Reminiscece Of Air Force Life

Thursday, May 30, 2013

ഒരു ബാങ്ക് ഇന്റർവ്യൂവിനു പോയ രസാവഹമായ കഥ

                       
               
                           ഞാൻ 'കോഴി ബിസിനസ്സ്' നടത്തി 'അംബാനി ആയ കഥ, നിങ്ങൾ വായിച്ചല്ലോ! ( ഞാൻ അംബാനി ആയ കഥ - 1വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക)
                      എടുത്ത ബാങ്ക് ലോണ്‍, തിരിച്ചടക്കാൻ തത്രപ്പെടുംബോഴാണ്,
ബാങ്കിംഗ് ഗൂപ്പിന്റെ ഒരു ഇന്റർവ്യൂ കാൾ എനിക്ക് ലഭിക്കുന്നത്-
            "ഇന്ന ദിവസം, കൊച്ചിയിലുള്ള വലിയ ഹോട്ടലിൽ, ഇത്രാം നിലയിൽ, ഇന്ന റൂമിൽ "-
                ദൈവമേ, 'സ്ഥിരവരുമാനമുള്ള, കൊള്ളാവുന്ന തസ്ഥികയിൽ, ഒരു നാഷനലൈസ്ഡു ബാങ്ക് ജീവനക്കാരാൻ ആകാനുള്ള അവസരം!
               ഞാൻ അംബാനി ആകാനുള്ള ആഗ്രഹവും ഒക്കെ വിട്ട്, മനോരമ ഇയർ  ബുക്കും, കറന്റ് അഫയെഴ്സും, കോമ്പട്ടീഷൻ സക്സസ് തുടങ്ങിയ ഒറ്റ മൂലികളിൽ, സശ്രധനായി!
               'പാനിപ്പട്ട് യുദ്ധം' തുടങ്ങിയ കൊല്ലം, കഴിഞ്ഞ വേൾഡ് ക്രിക്കറ്റിൽ സച്ചിൻ നേടിയ സ്കോർ, പുതുതായി രൂപാന്തരപ്പെട്ട ഏതോ ഒരു പഴയ സോവിയറ്റ് യൂണിയനിലെ പ്രധാനമന്ത്രിയുടെ പേര്, തജാക്കിസ്ഥാന്റെ തലസ്ഥാനം, തുടങ്ങിയവ കാണാതെ പഠിക്കുവാൻ തുടങ്ങി!
                  അതും മുപ്പത്തഞ്ചാം വയസ്സിൽ!
                'സൊസൈറ്റിയിൽ നിന്നും എടുത്ത ലോണ്‍ അടച്ചു തീർക്കണ്ടേ!'
                      'കോഴി മേനോനും ആയില്ല!'
                       ' അംബാനിയും ആയില്ല'!
          സ്ത്രീധനം ഒന്നും മേടിച്ചില്ലായിരുന്നു എങ്കിലും, അച്ചി വീട്ടിൽ അവരുടെ ചിലവിൽ താമസിക്കുന്നതിന്റെ ചളിപ്പ്‌ വേറെയും!
                                              നിശ്ചിത സമയത്ത് ഒരു ടൈയും ഒക്കെ കെട്ടി, ബാങ്ക് ഇന്റർവ്യൂവിന് ഞാൻ പോയി.
                          പേര് വിളിക്കപ്പെട്ട് അകത്തു ചെന്നപ്പോൾ, ഇന്റർവ്യൂ ' പാനലിൽ  മൂന്നു പേരുണ്ടായിരുന്നു.
                കുശല പ്രശ്നം ഒക്കെ ചോദിച്ചു, എന്നെ 'കംഫർട്ടബിൾ' ആക്കി.
                'അതാരാണ്', 'ഇതെന്തുകൊണ്ടാണ് ഇങ്ങനെ',  ഇപ്പോൾ കാണുന്ന
'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന ടി. വി എപ്പിസോഡിലെ പോലെയുള്ള ആദ്യത്തെ കുറെ എളുപ്പ ചോദ്യങ്ങളൾ !
