‍ പാസ്സാക്കി.
                                  ഞാന്‍ എന്തെങ്കിലും തോന്നിയവാസം ചെയ്തേക്കുമോ
എന്ന പേടി ആയിരിക്കാം, എന്റെ അമ്മയെ മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിച്ചത്.
                                    അവധി കഴിഞ്ഞു തിരിച്ചു പോകാന്‍ ബാക്കി ഉള്ള പതിനേഴു ദിവസത്തിനുള്ളില്‍, കല്ല്യാണം ഉറപ്പിക്കാനുള്ള സംരംഭം തകൃതിയായി നടന്നു. ബന്ധുക്കാരില്‍ കൂടി കേട്ട് അറിവുള്ള ഒരു ആലോചന ഏതാണ്ട് ശരിയായി . അതിനെ കുറിച്ച് അന്വേഷിച്ചു പറഞ്ഞ  ഒരു കാര്‍ന്നോരോട്‌, ജിജ്ഞാസ കൊണ്ട് ഞാന്‍  ചോദിച്ചു.
                   "പെണ്ണും വീട്ടുകാരും എങ്ങിനെയുണ്ട്?"
         മുഖം അടച്ചു ഒരു അടി തന്ന പോലെ കാര്‍ന്നോര്‍ പറഞ്ഞു
                        "നിന്നെക്കാള്‍ യോഗ്യരാണ്‌"
                         പണ്ട് ആ കാര്‍ന്നോരോട്‌ ഒരു കൊസ്രാക്കൊള്ളി വര്‍ത്തമാനം
പറഞ്ഞതിന്റെ, മറുപടി തന്നതായിരുന്നു.
പുതുതായി ജോലി കിട്ടി, അങ്ങേരെ കണ്ടു അനുഗ്രഹം മേടിക്കാന്‍ ചെല്ലുന്നവരോടു, കാര്‍ന്നോരുടെ ഒരു സ്ഥിരം ചോദ്യം ഉണ്ടായിരുന്നു.
                  "നിനക്ക് എത്ര രൂപ ശമ്പളം കിട്ടും - ഇപ്പോള്‍ പോസ്റ്റേല്‍ കയറുന്നവന് പോലും  പതിനായിരത്തിനടുത്തുണ്ട്"
                 ജോലി കിട്ടി, ആദ്യമായി  കാണാന്‍ ചെന്ന എന്നോടും കാര്‍ന്നോര്‍  ആ ചോദ്യം ചോദിച്ചു.
                   "പോസ്റ്റേല്‍ കയറുന്നവന് കിട്ടുന്നതിനേക്കാള്‍, ഇമ്മിണി കൂടുതല്‍ കിട്ടും"
                      എന്റെ ഉത്തരം പുള്ളിക്ക് പിടിച്ചില്ല. എന്നെ ഒന്ന് അടിമുടി
 നോക്കിയിട്ട് കാര്‍ന്നോര്‍ പറഞ്ഞു  " അച്ഛന്റെ ജനുസ്സാണ് നിനക്ക്"  
               ഒന്നുമില്ലെങ്കിലും തന്തക്കു പിറന്നതാണ് എന്ന് അങ്ങേരു പറഞ്ഞതില്‍ ഞാന്‍ ചാരിതാര്‍ത്ഥനായി.                                                    
     കാര്‍ന്നോരുടെ ആ പഴയ ദേഷ്യമാണ്,  പ്രതിശ്രുത വധുവിനെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് മറുപടി ആയി തന്നത്.
               എന്തായാലും വിവാഹ കഴിഞ്ഞു, കുറച്ചു നാളത്തെ വേര്‍പാടിന്
ശേഷം, ഞങ്ങള്‍ അംബാലയിലുള്ള, ഗോവിന്ദ്നഗറില്‍ താമസമായി.
                                   അംബാല അന്ന്, അറിയപ്പെടുന്ന ഒരു എയര്‍ ഫോഴ്സ്
ഫൈറ്റര്‍ സ്ക്വാഡറന്‍ ബേസായിരിന്നു. പണ്ടുണ്ടായിരുന്ന സുഖോയി -7
എന്ന വിമാനത്തിന്റെ. ഇപ്പോള്‍ ആ വിമാനം കാലഹരണപ്പെട്ടു.
