Reminiscece Of Air Force Life

Thursday, August 29, 2013

മാറുന്ന മലയാളം

                             ഒരു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം നാട്ടില്‍ പോയപ്പോള്‍
കണ്ട ചില വേറിട്ട കാഴ്ചകള്‍ -
                                             ഏരൂര്‍ എന്ന സ്ഥലത്തുള്ള ബന്ധു വീട്ടില്‍ നിന്ന് ഞാന്‍ വൈറ്റിലയിലേക്ക് പോകുകയായിരുന്നു - സമയം ഉച്ചക്ക് പതിനൊന്നര മണി -
ഹബ്ബിലേക്കുള്ള ഒന്നര കിലോമീറ്ററിനുള്ളില്‍ മൂന്നോ നാലോ ബാറുള്ള ഹോട്ടലുകള്‍ - ആദ്യത്തെ അവഗണിച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍, ചൂടും തുടര്‍ന്ന് ഉണ്ടായ വിയര്‍പ്പും, ഒരു തണുത്ത ബിയര്‍ അടിച്ചാലോ എന്ന സാത്താന്റെ പ്രലോഭനത്തിനു  വഴങ്ങി -
                          പിന്നെ കണ്ട ബാറിലേക്ക് കയറി - മുണ്ടും ഷര്‍ട്ടും തോളത്ത് ലാപ് ടോപ്‌ ബാഗുമായിരുന്നു വേഷം - ബാറിലേക്കുള്ള പുറം കവാടത്തില്‍ ആരോ ഒക്കെ സലാം വെച്ചു - കാലത്തെ മുതല്‍ ഹാജര്‍ വെച്ച് രണ്ടെണ്ണം ഉള്ളിലുള്ള
ആട്ടത്തില്‍ അടുത്ത ഓസിനു വേണ്ടി വേദി ഒരുക്കുന്ന കൊഴുവകള്‍""- "
                       കണ്ടവരെല്ലാം 'ലക്കൊസ്ട്ടിയുടെ'യും  , 'ലുയീഫിലിപ്പിന്റെ' യും ഒക്കെ ബ്രാന്ടെഡ്‌ കുപ്പായങ്ങളില്‍ നിന്ന്, ആരോ ഒക്കെ വേണ്ടപ്പെട്ടവര്‍ വെളിനാടില്‍  ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തം !
                       ശ്രദ്ധിക്കാതെ അകത്തേക്ക് കയറി - ഇടത്തരം തിരക്ക് - കൂടുതലും പതിനാറിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ !ഞാന്‍ ഒരു ടേബിളില്‍ ഇരുന്നപ്പോള്‍ ഒരു ബെയറര്‍ വന്നു -
                                  "എണ്ട് ബേണം "
ഞാന്‍ ഒരു തണുത്ത ബിയറിനു ഓര്‍ഡര്‍  കൊടുത്തു - വന്ന പയ്യന്‍ ഒരു അസ്സാമി അല്ലെങ്കില്‍ നേപ്പാളീ സാദൃശം ഉള്ള ഒരാള്‍ -
                        പൊടുന്നനെ ഒരു മലയാളി രംഗത്തെത്തി, അവന്റെ തലയില്‍ ഒരു കിഴുക്കും കൊടുത്തിട്ട് ഒറ്റ  ചാട്ടം! -
               "നിന്നോട് ആ പാത്രങ്ങള്‍ കഴുകി വെക്കാന്‍ പറഞ്ഞിട്ട്" !
                          പയ്യന്‍ ചൂളി അകത്തോട്ടു വലിഞ്ഞു -
              "സാറിനെന്താ വേണ്ടേ, ഇവറ്റവകള്‍ക്ക് ഒരു മാനേഴ്സും ഇല്ല"
                             ഞാന്‍ എന്റെ ഓര്‍ഡര്‍ ആവര്‍ത്തിച്ചു.
            അയാള്‍  ബിയര്‍ കൊണ്ട് വരുന്ന ആ ഇടവേളയില്‍, ഞാന്‍ അവിടത്തെ അന്തരീക്ഷം ഒന്ന് ശ്രദ്ധിച്ചു.
                    ചിലരെ ആനയിച്ചു കൊണ്ട് അകത്തേക്കുള്ള ഓരോ കുടുസ്സ് കാബിനുകളിലേക്ക് കൊണ്ട് പോകുന്നു. കണ്ടിട്ട് സ്ഥലത്തെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ ഇന്‍സ്പെക്ടര്‍മാര്‍, കൃത്യ നിര്‍വഹണത്തിനു ശേഷം,   ഉപഭോക്താവിന്റെ ഉപചാരം കൈപ്പറ്റാന്‍ വരുന്നത് പോലെ-
           പണ്ട് എന്റെ നാട്ടില്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു
തോമസ്സിനെ ഓര്‍മ വന്നു - ഉച്ച വരെ ഇത് പോലുള്ള ഉപചാരങ്ങള്‍ കൈപ്പറ്റിയ ശേഷം, ഒരു ഉറക്കം ഒക്കെ കഴിഞ്ഞ്,    വൈകിട്ട്, ഒരു മാതൃകാ ഗൃഹനാഥന്റെ റോളില്‍ വീടണഞ്ഞു, വീട്ടിലെ കാര്യങ്ങളും, കുട്ടികളുടെ പഠിത്തവും
എല്ലാം ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തി. ഭാര്യ ഫിലോമിന ടീച്ചര്‍ സ്കൂളിലും വീട്ടിലും വലിയ 'കട്ടിക്കാരി' ആയിരുന്നു.
             അവിടെ കണ്ട മുഴുവന്‍ തൊഴിലാളികളും വടക്കേ ഇന്ത്യക്കാര്‍ - സൂപ്പര്‍വൈസര്‍മാര്‍ ആയി ഏതാനും മലയാളികള്‍ !
                      ഉദ്ദേശം നാലഞ്ച് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍   എറണാകുളം ജില്ലയില്‍ മാത്രം ഉണ്ടെന്നൊക്കെയാണ് കണക്കുകള്‍ !
                       ഇത് എവിടെ ചെന്നവസ്സാനിക്കുമോആവോ!          