             അതിനിടയിൽ, ഞാൻ കൊടുത്ത 'ബയോഡാറ്റ' അവർ പരിശോധിക്കുന്നു എന്ന് മനസ്സിലായി-
                      'കഥകളി ഇഷ്ടമാണ് അല്ലെ?'
                             "അതെ"
      എന്തുകൊണ്ടാണ്, ഇഷ്ടമായി തോന്നാൻ കാരണം?
                      'അതൊരു സമ്പൂർണ കലയാണ്‌ - സംഗീതം, സാഹിത്യം, താളം, ഭാവാഭിനയം, മുദ്രകൾ, ചമയം, ഞാൻ  ആസ്വാദനത്തെ കുറിച്ച് വാചാലനായി-
           ഞാൻ പറഞ്ഞു തീർക്കുന്നതിനു മുൻപ്, അടുത്ത ചോദ്യം -
                          'കഥകളി സംഗീതമോ?'
                                ''ഇഷ്ടമാണ്'
      'ഏതെങ്കിലും ഒരു പദത്തിന്റെ രണ്ടു വരി പാടാമോ?'
                       'പാട്ട് വലിയ വശമില്ല, പഠിച്ചിട്ടില്ല'
            'ഓർമ  വരുന്നത്, ഏതെങ്കിലും രണ്ടു വരി പറഞ്ഞാൽ മതി'-
     ഞാൻ 'കലാമണ്ടലത്തിൽ' ചേരാനുള്ള ക്യൂവിൽ, വഴി തെറ്റി നിന്നതാണോ,
എനിക്ക് സംശയം തോന്നി !
        ഞാൻ കുചേലവൃത്തത്തിലെ 'അജിത ഹരേ' എന്ന് തുടുങ്ങുന്ന വരികൾ,
പറഞ്ഞു കേൾപ്പിച്ചു -
         'ഇത് ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നറിയാമോ?'
                               'ശ്രീരാഗം'
              പെട്ടെന്ന് നടുക്കിരിക്കുന്ന ആളുടെ വക മറ്റൊരു ചോദ്യം -
      "എ.പി ഉദയഭാനു എന്ന ഒരു പാട്ടുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?"
                             "ഉദയഭാനു എന്നൊരു പാട്ടുകാരനുണ്ട്, കൂടാതെ ആ പേരിൽ  തന്നെ ലേഖനങ്ങൾ എഴുതുന്ന ഒരെഴുത്തുകാരനും ഉണ്ട് - പാട്ട് പാടുന്നത്
 കെ. പി. ഉദയഭാനു ആണ്, മറ്റേ ഉദയഭാനുവിന്റെ ഇനീഷ്യൽ വ്യക്തമല്ല-"
                'പാട്ടുകാരൻ ഉടയഭാനുവിന്റെ പാട്ടുകൾ?'                
                                നടുക്കിരിക്കുന്ന ആൾ വീണ്ടും -
           'അനുരാഗ നാടകത്തിൽ', 'വെള്ളി നക്ഷത്രമേ' അങ്ങിനെ ഒട്ടനവധി .....
                           എന്റെ ഇന്റർവ്യൂ കഴിഞ്ഞു എന്ന് അറിയിച്ചു !
              കുറെ ദിവസങ്ങൾ  കഴിഞ്ഞു, എന്റെ ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം  ചോദിച്ചു -
              'എങ്ങിനെ ഉണ്ടായിരുന്നു നിന്റെ ബാങ്ക് ഇന്റർവ്യൂ?'
     'ഓ, അത് വെറുതെ ഒരു പ്രഹസനം, അവർ ബന്കിങ്ങിനെ കുറിച്ചോന്നും
അല്ല ചോദിച്ചത്-  ചോദിച്ചതെല്ലാം, കഥകളിയെ കുറിച്ചും ഡാൻസിനെ  കുറിച്ചും  ആണ്"
       പല സിലക്ഷൻ ബോർഡിലും, ചോദ്യകർത്താവയി ഇരുന്നിട്ടുള്ള, എന്റെ ചേട്ടൻ ഒന്നും മറുപടി പറഞ്ഞില്ല !