       എയര്‍ ഫോഴ്സ് ഫൈറ്റര്‍ സ്ക്വാഡറന്‍, എയര്‍ റേഞ്ച് പ്രാക്ടീസിനായി,
അല്ലെങ്കില്‍, 'ഗണ്ണറി' മീറ്റിനായി, അതിനു സംവിധാനമുള്ള യൂണിറ്റിലേക്കു
പോകേണ്ടി വരും. ഈ ബ്രഹത്തായ തയ്യാറെടുപ്പും യാത്രയും ഒക്കെ, ലക്ഷ്യ സ്ഥാനത്ത് എത്തി, അടുത്ത ദിവസം 'എക്സര്‍സൈസ്' കാന്‍സല്‍ ചെയ്തു എന്നുള്ള അറിയപ്പോടെ, മടങ്ങി വരേണ്ടതായും വരും. ഇതെല്ലാം, ശരിക്കും ഒരു യുദ്ധം വന്നാല്‍ വ്യോമസേനയുടെ പ്രതിരോധ ശക്തിയും, ആക്രമണ ശക്തിയും  പരീക്ഷിക്കുന്നതിനായുള്ള പല തരം 'എക്സര്‍സൈസ്'  ആണ്.
                              അങ്ങിനെ ഒരു നാള്‍ അംബാലയില്‍  നിന്നും ഞങ്ങളുടെ
സ്ക്വാഡറന്‍, പഞ്ചാബിലുള്ള ബട്ടിണ്ട യൂണിറ്റിലേക്ക് ടെംപററി ഡ്യൂട്ടിയില്‍
പോയ ഒരവസരം.
                       പുതുതായി കല്ല്യാണം കഴിഞ്ഞു വന്ന ഞാനും ആ മിഷന്റെ
ഭാഗമായി നിയോഗിക്കപ്പെട്ടു. ബട്ടിണ്ട എന്ന് പറഞ്ഞാല്‍, പഞ്ചാബിലെ
ഒരു കുഗ്രാമമായിരുന്നു അന്ന്. ഒരു വലിയ വള നിര്‍മാണ ഫാക്ടറി ഉണ്ട് എന്നതല്ലാതെ ഒന്നുമില്ലാത്ത സ്ഥലം.
                   ഞങ്ങള്‍ ചെന്ന സ്ഥലവും, പുറപ്പെട്ട സ്ഥലവുമായി നിരന്തരം ബന്ധമുണ്ടായിരിന്നു. ബട്ടിണ്ടയിലെ കോംബാറ്റ് റെഡിനെസ്സിനുള്ള
പോരായ്മയും, ചോപ്പര്‍ (ഹെലികൊപ്ട്ടര്‍))) 0 അയച്ചു സ്വന്തം യൂണിറ്റില്‍
നിന്ന് കൊണ്ട് വരുമായിരുന്നു.)
                             കൂടാതെ ആഴ്ച അവസാനം,  കുടുംബമായി കഴിയുന്ന  പൈലറ്റുമാരും, എന്തെങ്കിലും ഔദ്യോഗിക കാരണങ്ങള്‍ ഉണ്ടാക്കി  ഈ
ബട്ടിണ്ട - അംബാല 'ചോപ്പര്‍ ഷട്ടില്‍' നില നിറുത്തിയിരുന്നു.
                                   അങ്ങിനെയുള്ള അംബാല ചോപ്പര്‍ സന്ദര്‍ശനങ്ങളില്‍,
 ഫാമിലിയുള്ള ഞങ്ങളില്‍ ചിലരും സൗകര്യം കിട്ടിയാല്‍ വലിഞ്ഞു കേറും.
            രാജ്യത്തെ സേവിക്കുന്നതിനോടോപ്പം കുടുംബ സേവനവും
               " ചാരിറ്റി ബിഗിന്‍സ്‌ അറ്റ് ഹോം" എന്നല്ലേ പഴമൊഴി.
                              അങ്ങിനെ ഇരിക്കെ അപ്രതീക്ഷിതമായി  ഒരു ദിവസം
കാലത്ത് എനിക്കും ഒരു ചാന്‍സ് കിട്ടി. അംബാലക്ക് പോകാനും,  കുടുംബവുമായി കുറച്ചു മണിക്കൂറുകള്‍ ചിലവഴിക്കാനും .