                   എന്റെ ലാപ് ടോപ്‌ ബാഗു ആയിരുന്നു ആ പയ്യനെ വിരട്ടി ഓടിച്ച
ഉത്തേജനം എന്ന് എനിക്ക് മനസ്സിലായി - എന്തെങ്കിലും ടിപ്പ് കിട്ടാനുള്ള അവസരത്തില്‍ നിന്ന്‍ അവനെ ഒഴിവാക്കിയതാണ് എന്ന് വ്യക്തം .
                 ഗള്‍ഫിലെ തൊഴിലാളി ചൂഷണങ്ങളെ കുറിച്ച്  മുറവിളി കൂട്ടുന്ന
മലയാളി സമൂഹം! ന്യായമായ തൊഴില്‍ വ്യവസ്ഥകളെയും, തൊഴില്‍ സ്വാതന്ത്ര്യത്തെയും കുറിച്ച് ഊറ്റം കൊള്ളുന്ന മലയാളികള്‍ !
              മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ മുന്‍പ് എഫ്. എ. സി ടി യില്‍ ജോലി ചെയ്തിരുന്ന സമയത്ത്, ആദ്യമായി കംബ്പ്യൂട്ടര്‍ ഇന്ത്യയിലെ വ്യവസായ മേഘലകളില്‍ വന്ന സമയത്ത്,  തൊഴിലവസരം നഷ്ടപ്പെട്ടേക്കും എന്ന
യൂണിയനുകളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതില്‍ ഞാനും ഉണ്ടായിരുന്നു            അവസാനം തൊഴിലുറപ്പും, കൂടാതെ ഒരു ഇന്ക്രിമെന്റ് കൂടി തരാം എന്ന് മാനേജ്മെന്റ്റ് സമ്മതിച്ചപ്പോഴാണ്,   കംബ്പ്യൂട്ടര്‍ പെട്ടികള്‍ തുറക്കാന്‍ അനുവദിച്ചത് !   എന്തായിരുന്നു സംഘടിത തൊഴിലാളി സ്വാതന്ത്ര്യം !      
            ബിയര്‍ കഴിച്ച ശേഷം കൊണ്ടു വന്നു വെച്ച ബില്ലിലെ തുക ഞാന്‍ കൌണ്ടറില്‍ നേരിട്ട് കൊടുത്ത് വെളിയിലേക്ക് ഇറങ്ങുമ്പോള്‍, പുറകില്‍ ആരോ പ്രാകുന്നത് കേട്ടു - എനിക്ക് ബിയര്‍ കഴിച്ചതിനേക്കാള്‍ ഒരു സംതൃപ്തി !
-------------------------------------------------------------------------------------------------
             
            ഇത്തവണ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ കണ്ട ഒരു പ്രത്യേകത -
എല്ലാ സ്ഥലങ്ങളിലും 'റെസിഡന്ഷ്യല്‍' അസോസിയേഷനുകള്‍ ഉണ്ടായിരിക്കുന്നു - വീടുകളുടെ  ഗേറ്റില്‍ എല്ലാം നമ്പരുകള്‍ - നല്ല കാര്യം, നമ്പര്‍ അറിഞ്ഞാല്‍ എത്തപ്പെടാന്‍ സൗകര്യം ഉള്ള സംവിധാനം !
            ഇടക്കിടെ ഒരു ബോര്‍ഡ് " ഇവിടെ ചവറു ഇട്ടാല്‍ ശിക്ഷാര്‍ഹമാണ്"
                  "അസോസിയേഷന്റെ പേരും താക്കീതും" - അതും നല്ല കാര്യം -
      പക്ഷെ നമ്മുടെ വീട്ടിലെ മാലിന്യം എവിടെ കളയണം എന്നുള്ളതിനെ കുറിച്ച്, തദ്ദേശ ഭരണ സമിതികള്‍ക്കോ അസ്സോസിയേഷനോ ഒരു നിര്‍ദേശവും തരാനില്ല താനും !
       മാലിന്യ വിമുക്തമായ കേരളത്തിനെ കുറിച്ചുള്ള പരസ്യങ്ങള്‍ വഴി നീളെ,
മാധ്യമങ്ങളിലും !      
        തിരുവനന്തപുരത്തുള്ള എന്റെ മകന്റെ ഭാര്യ വീട് സന്ദര്‍ശിക്കണം -
ട്രെയിനില്‍ 'നെറ്റ്' വഴി യാത്ര റിസര്‍വ്  ചെയ്യാനുള്ള സംവിധാനം -
                      ആ സൗകര്യം എല്ലാം തിരിച്ചറിഞ്ഞു ഞാന്‍ അവരുടെ ഫ്ലാറ്റില്‍  എത്തുന്നു -
                    മകന്റെ അമ്മായിയപ്പന് വേണ്ടി ഞാന്‍ കൊണ്ടുവന്ന 'ഷിവാസ്'
പൊട്ടിച്ചു. മേമ്പോടിക്ക് ഇത്തിരി ഐസ് ആകാം എന്ന് പറഞ്ഞു ഞാന്‍ ഫ്രിഡ്‌ജ്
തുറക്കാന്‍ ഒരുംമ്ബ്ബെട്ടപ്പോള്‍, അവര്‍ എന്നെ തടഞ്ഞു !  
                             അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്  ഫ്രിഡ്ജിന്റെ മേല്‍ത്തട്ടില്‍
ഫ്രീസറില്‍ മുഴുവന്‍, കഴിഞ്ഞ ആഴ്ചത്തെ 'വേസ്റ്റ്' ആണ് വെച്ചിരിക്കുന്നത് എന്ന വിവരം!  ആഴ്ചയില്‍ ഒരു ദിവസമേ 'വേസ്റ്റ്' എടുക്കാന്‍ ഉള്ള സംവിധാനം ഉള്ളൂ -    
             'പാമ്ബെഴ്സു' ഉപയോഗിക്കുന്ന, രണ്ട് കുട്ടികളുള്ള അപ്പുറത്തെ  ഫ്ലാറ്റില്‍, രണ്ടാമത് ഒരു ഫ്രിഡ്ജ് ആണ് ഈ ആവശ്യത്തിനു മാത്രമായി  വെച്ചിരിക്കുന്നത് !
                       ഒരിടത്തും കളയാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ ! അങ്ങേരോ അസോസിയേഷന്റെ പ്രസിഡന്റും !