                       അവസാനം എനിക്ക് ബാങ്കിന്റെ 'അപ്പോയിന്റ്മെന്റ് ഓർഡർ'
കിട്ടിയപ്പോൾ, ഞാൻ പോലും അമ്പരന്നു!
                  അടുത്ത തവണ ചേട്ടനുമായി സംസാരിച്ചപ്പോഴാണ്, ഇതിന്റെ എല്ലാം
അടിയൊഴുക്കുകൾ എനിക്ക് മനസ്സിലാകുന്നത്‌ -              
                 അത്, ഞാൻ അടുത്ത തലമുറയ്ക്ക് പകർന്നു   തരുന്നു -
                         ചോദ്യശരങ്ങൾ കൊണ്ട്, നിർവീര്യമാക്കുന്ന ഒരു സമീപനമല്ല, വിവേകമുള്ള ചോദ്യകർത്താക്കൾ, മുഖാമുഖത്തിലൂടെ ചെയ്യുന്നത് -
                                 ഉദ്യോഗാർത്ഥിക്ക് അറിയിയുന്നത്, എന്ന് അയാൾ  തന്നെ പറയുന്ന മേഘലയിൽ കൂടിയാണ്, ചോദ്യകർത്താവിന്റെ അനുമാനങ്ങൾ, സ്ഥിതീകരിക്കപ്പെടുന്നത് !
                          നമ്മൾക്കറിയാവുന്ന, നമ്മൾക്കിഷ്ടമുള്ള എന്ന് നമ്മൾ തന്നെ ഉണർത്തിച്ച, മേഘലയിൽ നിന്നാണ്, അങ്ങിനെ ഉള്ളവര ചോദ്യം ചോദിക്കുക-   
                   നമ്മൾക്ക് താല്പര്യം ഉണ്ട്, എന്ന് നമ്മൾ തന്നെ, എഴുതിക്കൊടുത്ത,
അല്ലെങ്കിൽ  അവകാശപ്പെടുന്ന കാര്യത്തിൽ, ഈ  ഉദ്യോഗാർത്ഥിക്ക്
എത്രത്തോളം അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്, എന്നതിലൂടെയാണ്‌, അവർ വിലയിരുത്തൽ നടത്തുന്നത് -
              അതുകൊണ്ട്, ഇപ്പോഴത്തെ കാലത്ത്, കുറെ പേരുകൾ കാണാതെ പഠിച്ചുകൊണ്ട് മാത്രം ഇന്റർവ്യൂവിനു പോകല്ലേ - കാര്യമില്ല !
       എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക്, ശരിയായ ഉത്തരം പറഞ്ഞ എനിക്ക്, ബാങ്കിൽ ജോലി കിട്ടി !
                 എന്റെ ചേട്ടൻ ഇത് പോലെ, നിരവധി ഇന്റർവ്യൂ ബോർഡിൽ  ഉണ്ടായിരുന്ന ഒരു വ്യക്തി ആണ് - അദ്ദേഹം പറഞ്ഞ ഒരു വാചകം ഞാൻ പറയാം -
                   " വീ വിൽ ഗിവ് ഹിം ദി ലൂസ്  എൻഡ് ഓഫ് ദി റോപ് ആൻഡ് ഒബ്സർവു, ഹൗ ഫാർ ഹി കാൻ ഗോ"
                 ചുരുക്കത്തിൽ, ഇവൻ വാചകം അടിച്ചു എവിടം വരെ പോകും,  എന്ന് അവർ നിരീക്ഷിക്കും -
                      ഉദ്യോഗാർത്ഥി , ബോർഡിൽ ഇരിക്കുന്നവരെ പറ്റിച്ചു എന്ന  സന്തോഷത്തിൽ, കാട് കേറും !