                         കിട്ടിയ അവസരം  പാഴക്കാതെ ഞാന്‍ ചോപ്പറില്‍ ചാടി
കയറി. അംബാലയില്‍ ഇറങ്ങിയപ്പോള്‍ പൈലറ്റ് പറഞ്ഞു -
                            "ഉച്ചക്ക് മൂന്നു മണിക്ക് നമ്മള്‍ മടങ്ങും"
            ബട്ടിണ്ടയിലേക്ക് പോയപ്പോള്‍, ഞാന്‍ എന്റെ സ്കൂട്ടര്‍,
'വിമാന ഹാങ്ങറിന്റെ' സൈഡില്‍ ലോക്ക് ചെയ്തു വച്ചാണ് പോയത്.
                  ചോപ്പറില്‍ നിന്നിറങ്ങിയ ഞാന്‍, സമയം കളയാതെ ഓടിച്ചെന്നു
സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കി. ആ പണ്ടാരം കുറെ തൊഴികള്‍ക്ക് ശേഷം
വഴങ്ങി. ക്യാമ്പില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ്, എനിക്ക് ഒരു വെളിപാടുണ്ടായത്.
                     "രണ്ടു മൂന്ന് കൊല്ലത്തേക്ക്, നമുക്ക് കുട്ടികള്‍ വേണ്ട" എന്ന്
ഭാര്യയോടു പറഞ്ഞ മുന്നറിയിപ്പിനെക്കുറിച്ച്.വീട്ടിലെ കുടുംബാസൂത്രണ
ഉപാധികളുടെ സ്റ്റാറ്റസ് എന്താണെന്ന് എനിക്ക് ഓര്‍മയും ഇല്ല.
                         എടുത്തുചാട്ടം കൊണ്ട് അക്കിടി പറ്റരുതല്ലോ. സ്കൂട്ടര്‍ അംബാലയിലെ ഏക ഷോപ്പിംഗ്‌ സെന്റര്‍ ആയ സദര്‍ ബസാറിലേക്ക് വിട്ടു.
                       ആദ്യം കണ്ട ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയി 'കൊണ്ടോം'
മേടിക്കുക എന്നതാണ് ഉദ്ദേശം.
                            ഈ പ്രക്രിയ, അന്നത്തെ കാലത്ത് വളരെ ദുരിതം പിടിച്ച
ഒരു പണി ആയിരുന്നു. ഇന്നത്തെ പോലെ എവിടെ നിന്നും സുലഭമായി
ലഭിക്കാനുള്ള സൌകര്യവും ഇല്ല. കടയില്‍ പോയി ചോദിക്കാനുള്ള മടി.
ആവശ്യം പറയുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുന്നവരുടെ ഒരു വല്ലാത്ത നോട്ടം.
                 ഒരു മാനഭംഗ കേസിലെ പ്രതിയെ കാണുന്ന പോലെയോ, സ്വന്തം ഭാര്യയെ പീഡിപ്പിക്കുന്ന, ക്രൂരനായ ഭര്‍ത്താവിനെ കാണുമ്പോഴോ ആളുകള്‍ നോക്കുന്ന തരത്തിലുള്ള നോട്ടം.
                    പിന്നീടാണ്, സഞ്ജയ്‌ ഗാന്ധിയുടെ ഇംഗിത പ്രകാരം ഹരിയാനയില്‍, വി. സി. ശുക്ലയുടെ 'നഷബന്ധി' ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചതും, അനന്തരം പട്ടാളക്കാര്‍ പോലും യൂണിഫോമിലെ വെളിയില്‍ പോകാവൂ എന്ന സര്‍ക്കുലര്‍ ഇറങ്ങിയതും.
                       യൂണിഫോമില്‍ വെളിയില്‍ പോകാഞ്ഞതിനാല്‍, അവിടത്തെ പതിനായിരങ്ങള്‍ക്കിടയില്‍ ചില പട്ടാളക്കാരും ഉള്‍പ്പെട്ടുപോയിഎന്നതാകാം കാരണം.