         "ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍  പതിനായിരം രൂപ പിഴ, എന്ന ബോര്‍ഡ്, അങ്ങേരുടെ നേതൃത്വത്തില്‍ ആണ്   സ്ഥാപിച്ചത് !
                         രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഞാനും ഭാര്യയും
കൊച്ചിയിലേക്ക് മടങ്ങാന്‍ ഒരുങ്ങി -
                   അവരും വീട്ടിലേക്ക്, കൊച്ചിയിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞതിനാല്‍, യാത്ര അവരുടെ കൂടെ ആക്കി -
              കാറില്‍ കയറുന്നതിനു മുന്‍പ്, ഞാന്‍ എന്റെ ബാഗ് ഡിക്കിയില്‍ വെക്കാന്‍ തുനിഞ്ഞു -
                      "ഡിക്കിയില്‍ വെക്കണ്ട, പിന്നിലെ സീറ്റില്‍ വച്ചാല്‍  മതി "
       ഡിക്കിയില്‍ മുഴുവന്‍, ആ ആഴ്ചത്തെ 'വേസ്റ്റ്' നിറച്ചിരിക്കുകയാണ്!
         കൊച്ചിയിലുള്ള സ്വന്തം വളപ്പില്‍ നിര്‍മാര്‍ജനം ചെയ്യാനായി !
              കൂടാതെ കുറെ പ്ലാസ്റ്റിക്‌ കുപ്പികളും വണ്ടിയില്‍ കയറ്റിയിട്ടുണ്ട് -
                                        "ഇതെന്തിനാണ്?"
              "തിരിച്ചു വരുമ്പോള്‍, അവിടെ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ മേടിച്ചു കൊണ്ട് വരാമല്ലോ - പ്ലാസ്റ്റിക്‌ കൂടും മറ്റും ഇല്ലാതെ "
             "വാട്ട് ആന്‍ ഐഡിയ സര്‍ജി " എന്ന പരസ്യം ഓര്‍മ വന്നു !"
       തിരുവനന്തപുരത്തെ 'വളപ്പില്‍ ശാലയില്‍"' നടന്നത് എന്തെന്നറിയാന്‍
  താഴെ ഞാന്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഒന്ന് ഞെക്കുക-
ലിങ്ക് ഈ എഴുത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്‌ -
                    ഇത് ഡോക്ടര്‍ ആര്‍. വി ജി മേനോന്‍ മൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്
യു. എ. ഇ യിലെ എഞ്ചിനീയേഴ്സിനെ അഭിസംബോധന ചെയ്ത ഒരു പ്രസംഗം ആണ് - അന്നേ, മാറ്റത്തിന് വേണ്ടി ഉള്ള അവസരങ്ങളില്‍, ഇടനിലക്കാരും വ്യവസ്ഥിതിയും ചേര്‍ന്ന് കളിക്കാന്‍ സാധ്യതയുള്ള ' വ്യാജ തൃഷ്ണയെ'
കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് തന്നിരുന്നു ! സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, സാങ്കേതിക വൈദഗ്ധ്യം  ഉള്ള 'റെഗുലേറ്ററി ബോഡികള്‍'
ഇവയുടെ ലൈസന്‍സിലും, പ്രവര്‍ത്തനത്തിലും ഇടപെടാതെ, കേവലം ഇടനിലക്കാരും, താല്പര്യക്കാരും മാത്രമായി പോയാല്‍ ഉണ്ടായേക്കാവുന്ന
തട്ടിപ്പുകളെ കുറിച്ചും സൂചിപ്പിച്ചിരുന്നു !
                   അതിന്റെ ബാക്കി പത്രമാണ്‌ 'സോളാര്‍ തട്ടിപ്പ്'!  
               സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലൂ  മേനോന്‍, എന്നിവര്‍
 വെറും 420 വകുപ്പ് പ്രകാരമുള്ള കേസില്‍ വഞ്ചന കുറ്റത്തിനും 'കോഴി' മോഷണത്തിനും ഇടയായി !!  നാല് കൊല്ലം അകത്ത് കിടന്നാലും
                      "ബാക്കി ജീവിതം ഭദ്രം" !!
------               http://www.youtube.com/watch?v=NAgK14J3Zs8
YouTube - Videos from this email
---------------------------------------------------------------------------------------------------

Thursday, August 22, 2013

വെളുത്തുള്ളി വര്‍ഗീസും - ഇഞ്ചി നായരും

                              കൊല്ലങ്ങള്‍ക്ക് മുന്‍പ് കുവൈത്തില്‍ ഞാന്‍ ആദ്യമായി വന്ന അന്ന്, മലയാളികളുടെ പാര്‍ട്ടികളില്‍ കേട്ടിട്ടുള്ള ഒരു തമാശയില്‍ നിന്നും ആണ് ഈ എഴുത്തിന്റെ പ്രചോദനം -  ഈ   തമാശ ആദ്യം കേട്ടത്   കുവൈറ്റ് ടൈംസില്‍ ജോലി ചെയ്യുന്ന 'കുട്ടന്‍' എന്ന ഒരു സഹൃദയനില്‍ നിന്നാണ് - ആ
നര്‍മത്തിന് പൊടിപ്പും തൊങ്ങലും നല്‍കി, അതിനു  വേണ്ട ഒരു പശ്ചാത്തലവും, മറ്റു അവശ്യ അനുസാരികളും ചേര്‍ത്ത് മെനഞ്ഞെടുത്തുതാണ് ഈ എഴുത്ത്.