             എന്തായാലും ഞാൻ ബാങ്കിൽ  ചേർന്നില്ല - എഫ്. എ. സി ടിയിൽ നിന്ന്
അതിലും നല്ല ഒരു ഓഫർ  കിട്ടിയ കാരണം,  അവിടെ ചേർന്നു  -
                             കുറെ നാളുകൾക്കു ശേഷം, ഏതോ ഒരു മാസികയിൽ, എഴുത്തുകാരന്റെ ഫോട്ടോയും കൂടിയുള്ള,  ഒരു ലേഖനം ഞാൻ വായിക്കാനിടയായി !
          പണ്ട് ബാങ്ക് ഇന്റർവ്യൂവിനു, എ. പി. ഉദയഭാനു എന്ന പാട്ടുകാരനെ അറിയാമോ എന്ന് ചോദിച്ച,  പാനലിൽ നടുക്കിരുന്ന ആളിന്റെ ആയിരുന്നു ഫോട്ടോ!
                          "ശ്രീ.  എ. പി. ഉദയഭാനു "
             ഒരു സംശയം എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു !
      അവനവന്റെ പേര് അറിയുമോ എന്ന, വ്യക്തിപ്രഭാവ ചിന്തയിൽ  നിന്ന് ആയിരുന്നോ ആ ചോദ്യം ഉണ്ടായത്, 'അതോ കൊനഷ്ടു നിറഞ്ഞ ഒരു ചോദ്യത്തിന് വേണ്ടി ഒരു ചോദ്യം '  എന്ന നിലയിലായിരുന്നോ, ആ ചോദ്യം ഉയർന്നത് എന്ന് !!
  ------------------------------------------------------------------------------------------------------
    

Sunday, May 19, 2013

ഞാൻ അംബാനി ആയ കഥ - 2

          ഇത്   "ഞാൻ അംബാനി ആയ കഥ - 1" എന്ന പോസ്റ്റിന്റെ  തുടർച്ച -
-----------------------------------------------------------------------------------------------------------

             ഇടിവെട്ടുന്ന പോലെയുള്ള ഒരു ശബ്ദത്തോടെ, ഷെഡിന്റെ മേൽക്കൂര, മേഞ്ഞ ഓടുകളുമായി, മൊത്തം നിലം പൊത്തുമ്പോൾ, വശങ്ങൾ അടച്ചു
കെട്ടാതിരുന്നതിനാൽ, താഴെയുള്ളവർ എല്ലാം ഓടി രക്ഷപ്പെട്ടു.
             ഞാനാകെ വിറങ്ങലിച്ചു, തരിച്ചു നിൽക്കുമ്പോഴാണ്, ഭാര്യയുടെ മുത്തച്ഛന്റെ ഒരു കമന്റ്!"
                  "അന്നേ ഞാൻ പറഞ്ഞതല്ലേ, വിറക് പുരയുടെ പടിഞ്ഞാറേ ഭാഗം
വാഴുന്നതല്ല എന്ന്"!
             രോഷാകുലനായ ഞാൻ, ആരാ പറഞ്ഞത് എന്ന്  നോക്കുക പോലും ചെയ്യാതെ, വായിൽ വന്ന ഒരു സരസ്വതി കൂട്ടി പറഞ്ഞു-
           "നിങ്ങൾ, നിങ്ങളുടെ പണി നോക്ക്- ഞാൻ ഇവിടെത്തന്നെ പണിയും"!
                     അന്തം വിട്ട മുത്തച്ഛൻ, അകത്തോട്ടു വലിഞ്ഞു!
          എയർ ഫോഴ്സീന്നു വിരമിച്ചതിന്റെ, ഇത് വരെ കാണാത്ത കാശല്ലേ എന്റെ കൈയ്യിൽ ഉള്ളത്!
                "ചാകര കണ്ട ചെമ്പൻ കുഞ്ഞിന്റെ അവസ്ഥ"!