                ഞാന്‍ എന്തായാലും സദര്‍ ബസാറിലേക്ക് സ്കൂടര്‍ വിട്ടു. ഞാന്‍
അതിവേഗത്തിലാണ് പോകുന്നത് എങ്കിലും, കടന്നു പോകുന്ന പട്ടാളക്കാരും അല്ലാത്തവരും എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി.
                        അപ്പോഴാണ്‌ ഒരു കാര്യം ശ്രദ്ധിച്ചത്. അംബാലയില്‍ വിന്റര്‍ യൂണിഫോം മാറി, സമ്മര്‍ യൂണിഫോം നിലവില്‍ വന്നിട്ട് ഒന്ന് രണ്ടാഴ്ച ആയി. ബട്ടിണ്ടയില്‍ തണുപ്പ് കൂടുതല്‍ ആയതിനാല്‍, അപ്പോഴും അവിടെ വിന്റര്‍   യൂണിഫോം ആയിരുന്നു. പഴയ എയര്‍ ഫോഴ്സ് വിന്റര്‍ യൂണിഫോം എന്ന് പറഞ്ഞാല്‍, ഷര്‍ട്ടും, ടൈയും, അതിനു മേലെ കമ്പിളി പോലത്തെ ഒരുതരം തുണി കൊണ്ടുള്ള  കോട്ടും  ആയിരുന്നു. സമ്മര്‍ ഡ്രസ്സ് എന്ന് പറഞ്ഞാല്‍ കാക്കി തുണി കൊണ്ടുള്ള ഷര്‍ട്ടും പാന്റ്സും , വെബ്ബിംഗ് ബെല്‍ട്ടും ആയിരുന്നു .
                                                ചുരുക്കത്തില്‍ ജനങ്ങളുടെ സാധാരണ വസ്ത്ര
ധാരണത്തിനും,കാക്കികള്‍ക്കും ഇടയില്‍ കൂടി, കറുത്ത കൊട്ടും ഇട്ടു
കൊണ്ടുള്ള യാത്ര, തുറന്ന്‍ വച്ച പഞ്ചാര ചാക്കില്‍ കൂടി ഓടുന്ന ഒരു
കറുത്ത ഉറുമ്പിനെ അനുസ്മരിപ്പിക്കാന്‍ ഉതകുന്നതായിരുന്നു.
                     സദര്‍ ബസാറില്‍ ആദ്യം കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി.
സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്നതെല്ലാം പെണ്‍കുട്ടികള്‍.
കാഷ് കൌണ്ടറില്‍ ഇരുന്ന ആളോട്, ഞാന്‍ എന്റെ ആവശ്യം ഉന്നയിച്ചു.
ഇന്നായിരുന്നെങ്കില്‍, ഏതു  ബ്രാന്‍ഡ്, ഏതു ടൈപ് തുടങ്ങിയ  കുറെ  മറുചോദ്യങ്ങള്‍ ഉണ്ടായേനെ.
    പക്ഷെ അന്ന് കടയുടെ ഉടമയോട് ഒന്നും തന്നെ പറയേണ്ടി വന്നില്ല. അങ്ങിനെ ആ അരോചകമായ അവസ്ഥയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.
                      കൌണ്ടറില്‍ നിന്ന ആള്‍ അപ്പുറത്ത് നില്‍ക്കുന്ന പെണ്ണിനോടു പറഞ്ഞു,
                        "സാബ്കോ ഏക്‌ പാക്കറ്റ് 'കൊണ്ടോം'  ദേതോ"
             അയാളുടെ ആ സംഭാഷണത്തില്‍ തന്നെ, എനിക്ക് എന്റെ എല്ല് വരെ ഉരുകുന്നത് പോലെ തോന്നി.
                  അയ്യപ്പാസിന്റെ പരസ്യം പോലെ, പുറത്തു നിന്ന് നോക്കിയാല്‍ ചെറുത്‌ ആണെങ്കിലും അകത്തേക്ക് ഒരുപാടു സ്ഥലമുള്ള കട ആയതു കാരണം, ആ പെണ്ണ് അവരുടെ അപ്പുറത്ത് നിന്നിരുന്ന പെണ്ണിനോടു ആ നിര്‍ദേശം കൈമാറി. ഞാന്‍ നോക്കിയപ്പോള്‍ ഒരു ചെയിന്‍ ഇഫെക്ട്‌!!