                         ഇറാക്ക് അധിനവേശ സമയം- അവിടെ ഉണ്ടായിരുന്നതെല്ലാം വിട്ടെറിഞ്ഞ്‌, ബസ്ര വഴി ഇന്ത്യയിലേക്ക്‌ അഭയാര്‍ഥി പ്രവാഹം നടത്തിയ അനവധി മലയാളികള്‍ ഉണ്ടായിരുന്നു- ഞങ്ങള്‍ ഒരേ ബസ്സില്‍ യാത്ര തുടങ്ങിയ ഒരു കൂട്ടം ഉണ്ടായിരുന്നു- പല ദുര്‍ഘട സന്ദര്‍ഭങ്ങളിലും ഒരുമിച്ചു നില്‍ക്കാന്‍ പറ്റി എന്ന തിരിച്ചറിവ് -
                       അങ്ങിനെ യുദ്ധാനന്തരം, തിരിച്ചു കുവൈത്തില്‍ വന്നതിനു ശേഷവും, ഞങ്ങള്‍ ആ കൂട്ടായ്മ തുടര്‍ന്നു -
                       ഒന്ന് എന്റെ ബാല്യകാല സുഹൃത്തും, ഡോക്ടര്‍ ആയി ഇവിടെ ജോലി ചെയ്യുന്നതും ആയ ഒരാള്‍ - അമ്പതു കൊല്ലത്തെ സുഹൃത്ത്  ബന്ധം!
എന്റെ പഴയ പല പോസ്റ്റുകളിലും അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്-
അദ്ദേഹത്തിന്റെ അനുഭവ സമ്പത്തില്‍ നിന്നും ആണ് എന്റെ പല  കഥാ ബീജങ്ങളും ഉടലെടുത്തത്.
                       സാധാരണ പൊതുവെ ഡോക്ടര്‍മാരുടെ ഇടയില്‍ കാണാത്ത വായനാ ശീലത്തിന്റെ ഉടമ, അതെ പോലെ സംസാരിക്കാനുള്ള കഴിവും -
                    മൂന്നാല് റൌണ്ടിന് ശേഷം,  കൂടുന്നവര്‍ ഒഴപ്പുന്നു, കൂടുതലാണ്, അല്ലെങ്കില്‍ ഉടക്കാനുള്ള ലക്ഷണം കണ്ടാല്‍, പുള്ളിക്കാരന്‍ വിഷയം മാറ്റി, കാര്യങ്ങള്‍ ശുഭാപ്തി പര്യവസാനം ആക്കി മാറ്റാന്‍ കെല്‍പ്പുള്ള ആള്‍ !
         വേറെ ഒന്ന് രണ്ടുപേര്‍ - ഇവരെ ഒക്കെ കൂടാതെ സ്വപ്രയത്നം കൊണ്ട്
കുവൈത്തില്‍ വന്ന് ബിസ്സിനസ്സില്‍ കൂടി കോടികള്‍ ഉണ്ടാക്കി, ഇവിടത്തെ പ്രവാസി മലയാളികളില്‍  അറിയപ്പെടുന്ന രണ്ട് വ്യക്തികള്‍ -
                അവരാണ് ഈ കഥയിലെ നായകന്മാര്‍ -
             "വെളുത്തുള്ളി വര്‍ഗീസും - ഇഞ്ചി നായരും"
       എങ്കിലും നമ്മുടെ കഥാ നായകന്മാരായ "വെളുത്തുള്ളി വര്‍ഗീസിനെയും,  ഇഞ്ചി നായരെയും ഒരുമിച്ച് ഒരു നുകത്തില്‍ പൂട്ടി ഉഴുവാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ആയിരുന്നു.
                                    പരസ്പര വിശ്വാസം, ബഹുമാനം എന്നത് ഇവരുടെ ഏഴു അയിലത്തുകൂടി  പോയിട്ടില്ല -
                   അതുകൊണ്ട് ഞങ്ങളുടെ ഈ കൂട്ടായ്മയില്‍, ഇവര്‍ രണ്ട് പേരും ഒരുമിച്ച് സന്നിഹിതരായിരുന്ന അവസരങ്ങള്‍ വിരളം -
                     "വര്‍ഗീസുണ്ടോ എന്നാല്‍ ഞാന്‍ ഇല്ല എന്ന് ഇഞ്ചിനായരും, നായരുണ്ടോ എന്നാല്‍ ഞാനില്ല എന്ന് വെളുത്തുള്ളിയും"
                      "തമ്മില്‍ കണ്ടാലല്ലേ പ്രശ്നമുള്ളൂ, ഞാനില്ല സോദരാ "
               രണ്ടുപേരും, ഇത് തന്നെ ആണ് കാരണം പറഞ്ഞിരുന്നത് !  
          ഇവര്‍ രണ്ട് പേരും ഇല്ലാതിരുന്ന ഒരു സെഷനില്‍, എന്ത് കൊണ്ട് ഇവര്‍
കീരിയും പാമ്പും പോലെ ആയി എന്നുള്ളതിനെ കുറിച്ച് ഞങ്ങള്‍ ഒരു അവലോകനം നടത്തി.
                              "ബിസ്സിനസ്സ് വിരോധം, വൈരാഗ്യം "
               കൂട്ടത്തില്‍  സഹനശക്തിയോടെ എല്ലാം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍, അങ്ങേര്‍ക്കു അറിയാവുന്ന പശ്ചാത്തലം പറഞ്ഞു.
                            രണ്ട് പേരും എഴുപതുകളില്‍ ആണ് കുവൈത്തില്‍ വന്നത്. കട്ടപ്പനക്കാരന്‍ ഒരു കുഞ്ഞവറാച്ചന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്ക്.
പിന്നീട് രണ്ട് പേരും കൂടി ഒരു പങ്കു കച്ചവടം തുടങ്ങി.
           നാട്ടിലെ മലഞ്ചരക്കുകള്‍ ഇവിടെ എത്തിക്കുന്ന ഒരു പരിപാടി -
     തൊടുപുഴക്കാരന്‍ ഇഞ്ചി നായര്‍, അയാളുടെ നാട്ടിലുള്ള ബന്ധുക്കാരില്‍ കൂടി,  മലഞ്ചരക്കു കുവൈത്തില്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കി.
            വെളുത്തുള്ളി  അതെ പോലെ ശാന്തന്‍പാറയില്‍ നിന്നും.
     മൂന്നു കൊല്ലം കൊണ്ട് കുവൈത്തിലെ ഇന്ത്യന്‍   മലഞ്ചരക്കുകളുടെയും
വ്യന്ജനങ്ങുളുടെയും, വോള്‍സെയില്‍  ലോകം ഇവര്‍ കീഴടക്കുന്നു -
                പിന്നെ അങ്ങോട്ട്‌ കുറെ കൊല്ലങ്ങള്‍ അവരുടെ സുവര്‍ണ കാലം -
    ഏതോ ഒരു ഘട്ടത്തില്‍, കണക്കിലേറെ ആദായമുണ്ടാകുമ്പോള്‍, സാധാരണ പങ്കു കച്ചവടക്കാരുടെ ഇടയില്‍ സംഭവിക്കുന്ന ആ സ്പര്‍ധ, ഇവിടെയും ഉണ്ടായി -
            വാക്ക് തര്‍ക്കം, വ്യവഹാരം, പാരപണിയല്‍, തുടങ്ങിയ സകല കലാപരിപാടികളും - അവസാനം ബദ്ധവൈരികള്‍ ആയി.