                               ഞാൻ ആ സ്ഥലത്ത് തന്നെ, കോണ്‍ക്രീറ്റ് തൂണുകൾ വാർത്ത്, കോഴിക്കൂട് പണിഞ്ഞു.
                         ഒന്നല്ല, മൂന്നെണ്ണം !
                                      ചന്ദ്രൻ പിള്ള തന്ന മേൽവിലാസത്തിൽ നിന്ന്, ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെയും വരുത്തി.
                    എന്റെ കുഞ്ഞുങ്ങളെപ്പോലും പരിപാലിച്ചിട്ടില്ലാതിരുന്ന
ശ്രദ്ധയിൽ,
ഓരോ ദിവസവും ഉള്ള അവയുടെ വളർച്ചയിൽ, ഞാൻ കോൾമയിർ കൊണ്ടു.
                        പുതുതായി തുടങ്ങിയ ഫാമും, അതിനാൽ മലിമസമാകാത്ത അന്തരീക്ഷവും കൊണ്ടായിരിക്കാം -
                      എട്ടാഴ്ച  എടുക്കും വളർച്ചയാകുന്നതിന്,  എന്നതിനുപരി, ആറ്  ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ, അവ 'വയസ്സറിയിച്ചു'!
       അപ്പോഴാണ്, 'മാർക്കറ്റിംഗ്  ആന്ഗിളിനെക്കുറിച്ച്' ആലോചിച്ചത്!
                      കൊച്ചി നഗരത്തിൽ ഞാൻ തെണ്ടി നടന്നപ്പോൾ, എല്ലാപേർക്കും അവരുടെതായ, സ്ഥിരം ഇടപാടുകൾ ഉണ്ട്.     
                     എന്റെ കോഴികൾ, എഴാഴ്ച കഴിഞ്ഞ് നിന്നപ്പോൾ, അതുപോലെ വരിവരിയായി പുര നിറഞ്ഞു നിൽക്കുന്ന പെണ്മക്കളുള്ള, ഒരു പിതാവിന്റെ വേവലാതി ഞാൻ മനസ്സിലാക്കി!
                      കോഴികൾ മയിലുകളുടെ ആകാരം പ്രാപിക്കുന്നു!
          മാർക്കറ്റിൽ വേണ്ടത് ഒരു കിലോ, അല്ലെങ്കിൽ ഒരു കിലോ ഇരുന്നൂർ ഗ്രാം
ഉള്ള കോഴികളെയാണ്-
                   ' ഗജ രാജ വിരാജിത മന്ദഗതി'  എന്നൊക്കെ കണ്ട ഞാൻ, അവസാനം നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ, കുത്തിയിരുന്ന്, "എന്നെ, കുതിരപ്പുറത്ത്  വരുന്ന രാജകുമാരൻ, എന്നാണ് കൊണ്ടുപോകുക', എന്ന്
'അറബി കഥയിലെ' പെണ്‍കുട്ടി, ചോദിക്കുന്ന പോലെ തോന്നി!
                     ഇനി 'അറബി' കല്ല്യാണമേ നിവർത്തിയുള്ളൂ-
                                   മാനേജുമെന്റ് പഠിച്ച ഞാൻ, ഓരോ കണക്കുകളും, കുറിച്ച് വെക്കുന്നുണ്ടായിരുന്നു-
          "ഒരുദിവസം ഒന്നര രൂപയുടെ തീറ്റയും ഒരു രൂപയുടെ വളർച്ചയും"!
                              പണ്ട് കണ്ട ഒരു നാഗേഷ് സിനിമ ഓർമ വന്നു!
                     വരവ് എട്ടണ, ചിലവ് പത്തണ, കടശിയിൽ തുണ്ടണ !!
          രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, ഈ 'ഇൻവേഴ്സിലി  പ്രോപ്പോഷണൽ'  (വിപരീത അനുപാതം) തിയറിയുടെ ഗ്രാഫ്, പല നിറങ്ങളിൽ കൂടി, ഞാൻ സ്വപ്നത്തിൽ കൂടി കണ്ട്, ഞെട്ടി ഉണരാൻ തുടങ്ങി!