                                        പണ്ട് എന്റെ ജേഷ്ടന്‍, അമേരിക്കയിലെ പഠിത്തം
പൂര്‍ത്തിയാക്കി മടങ്ങി വന്നപ്പോള്‍, ഒരു കുടുംബ സദസ്സില്‍ ഉറക്കെ
അഭിപ്രായപ്പെട്ടതോര്‍ത്തു.
                                  "ഈ നാട്ടില്‍ ജനപ്പെരുപ്പം എങ്ങിനെ കൂടാതിരിക്കില്ല?
ഒരു കടയില്‍ പോയി, മറ്റു സാധനങ്ങള്‍ മേടിക്കുന്നതുപോലെ, ഒരു പാക്കറ്റ് 'കൊണ്ടോം' തരു എന്ന് പറയാനുള്ള ഇവിടത്തെ ചെറുപ്പക്കാര്‍ അടങ്ങുന്ന, സമൂഹത്തിന്റെ മടി മാറണം"
                       അത് പോട്ടെ, ഞാനപ്പോഴും "തീപ്പെട്ടി ഉണ്ടോ സഖാവേ
ഒരു ബീഡി എടുക്കാന്‍" എന്നപോലുള്ള ഒരു കോഡ്‌  സന്ദേശം കടക്കാരന്
കൊടുത്ത്, പൊതി കാത്തു നില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു.
                                    സഹികെട്ട ഞാന്‍, ആ കൌണ്ടറില്‍ നില്‍ക്കുന്ന ആളോട്, ശബ്ദം താഴ്ത്തി ഒന്നുകൂടി പറഞ്ഞു.
                           "ധോടാ ജല്‍ദി ദേതോ യാര്‍"
                           അയാള്‍ ആ മെസ്സേജും, അമ്പലത്തിലെ വെടി വഴുപാടു, വിളിച്ചു പറയുന്ന പോലെ, ഓരോരുത്തരില്‍ കൂടി, അങ്ങേ തലക്കലേക്ക് അറിയിച്ചു.
              "സാബ്കോ ഏക്‌ പാക്കറ്റ് 'കൊണ്ടോം, ജല്‍ദി ദേന"
 ആ കടയില്‍ ഉണ്ടായിരുന്ന എല്ലാപേരും, കാലത്ത് പതിനൊന്നു മണിക്ക്,  എയര്‍ ഫോഴ്സ് വിന്റര്‍ യൂണിഫോമില്‍, വിയര്‍ത്തു നില്‍ക്കുന്ന എന്നെ
തുറിച്ചു നോക്കി!!

അടിക്കുറിപ്പ്

                                    ബട്ടിണ്ടയില്‍ ഡ്യൂട്ടിയില്‍ പോയി, എന്നെ പോലെ അമ്ബാലയിലേക്ക്  "ഫര്‍ലോ" (അനുവാദത്തോടെ ഉള്ള അനൌദ്യോഗിക ലീവ്) പോയ, പത്തു പന്ത്രണ്ടു മലയാളി ഫാമിലിക്ക്‌, ഏഴു മാസം കഴിഞ്ഞു, ദല്‍ഹി -തിരുവനന്തപുരം ജയന്തി ജനതയില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യണ്ടി വന്നു -

                                           " പ്രസവത്തിനായി !!!"
----------------------------------------------------------------------------------------------------
   

Thursday, September 5, 2013

പരിണയം

                                  മൂത്തമോന്‍ അമേരിക്കയില്‍ നിന്ന് വിളിച്ചു  പറഞ്ഞു -
                    "അനിയന്റെ കല്ല്യാണം ഗംഭീരമാക്കണം,  ഡോണ്ട് ബോതര്‍ എബൌട്ട്‌ ദ എക്സ്പെന്‍സ്, ഐ ഷാല്‍ ഫുട്ട് ദി ബില്‍"! """
                       " എന്റെ കല്ല്യാണം നടത്തിയത് പോലെ കുളമാക്കല്ലേ "
               കല്യാണം കഴിക്കുന്ന പയ്യന്‍ നെതെര്‍ലാന്സില്‍ നിന്ന് വിളിച്ചു പറഞ്ഞു
                      "അച്ഛാ ഇറ്റീസ്സ്‌ മൈ ഒണ്ലി മാര്രിയേജു, സൊ മേക് ഇറ്റ് ഗ്രേറ്റ്‌""" :"
                           മൂത്ത മോനോട് പറഞ്ഞു, അകലെയുള്ള  ബന്ധുക്കാരെ  പോയി വിളിക്കുവാന്‍, ഒന്നും എന്റെ വയസ്സും ആരോഗ്യവും പറ്റിയതല്ല !