             ഇതാണ് പലപ്പോഴായി, മലയാളി രോഗികളില്‍ നിന്നും ഡോക്ടര്‍ക്ക്
ലഭിച്ച വിവരത്തിന്റെ രത്നച്ചുരുക്കം -
               ഇനി വിഷയത്തിലേക്ക് വരാം. ഞങ്ങളീ കൂടുന്ന സദസ്സിലെ ചിലര്‍ ആലുവ യൂ. സി. കോളേജില്‍ പഠിച്ച ആളുകളാണ്. വേറൊരാള്‍ എറണാകുളം മഹാരാജാസില്‍,  മറ്റൊരാള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍,
വേറൊരാള്‍ ബ്രണ്ണന്‍ കോളേജിലും .
                             കോളേജു ജീവിതത്തിന്റെ മധുരിമയിലും, ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും, ആ കാലത്ത് യ്ണ്ടായിരുന്ന അധ്യാപകന്മാരുടെ മിഴിവുകള്‍ പരസ്പരം പറയുമായിരുന്നു.
                               ഗുപ്തന്‍ നായര്‍ സാറിന്റെ ക്ലാസ്സിനെ കുറിച്ച് ഒരാള്‍
വാചാലനാകുമ്പോള്‍, സാനു മാസ്റ്ററെ കുറിച്ചും ഭരതന്‍ സാറിനെക്കുറിച്ചും,
മഹാരജാസുകാരന്‍ പകരം പറയും. പിന്നെ ഓ. എന്‍. വിയേയും, എം. കൃഷ്ണന്‍ നായരേയും പ്രകീര്‍ത്തിക്കും.
                                 അന്നത്തെ സെഷനില്‍, ഇഞ്ചി വരില്ല എന്ന  ഉറപ്പില്‍, വെളുത്തുള്ളി വര്‍ഗീസ്‌ സന്നിഹിതനായിരുന്നു.
               "കുറ്റിപ്പുഴ കൃഷ്ണപിള്ള സാറിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?
ആലുവ യൂ. സി കോളേജിലെ അദ്ധ്യാപകന്‍ എന്നതിലുപരി, അദ്ദേഹം മലയാള സാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ടായിരുന്നു."
              പെട്ടെന്നായിരുന്നു വെളുത്തുള്ളിയുടെ പ്രഖ്യാപനം -
      പിന്നെയങ്ങോട്ട് യൂ.സി കോളേജിന്റെ ചരിത്രത്തെ കുറിച്ചുള്ള ഒരു പ്രഭാഷണം ആയിരുന്നു  വെളുത്തുള്ളിയുടേത്.
            മലയാറ്റൂര്‍ രാമകൃഷ്ണന്‍,  ആര്‍.. വി. ജി  മേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്,   എം. പി മാരായ തമ്പാന്‍ തോമസ്സ്, സാവിത്രി ലക്ഷ്മണന്‍, ഇവരെല്ലാം യൂ. സിയില്‍ നിന്ന് പിറന്ന പ്രതിഭകളാണ്. അന്നത്തെ കാലത്ത് അഞ്ചു ഹോസ്റ്റലുകള്‍ ഉണ്ടായിരുന്ന മറ്റൊരു കലാലയം കേരളത്തില്‍ ഇല്ലായിരുന്നു!
               ഞാന്‍ യൂ. സിയില്‍ പഠിച്ചിട്ടില്ല എങ്കിലും, ആ നാട്ടുകാരനായിരുന്നു.
എന്റെ ഒരു കസിന്‍ ആ സമയത്ത് അവിടെ പഠിച്ചിരുന്നു. ഈ പറഞ്ഞ ഹോസ്റ്റലുകളില്‍ ഒന്നായ 'ചാക്കോ ഹോസ്റ്റലില്‍' ഒത്തിരി തവണ അവന്റെ          ഗസ്റ്റായി താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ആ കോളേജിന്റെ അകത്തളങ്ങള്‍ വരെ എനിക്ക് സുപരിചിതമായിരുന്നു.
              നാലെണ്ണം കഴിഞ്ഞ്, ഒരേ തൂവല്‍ പക്ഷികളെ പോലെ, മറ്റേ ആള്‍ പറയുന്നതിനെ മാനിച്ച് ഞങ്ങള്‍ മുന്നേറുമ്പോഴാണ്‌, വെളുത്തുള്ളിയുടെ അടുത്ത കാച്ച്.
             "എം. എ. ഫൈനലിന്ക്ക് പഠിക്കുമ്പോള്‍ കുറ്റിപ്പുഴ സാര്‍ ഒരു കേട്ടെഴുത്ത് ഇട്ടു - എനിക്ക് മാത്രമാണ് പത്തില്‍ പത്ത് കിട്ടിയത് ."
                         സദസ്സ് ആകെ നിശബ്ദമായി! വെളുത്തുള്ളി  വിടുന്നില്ല -
      "എന്നെ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു, നീ നാളത്തെ വാഗ്ദാനമാണ്!"
                     എന്റെ സുഹൃത്ത് ഡോക്ടര്‍ സമയോചിതമായി ഇടപെട്ടു.
               "അപ്പോള്‍ നമുക്ക് കഴിക്കാം അല്ലേ, നാളെ എനിക്ക് ഓ. പി ഉള്ളതാണ്."
എന്നും പറഞ്ഞു ഡോക്ടര്‍ ഫുഡ്‌ സര്‍വ്  ചെയ്യുകയും, തുടര്‍ന്ന്‍ സംസാരം രൂപയുടെ വില ഇടിവിനെ കുറിച്ചും, 'മാഞ്ചിയം' കൃഷിയെക്കുറിച്ചും ആയി.