                        അങ്ങിനെ, ആദ്യത്തെ ബാച്ചിൽ ഉണ്ടായ മക്കളെ, കൊച്ചിയിലെ,
കോൾഡ്  സ്റ്റോറേജു ഉണ്ടായിരുന്ന 'അറബികൾക്ക്', ഞാൻ കിട്ടിയ കാശിന്
വിറ്റു -
          'ഉസ്താദ് ഹോട്ടൽ' എന്ന സിനിമയിൽ കണ്ട പോലെ ഉള്ള, 'കായിക്ക'
എന്നൊരു ഉസ്താദ് ഉണ്ടായിരുന്നു, അന്ന് കൊച്ചിയിൽ.  ആ സിനിമ തന്നെ, അങ്ങേരെ ആസ്പദമാക്കി ഉണ്ടാക്കിയതാണോ എന്ന് എനിക്ക് സംശയമില്ലാതില്ല!
               ''കായിക്കയുടെ' ബിരിയാണി ആണോ, ജനം ഇടിച്ചു കേറും!
          ഞാൻ അങ്ങേരെ കണ്ട്, എന്റെ അവസ്ഥ ഉണർത്തിച്ചു.
           "ഞങ്ങൾ പൊതുവെ 'ഹലാൽ' ചെയ്ത കോഴികളെ എടുക്കാറുള്ളൂ".  
                                      കൊച്ചിയിലുള്ള മുഴുവൻ  കോൾഡ് സ്ടോരേജിനും,
താങ്ങാൻ പറ്റാത്ത പോലുള്ള, സമ്പത്ത് ആയിരുന്നു എന്റെ കൈവശം!
                   "അല്ലേലും, വെള്ളവും അടിച്ചു, തിന്നാൻ വന്നിരിക്കുന്ന ഈ 'ബാലാലുകൾ' എല്ലാം, സംശുദ്ധമായ ജീവിതമാണോ നയിക്കുന്നത്"?
                  കായിക്ക ഒന്ന് ഉറക്കെ ചിന്തിച്ചിട്ട്‌, പറഞ്ഞു ...
   'തന്റെ മയിലുകളെ കൊണ്ട്, ഇന്ന കോൾഡ് സ്റൊരേജിൽ കൊട്, ഞാൻ
 വിളി ച്ചു പറയാം '!
                   എനിക്ക് പുര നിറഞ്ഞു നില്ക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ, ഒരു തീരുമാനം ആയല്ലോ എന്ന സമാധാനം!
                   പിന്നീട് ഞാൻ അറിഞ്ഞു, കായിക്കയുടെ തന്നെയാണ്, അല്ലെങ്കിൽ വേണ്ടപ്പെട്ട ആരുടേതോ ആണ്,  ആ  'കോൾഡ് സ്ടോറേജ്' എന്ന് !
                               എന്തായാലും, അങ്ങിനെ, എനിക്ക് ബോധമുണ്ടായി  -                   .  .                                     "സൃഷ്ടി മാത്രമല്ല എന്റെ ദൗത്യം-അതിന്റെ സംരക്ഷണവും എന്റെതാണ് എന്ന്"  !
                 "അല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നവും, എന്റെത് മാത്രമാണ് എന്നത്"
                                        സൊ, 'മാർക്കറ്റ് പെനിട്രേഷൻ'!
                 പഴയ 'മാനെജ്മെന്റ്' സൂക്തങ്ങൾ ഞാൻ ഓർത്തു.
                              അന്ന് കൊച്ചിയിൽ ഉണ്ടായിരുന്ന 'ചാരിയറ്റ്', 'സീകിങ്ങ്', ഇന്റർനാഷനൽ തുടങ്ങിയ നിരവധി ഹോട്ടലുകളിൽ, ഞാൻ ഇടിച്ചു കയറി, ബിസ്സിനസ് ഉറപ്പിച്ചു -
             ചെറുപ്പമായത് കൊണ്ട്, ലക്ഷ്യം കാണാനുള്ള എന്റെ കഴിവിൽ, ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്!