     അതുകൊണ്ട് രണ്ടുമൂന്ന് ആഴ്ചകള്‍ മുന്‍പേ  നീ വന്ന്, ക്ഷണിക്കുക എന്നുള്ള പരിപാടി ഒക്കെ നടത്തുക -
                     "മൂന്നാഴ്ച മുന്‍പോ, അത് നടക്കില്ല, സെക്കണ്ട് വീക്കില്‍ ഞങ്ങളുടെ ബോര്‍ഡ് മീറ്റിംഗ് ആണ് - ഞാന്‍ ഇവിടെ നിന്നേ പറ്റൂ !"
                           "അച്ഛന്‍ ഫോണ്‍ വിളിച്ച്  പറഞ്ഞാലും മതി - വേണമെങ്കില്‍ ഒരു ഇ - മെയിലും അയച്ചേക്കു _
                    "ഈ പണിയൊക്കെ എന്നെക്കാള്‍ സൌകര്യത്തില്‍ നിനക്ക് അവിടെ ഇരുന്ന് ചെയ്യാമല്ലോ ?
          "ഇതെല്ലാം അച്ഛന്‍ തന്നെ ചെയ്തോളൂ "ഐ ഷാല്‍ ഫുട്ട് ദി ബില്‍ "
   ഐ. എസ്. ഡി യില്‍ കൂടി, രണ്ടുമൂന്നാവര്‍ത്തി ഈ പ്രയോഗം കേട്ടപ്പോള്‍  എന്റെ ഭാര്യ ചോദിച്ചു -
                       "കാലു കൊണ്ടും ബില്‍ കൊടുക്കാന്‍ പറ്റുമോ !"              
    ചുരുക്കത്തില്‍ ഫോണ്‍ വിളിച്ചും,  കത്തയച്ചും എല്ലാപേരെയും ക്ഷണിച്ചു -
                      സംഭവത്തിന്‌ ഒരാഴ്ച മുന്‍പ്, വന്ന മൂത്ത മോന്‍  ചോദിച്ചു -
                     "അപ്പോള്‍ എത്ര പേരുണ്ടാകും ?'
                       "ആ എനിക്കറിയില്ല"
                  അവന് എന്റെ മറുപടി സഹിച്ചില്ല -  ഉദ്ദേശം നാനൂറ്റി അന്‍പതിനും
അഞ്ഞൂറിനും ഇടയിലുള്ള ഒരു സംഖ്യ ഞാന്‍ പറഞ്ഞു-
                           "എത്ര പേരെ അറിയിച്ചിട്ടുണ്ട്"
        "അപ്പോള്‍ ഒരു പ്ലസ് അഞ്ചു ശതമാനം കൂടി കൂട്ടുമ്പോള്‍ -അഞ്ഞൂറ് -"
    അഞ്ഞൂറ് പേര് വരും എന്ന കണക്കില്‍ ഒരുക്കങ്ങള്‍ തകൃതിയായി -
        വരുന്നവര്‍ക്ക് 'വെല്‍കം ഡ്രിങ്ക്' - അത് കഴിഞ്ഞ് ഇരിക്കാനുള്ള സ്ഥലം -
ഊണ് കഴിഞ്ഞ് ഇരിക്കാനുള്ള സ്ഥലം - അവര്‍ക്ക് കേള്‍ക്കാനുള്ള, ഏറ്റവും പുതിയ മലയാളം പാട്ടുകളുള്ള 'സൌണ്ട് സിസ്റ്റം' -
                ഓരോ സംവിധാനത്തിനും, അന്‍പതും   അറുപതിനായിരം രൂപയും
     ചിലവാക്കിയുള്ള കാര്യങ്ങള്‍ !    