                     അടുത്തയാഴ്ച വെളുത്തുള്ളിയും ഇഞ്ചിയും ഇല്ലാത്ത സദസ്സില്‍,
ഈ  അപശ്രുതിയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.
          " ഇതിന്റെ നിജാവസ്ഥ കിട്ടണം എങ്കില്‍, നമ്മള്‍ ഇഞ്ചിയോട് ചോദിച്ചാലേ
അറിയാന്‍ പറ്റുകയുള്ളു."
          അടുത്ത കൂട്ടായ്മയില്‍ വെളുത്തുള്ളിയെ ഒഴിവാക്കി, ഇഞ്ചിയെ വിളിച്ച്   ഞങ്ങള്‍ വേദി ഒരുക്കി.
          തോടയവും, പുറപ്പാടും ഒക്കെ കഴിഞ്ഞ് ഞങ്ങള്‍  കഥയിലേക്ക് നീങ്ങി -
ഇഞ്ചി പ്രതികരിക്കാന്‍ തുടങ്ങി -
             "എന്റെ ഡോക്ടറെ, ആഹാരം കഴിക്കാനും കള്ളം പറയാനും മാത്രമേ, അവന്‍  വായ് തുറക്കുകയുള്ളൂ."
         " ഏയ്‌, അത് നിങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം. നമ്മളൊരുമിച്ച്
ഒരേ രണഭൂവില്‍ നിന്ന്‍ പാലായനം ചെയ്തവരല്ലേ?"
            വേദിയില്‍ ഇരുന്ന ഒരാള്‍ നിഷ്പക്ഷനായി, പഴയ ഓര്‍മകളുടെ 'സെന്റി'
ഒന്ന്‍ 'ആമ്പ്ലിഫൈ' ചെയ്ത് രണ്ടെണ്ണം കൂടി ഒഴിച്ചു.  
              "ബസ്രയില്‍ നിന്നുള്ള ആദ്യത്തെ ഫ്ലൈറ്റില്‍ അവനു മാത്രമാണ് സീറ്റ് തരം
ആയത്, ഡോക്ടര്‍ ഓര്‍ക്കുന്നുണ്ടോ?"
                      " കുവൈത്ത് അതിര്‍ത്തിയും അവിടത്തെ പട്ടാളക്കാരെയും, ബസ്രയിലുള്ള ചെക്ക് പോസ്റ്റുകളെയും വെട്ടിച്ച്, നാലഞ്ച് ബിസ്കറ്റുകള്‍
ഞാന്‍ കടത്തിയിരുന്നു."
        "ആദ്യം അവനാണല്ലോ നാട്ടിലെത്തുന്നത് എന്ന്‍ കരുതി ഞാനത് അവനെ ഏല്‍പ്പിച്ചു. നാട്ടില്‍ ഞാന്‍ ചെന്നപ്പോള്‍, അവന്‍ പറയുകയാണ്‌-" "          
               "ഒരു യുദ്ധക്കെടുതിയില്‍ നമുക്ക് തിരിച്ചു കിട്ടിയ ജീവനാണ് ഏറ്റവും വലുത് - അതിനു നന്ദി പറയുക- കഷ്ടങ്ങളും നഷ്ടങ്ങളും മറക്കുക !"
                    വികാരധീനനായി  ഇഞ്ചി പൊട്ടി കരഞ്ഞു -    
           അതുവരെ പവിലിയനില്‍ ഇരുന്ന് കളി കണ്ടിരുന്ന ഞാന്‍, ഇഞ്ചിയെ സമാശ്വസിപ്പിച്ച് ഒന്ന് കൂടെ ഒഴിച്ചിട്ട്ചോദിച്ചു -
           "അപ്പോള്‍ അയാളുടെ യു. സി. കോളേജിലെ പഠിപ്പും പത്രാസും ഒക്കെ?"
      "എന്റെ മാഷേ, ഞാന്‍ കള്ളു കുടിച്ചിട്ട് പറയുന്നതല്ല, ഞങ്ങള്‍ ഒക്കെ പത്താം തരം പോലും എത്തിയവരല്ല. രണ്ട് പേരും ചാക്കോ ഹോസ്റ്റലിലെ മെസ്സിലെ പണിക്കാര്‍ ആയിരുന്നു. അവന് അന്നത്തെ   പ്രിന്‍സിപ്പല്‍ ബഞ്ചമിന്‍ സാറിന്റെ പരിചയത്തില്‍, അങ്ങേരുടെ വീട്ടിലേക്കു മാറ്റം കിട്ടി. ബഞ്ചമിന്‍ സാറിന്റെ ബന്ധു ആയിരുന്നു പണ്ടിവിടെ സൂപ്പര്‍ മാര്‍ക്കറ്റു നടത്തിയിരുന്ന കട്ടപ്പനക്കാരന്‍ കുഞ്ഞവറാച്ചന്‍ -"
        "നെറിവുകേട്‌   പറയരുതല്ലോ - അവന്‍ കുവൈത്തില്‍ വന്ന ശേഷം എനിക്കും ഒരു വിസ സംഘടിപ്പിച്ചു അയച്ചു തന്നു-"
                   "എന്നാല്‍ നമുക്ക് ഫുഡ് സര്‍വ് ചെയ്യാം ഇല്ലേ?"
         ഡോക്ടര്‍ ലഭിക്കേണ്ടത് കിട്ടി എന്ന രീതിയില്‍ അന്നത്തെ ഷോയ്ക്ക്
തിരശീല ഇട്ടു.
       പിന്നീടു വെളുത്തുള്ളി ഞങ്ങളുടെ സെഷനില്‍ വന്നിട്ടേ ഇല്ല !
   ---------------------------------------------------------------------------------------------------------


Wednesday, August 14, 2013

  ഇവരെല്ലാം എവിടെ ഒക്കെ കാര്യം കണ്ടു

                                  അന്പതിനായിരത്തില്‍  ഉപരി ആളുകള്‍ തലസ്ഥാനത്ത് സമരത്തില്‍ പങ്കു കൊണ്ടു- നല്ല കാര്യം -അവസാനം  മുഖ്യ മന്ത്രിയുടെ ഓഫീസ് 'ടേംസ് ഓഫ് റെഫെറന്‍സില്‍ വരുന്നുണ്ടോ എന്നത് വേറൊരു കാര്യം -
                        സാധാരണ നേരം പുലര്‍ന്നാല്‍ അവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നത് ഒരു സ്വഭാവം ആണല്ലോ - ചിലര്‍ ചൂടുവെള്ളം കുടിച്ച്, ചിലര്‍ നാരിങ്ങവെള്ളം ചായയില്‍ ഒഴിച്ച് -  അങ്ങനെ പല മാര്‍ഗങ്ങളും -
                    പബ്ലിക്ക് ടോയിലറ്റുകള്‍ പൂട്ടിയിട്ടും ഈ സമരവീര്യം എങ്ങിനെ
നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ് !
   
                        തുളസീവനത്തിന്റെ ബ്ലോഗില്‍ പറഞ്ഞ പോലെ
                  ഇത് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും നമക്ക്   പ്രയോഗിച്ചൂടെ !
                                  എന്താ നമ്മുടെ മനുഷ്യ സമ്പത്ത് !!
                           

Monday, August 5, 2013

പങ്കാ നായരുടെ മോഹം - അതിമോഹമാണ് ദിനേശാ !

പങ്കാ  നായരുടെ മോഹം - അതിമോഹമാണ് ദിനേശാ !
              ഞാൻ എന്റെ എയര്ഫോഴ്സ് ജീവിതത്തിലേക്ക് മടങ്ങി വരുന്നു -
പങ്കാ നായരെ കുറിച്ച് ഒത്തിരി എഴുതാൻ ഉണ്ട് - പഴയ ചില പോസ്റ്റുകൾ  കാണണം എങ്കിൽ  'പങ്കാ നായരും പാരാ ജംബിങ്ങും',കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍',    പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ്  ഈ പോസ്റ്റുകൾ നോക്കുക  - ആൾ ഒരു കഥാപാത്രം തന്നെ ആണ് !
               എയർഫോഴ്സിൽ ഉള്ള എല്ലാപേർക്കും "ആനുവൽ റേഞ്ചു പ്രാക്ടീസ് ' ഒരു ചടങ്ങാണ്.
             അതിൽ കൂടി ഉദ്ദേശിക്കുന്നത്, എല്ലാപേർക്കും, അവരവരുടെ ജോലിക്ക് അനുസരിച്ചുള്ള, തോക്കുക്കുകൾ കൈകാര്യം ചെയ്തു , അവരെ സുസജ്ജമാക്കി നിറുത്തുക എന്നതാണ്.
                      പണ്ട് .303 തോക്കുകളും അത് കഴിഞ്ഞ് 7.62 തോക്കുകളും ആയിരുന്നു .
         '"പോലിസ്, ഇൻസ്ട്രുക്ട്ടെഴ്സ്, ഓഫീസേഴ്സ്, ആർമമെന്റ്, എന്നീ ഓരോ വിഭാഗത്തിനും, അവർക്ക് ആവശ്യമുള്ള രീതിയിൽ 'റിവോൾവർ' അടക്കം   ഉള്ള പരിശീലനം വേറെയും -
                              പക്ഷെ അതൊന്നും സാധാരണ ഒരു എയര്ഫോഴ്സുകാരന് ആവശ്യമുള്ള ട്രൈനിനിഗിന്റെ ഭാഗമല്ല -
                            ഒഫീസേഴ്സിനും, പാരട്രൂപ്പെഴ്സിനും 'ക്ലേ പിജിയാൻ ഷൂട്ടിങ്ങിനുള്ള' പരിശീലനം കൊടുക്കും .
                       ചലിക്കുന്ന ഒരു ടാർഗറ്റിനെ, അതിന്റെ വേഗത അനുമാനിച്ച് വെടി  വെക്കാനുള്ള പരിശീലനം .
         ചുരുക്കത്തിൽ പറന്നു പോകുന്ന ഒരു പറവയെ, അതിന്റെ വേഗത അനുമാനിച്ചു "ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നില് എറിഞ്ഞു വീഴ്ത്തുന്ന' ആ പഴയ തത്വസംഹിത !
                     ചില പ്രത്യേക വിഭാഗക്കാർക്ക് എൽ. എം. ജി ,  പ്രാക്റ്റീസും ഉണ്ടാകും -
                           ഇങ്ങനെയെയുള്ള ഒരു റേഞ്ചു പ്രാക്ടീസ് സന്ദർഭത്തിൽ ഒരു
ഇന്സ്ട്രെക്ടരും ഉണ്ടായിരിക്കും, പിന്നെ അർമമെന്റ് ഡിപ്പാർറ്റ്മെന്റിലെ
ഒരാളും !
                                ഈ പശ്ചാത്തലത്തിൽ ആണ് പങ്കാ നായർക്ക് ഒരു പൂതി ഉണ്ടാകുന്നത് !
                     "എനിക്കും 'റിവോൾവർ ഉപയോഗിച്ച് ഒരനുഭവം വേണമെന്ന്"
               കുറെ നാളായി, ഇക്കാര്യം പറഞ്ഞ്,  ട്രീറ്റ് ചെയ്ത്‌ എന്നെ പ്രലോഭിപ്പിക്കുന്നു !       
               അവിടെ വരുന്ന ആയുധങ്ങളുടെയും, വെടിക്കോപ്പുകളുടെയും, കണക്ക് പരിശോധിക്കുക എന്നല്ലാതെ, എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്നത്, ഇൻസ്റ്ട്രകരുടെ ജോലി ആണ് -
                പങ്ക അയാളുടെ പുറകെ ആയി -
                    ഏതൊക്കെ ആളുകൾ ഡ്യൂട്ടിക്ക് പോകുന്നു, അന്നേ ദിവസം എന്റെ
 ഡ്യൂട്ടി വരുന്നുണ്ടോ- അങ്ങിനെ പലതും !
                     അവസാനം പങ്ക അതും കണ്ടു പിടിച്ചു -
                'തണ്ണി വീക്നെസ്സുള്ള" കുട്ടി എന്ന  ഒരു മലയാളീ ഇൻസ്റ്റ്രെക്റ്റർ -
                                ഒന്നൊന്നര മാസം പങ്ക കുട്ടിയെ സൽക്കരിച്ചു ~!