             വീഡിയോക്കും  കാമറക്കും ലക്ഷങ്ങള്‍ !      
     വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് സിറ്റിയിലുള്ള ഏതോ ഒരു വലിയ ഹോട്ടലില്‍ 'ബാച്ചിലേഴ്സ് പാര്‍ട്ടി എന്ന ഒരു സംഭവം നടന്നു എന്ന് പറഞ്ഞു കേട്ടു !
            കഥാനായകന്റെ സുഹൃത്തുക്കളും, ചേട്ടന്റെ   സുഹൃത്തുക്കളും എല്ലാം ഉണ്ടായിരുന്നു -    
             അതില്‍ പങ്കെടുത്ത ഭാര്യ തിരച്ചു വന്നപ്പോള്‍, കെങ്കേമം ആയിരുന്നു എന്ന് പറഞ്ഞു -
                       രാത്രി അവര്‍ തരിച്ചു വരുന്നവരെ ഉറങ്ങാതെ ഇരുന്നത്, അവര്‍ വരുമ്പോള്‍ ഒന്നുരണ്ടു സ്കോച്ച് അടിക്കാനുള്ള ആകാംക്ഷയില്‍ ആയിരുന്നു -
               അച്ഛന് 'ബി. പി കൂടുതലാണ് എന്ന് അമ്മ വിലക്കിയത് കൊണ്ട്
                "സോറി അച്ഛാ" എന്നും പറഞ്ഞു പിള്ളേര്‍ ഉറങ്ങാന്‍ പോയി !  
               കല്യാണവും ഭംഗിയായി നടന്നു - പിന്നീട് ആയിരുന്നു അഞ്ഞൂറ് പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള നാട്ടരങ്ങ് !
               ആകെ നൂറോ നൂറ്റന്‍പതോ പേരെ വന്നിരുന്നുള്ളൂ !
                   "ക്രൌഡ് ഈസ്‌ വെരി തിന്‍ "
              മൂത്ത മകന്‍ പിറുപിറുക്കന്നത് കേട്ടു -
     "അപ്പുറത്തെ ഹാളില്‍ ഏതോ ഒരു ട്രേഡ് യൂണിയന്റെ സംസ്ഥാന സമ്മേളനം നടക്കുന്നുണ്ട്- ആളുകളെ വേണം എങ്കില്‍ നമുക്ക് അവിടുന്ന് കൊണ്ടുവരാം"
                                     ഞാനും പിറുപിറുത്തു    
അവസാനം കുറ്റം മുഴുവന്‍ എന്റെ തലയില്‍ ആയി !
              "അച്ഛന്‍ വേണ്ടതു പോലെ ചെയ്തില്ല" !
       ഉദ്ദേശം മുന്നൂറു പേരുടെ ഒരുക്കങ്ങള്‍ 'വേസ്റ്റ്' !
                    ഞാന്‍ ഇതിനെക്കുറിച്ച് ഒരു പുനര്‍ചിന്തനം നടത്തിയപ്പോള്‍, അന്വേഷിച്ചപ്പോള്‍ എനിക്ക് ചില വെളിപാടുകള്‍ ഉണ്ടായി
         അതാണ് നിങ്ങളും ആയി പങ്കു വെക്കാന്‍  ഉദ്ദേശിക്കുന്നത്-
              "എന്റെയും, എന്റെ അനിയന്റെയും കല്ല്യാണം  , പൊതു ജനങ്ങള്‍ക്കും,
ബന്ധുക്കള്‍ക്കും ഒരു  സംഭവമേ അല്ല -
       നാട്ടു നടപ്പ് അനുസരിച്ച്, ഇതു പോലെ ഒരു ചടങ്ങ് നടത്താന്‍ കടമ്പകള്‍ ഏറെ ഉണ്ട് !
                         വരാതിരുന്നവരുടെ കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കിയപ്പോള്‍ വിവിധമാണ് !