  അവസാനം കുട്ടിയെ കൈയിൽ എടുത്തപ്പോൾ അങ്ങേര് പറഞ്ഞു
                                       "ഞാൻ കണ്ണടക്കാം, പക്ഷെ അർമമെന്റ് സെക്ഷനിൽ നിന്നുവരുന്നവർ, ഇതിനെ കുറിച്ച് ഒന്നും ചോദിക്കരുത് -
                  കുട്ടിയേയും എന്നേയും കൈയ്യിൽ എടുത്ത പങ്ക, ഇനി എന്താണ് വേണ്ടത് എന്നാരാഞ്ഞു -
                    ഞാനും, കുട്ടിയും ഒരേ ദിവസം  ഡ്യൂട്ടിയിൽ വരണം - അന്നത്തെ 'ഫയറിംഗ് പ്രാക്ടീസ് ലിസ്റ്റിൽ പങ്കയുടെ പേരും ഉണ്ടാകണം -
                     പങ്കയുടെ ഓപ്പറേഷൻ ആ ദിശയിലേക്കായി-
       ഫയറിംഗ് പ്രാക്ടീസ് റോസ്ട്ടർ ഉണ്ടാക്കുന്നത്‌ *(   സ്റ്റേഷൻ റുട്ടീൻ ഓർദേഴ്സ്
എന്നാ പ്രഖ്യാപനത്തിലൂടെയാണ്-
               പങ്ക അതും ശരിയാക്കി -
          അങ്ങിനെ ഞാനും കുട്ടിയും പങ്കയും ഒത്തു ചേർന്ന ഒരു മുഹൂർത്തം ഉണ്ടാക്കപ്പെട്ടു.
                     പതിവ് ' റേഞ്ചു പ്രാക്ടീസ്' പ്രക്രിയകളെല്ലാം പൂർത്തീകരിച്ചു-
                            വന്ന  കഴകക്കാരെല്ലാം മടങ്ങിപ്പോയി-
              മുഖ്യ കർമികളായ എനിക്കും, കുട്ടിക്കും , ഞങ്ങളുടെതായ യാത്രാ സംവിധാനം ഉണ്ട് -
                   അരങ്ങ് ഒഴിഞ്ഞപ്പോള്‍ , പങ്കയുടെ വിധേയത്തിൽ പെട്ട ഞാനും കുട്ടിയും പങ്കക്ക്   0.38  റിവോൾവർ ലോഡ് ചെയ്തു കൊടുത്തു -
          പങ്ക  ഇരുപത്തഞ്ചു മീറ്റർ അകലത്തിലുള്ള 'ടാർഗറ്റ്' നോക്കി, ചിരകാല അഭിലാഷം സാക്ഷാത്കരിക്കുവാൻ ശ്രമിച്ചു.
                      'ഫയർ' ചെയ്യുന്നില്ല - ഒരു വശപ്പിശക് !
         "സംഗതി 'ഹാഫ് കൊക്ക്' എന്ന് സാങ്കേതികമായി പറയും !"
              ലോഡെഡ്‌ റിവോൾവർ 'കോക്കായി', പക്ഷെ പ്രവർത്തിക്കുന്നില്ല എന്ന അവസ്ഥ !
         സിനിമയിൽ സല്മാന്ഘാൻ കാണിക്കുന്ന പോലെ അങ്ങിനെ പറന്നു വെടിവെക്കാൻ പറ്റുന്ന ഒരായുധം അല്ല, പോലീസിലും പട്ടാളത്തിലും അന്ന് ഉപയോഗിച്ചിരുന്ന റിവോൾവർ. മൂന്നാല് പൌണ്ട് ബലം ചൂണ്ടു വിരലിൽ കൊടുത്താലേ അത് കൊക്ക് ആകുകയുള്ളൂ-  പ്രവർത്തിക്കണം എങ്കിൽ, അര മുക്കാൽ പൌണ്ട് പിന്നെയും പ്രയോഗിക്കണം- ആ ബലം പിടുത്തത്തിൽ അതിന്റെ ഉന്നം വിചാരിച്ച സ്ഥലത്ത് കൊള്ളണമെങ്കിൽ ഇമ്മിണി വിഷമമാണ്! ഇപ്പോഴത്തെ  പിസ്റ്റലുകൾ ഇത്രയും സ്രമകരമല്ല !
              ആ അവസ്ഥയിൽ തോക്കും പിടിച്ച്, പങ്ക കുട്ടിയുടെ നേരെ തിരിഞ്ഞു പറഞ്ഞു  " ഈ പണ്ടാരം വർക്ക് ചെയ്യുന്നില്ല "-
                           പിന്നെ ഞാൻ കണ്ടത്, തനി പട്ടാള മുറ ആണ് !
               കുട്ടി വലതു കാൽ പൊക്കി പങ്കക്ക് ഒരു ചവിട്ടു നല്കി !
                        പങ്ക നടുവും കുത്തി  നിലത്ത്!
        എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു-
   പിന്നീട് അന്ന് വൈകുന്നേരം, കുട്ടി വിശദീകരിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്‌ -
      "നിലത്തെഴുത്ത് പഠിക്കാതെ, നല്ല ഒരു ചുവരെഴുത്തുകാരൻ ആകാൻ പറ്റുകയില്ല എന്ന ആപ്തവാക്യം -
            ഫയറിംഗ്  റേഞ്ചു  ക്ലാസ്സിലെ പ്രാഥമിക പാഠങ്ങൾ -
       "എപ്പോഴും, തോക്കിന്റെ കുഴൽ 'ടാർഗറ്റിൽ' മാത്രം ചൂണ്ടി പിടിക്കുക -"
       "റിവോൾവർ ആണെങ്കില്‍  താഴത്തെക്കും -"
                 എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വലത്തെ കൈ ഉയർത്തുക -
         അല്ലാതെ ലോഡ് ചെയ്ത ആയുധവുമായി തിരിഞ്ഞു സംശയം ചോദിച്ചാൽ,
                               ഇതായിരിക്കും മറുപടി -
         ജീവിത അഭിലാഷം നിറവേറ്റാൻ പറ്റാതെ പങ്ക അടുത്ത 'ഡ്രിങ്ക്' ഒഴിച്ചു!
                  -----------------------------------------------------------------------------------