          "നേരിട്ട് വീട്ടില്‍ വന്നു വിളിച്ചില്ല"
          "വന്നു വിളിച്ചപ്പോള്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല'
          "എന്റെ വീട്ടില്‍ വരുന്നതിനു മുന്‍പ്, അപ്പുറത്തെ വീട്ടിലുലുള്ളവരെ ആദ്യം ക്ഷണിച്ചു"
         "അമ്മയുടെ സ്രാദ്ധത്തിനു ഞങ്ങള്‍ അമ്പലപ്പുഴ പോയപ്പോള്‍, വീട്ടിന്റെ
'സിറ്റൌട്ടില്‍' ഒരു ക്ഷണ കത്തും വെച്ച് പോയി"
          "ഫോണില്‍ വിളിച്ചു പറഞ്ഞേ ഉള്ളൂ, നേരിട്ട് വന്നു ക്ഷണിച്ചില്ല"  
           "കത്ത് തപാലില്‍ വന്നു, നേരിട്ട് വിളിച്ചു പറയാമായിരുന്നില്ലേ"  
       "ഞങ്ങളുടെ മോള്‍ടെ കല്യാണത്തിനു, നിങ്ങളെ ഒന്നും കണ്ടില്ലല്ലോ"    
                     ഇങ്ങനെ പോകുന്നു ഈ കമന്റുകളെല്ലാം !
         വിളിച്ചില്ലെങ്കിലും, അ റിഞ്ഞു  വന്ന് പങ്കെടുക്കുന്നവരാണ്, ശരിക്കും
വേണ്ടപ്പെട്ടവര്‍ -
          ഇതെല്ലാം മറി കടന്ന്, പത്തില്‍ എട്ടു പൊരുത്തം ഉണ്ടായിരുന്നവര്‍ പോലും, ഒരു കൊല്ലം പൂര്‍ത്തിയാകുന്നതിനു മുന്‍പ്, ഏട്ടില്‍ മടങ്ങി വന്ന് നില്‍ക്കുന്ന കാഴ്ചകള്‍ വേറെ !
           കല്ല്യാണം എന്ന് പറയുന്നത്, 'ഫേസ് ബുക്കില്‍' ഇടാനോ ആല്‍ബത്തില്‍  സൂക്ഷിക്കാനോ, നാട്ടുകാരുടേയും, കൂട്ടുകാരുടെയും ഇടയില്‍, ഒരു പ്രതിപത്തി ഉണ്ടാക്കേണ്ടതോ ആയ ഒരു  വിഷയം മാത്രമല്ല -  
                 കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു അനുഭവം ഓര്‍മ വരുന്നു -
                          എന്റെ പിന്‍ തലമുറക്കാരില്‍ ആയ ഒരാളുടെ ഭാര്യ ഗര്‍ഭിണി ആയിരിക്കുന്നു - വീട്ടില്‍ വന്നപ്പോള്‍ എന്റെ 'ഐ ഫോണ്‍' എടുത്ത് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം ഉള്ള വ്യക്തി - അവളുടെ ഒരു കമന്റ്റ്-
             "അങ്കിളേ, ഞാന്‍ ചേട്ടനോട് എത്ര പറഞ്ഞു, ഒരു ' ടച്' മേടിച്ചു തരാന്‍""
                                 അവന്റെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും അറിയുന്ന ഞാന്‍, ലാഘവത്തോടെ പറഞ്ഞു -
               "നീ പറയുന്നത് സത്യമല്ല "
    അവളില്‍, എന്ത് കൊണ്ടാണ് ഞാന്‍ പറയുന്നത്, എന്നറിയാനുള്ള ആകാംക്ഷ
                 "അവന്‍ ടച്ചീല്ലെങ്കില്‍ നീ ഈ പരുവത്തില്‍ ആകുമോ?"
        രണ്ട് വ്യക്തികള്‍, രണ്ട് മനസ്സുകള്‍ ഒത്തിണങ്ങി, പരസ്പരം മനസ്സിലാക്കി,
ജീവിതം മുഴുവന്‍ നില നിറുത്തേണ്ട ഒരു ആവശ്യമാണ്‌ വിവാഹം -
അത് മനസ്സിലാക്കാതെ, രക്ഷകര്‍ത്താക്കള്‍ നടത്തുന്ന പൊങ്ങച്ചവും, കക്ഷികള്‍
തമ്മില്‍ ചെയ്യുന്ന 'ഗിമിക്കും', ശാശ്വതമല്ല -
                 "ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും" !    

-------------------------------------------------------------------------------------------------