               "പക്കാവട വിറ്റ് നടന്നിരുന്ന 'ധീരുബായ് അംബാനിയുടെ' വിജയ ഗാഥ,
കേസ് സ്റ്റഡി ആയി പഠിച്ചത് ഓർത്തു.
           ബ്രോയിലർ ചിക്കൻ ഡിമാൻണ്ടുള്ള ഇടങ്ങൾ, ഞാൻ തപ്പി പിടിച്ചു.
              ലക്ഷ്വറി ക്രൂയിസ് അടുക്കുന്ന 'മറൈൻ' ക്ലബ്, ആകസ്മികമായി, പാർട്ടികൾ, നടത്തപ്പെടുന്ന ഹോട്ടലുകൾ, അന്തർ ദേശീയ സെമിനാറുകൾ നടക്കുന്ന വേദികൾ  .
                 പെട്ടന്നുള്ള, ഈ ആവശ്യങ്ങൾ, സ്ഥിരം നൽകുന്ന സപ്ലേയേഴ്സിന്,  , നേരിടാൻ പറ്റുകയില്ല.
                     ഇങ്ങനെയുള്ള, അടുത്ത മാസത്തെ വേദികളും, ആവശ്യങ്ങളും, മുൻകൂട്ടി അറിയാനുള്ള ഒരു സംവിധാനം, ഞാൻ മെനഞ്ഞെടുത്തു.
           അങ്ങിനെ പെട്ടെന്ന് വരുന്ന ആവശ്യങ്ങൾക്കായി, അമ്പതും അറുപതും ഒക്കെ, എനിക്ക് നൽകാൻ പറ്റുന്ന ഒരു ചുറ്റുപാടുണ്ടാക്കി.
                                             ഇതെല്ലാം നടക്കുന്നത്, ഒരു ജീവജാലത്തെ പോലും ഉപദ്രവിക്കാത്ത, സസ്യ ഭുക്കുകൾ ആയ എന്റെ ഭാര്യയുടെ വീട്ടുമുറ്റത്ത് വെച്ചാണ്!
             "പത്തു മണിയോടെ അമ്പത് കോഴികളെ, കൊന്ന്, ഡ്രെസ് ചെയ്ത്, ഹോട്ടലിൽ, ഏൽപ്പിക്കേണ്ട പരുവത്തിൽ ആക്കുന്ന പ്രക്രിയയിൽ, എന്റെ ഭാര്യയും ഭാഗഭാക്കായിരുന്നു, എന്നുള്ളതാണ്, സൌകര്യപൂർവ്വം ഞാൻ മറന്നു പോയ മറ്റൊരു സത്യം!
    ആദ്യമൊക്കെ ഇവയെ കൊല്ലുന്ന, പ്രക്രിയയിൽ നിന്ന് ഞാൻ വിട്ടു നിന്നു.
            പിന്നീട്, അതും ഒരാവശ്യമായി വന്ന ഘട്ടങ്ങളിൽ, കർമ നിരതനായ,
ഇറച്ചി വെട്ടുകാരന്റെ സമീപം, ദൈവത്തെ ശരിക്ക് മനസ്സിലാക്കാനായി അയയ്ക്കപ്പെട്ട പണ്ഡിതന്റെ ആ മഹാഭാരത കഥ, ഞാനോർത്തു.
           വിഷമ സന്ധിയിൽ, യോദ്ധവായ അർജുനനെ, കർമ്മയോഗത്തിൽ കൂടി,
യുദ്ധത്തിന് സുസജ്ജമാക്കുന്ന, 'ഗീതോപദേശം'  ഓർത്തു!
                                        "യാന്ത്രികമായ ഒരു നിസ്സംഗതയോടെ, ജീവസന്ധാരണത്തിന് തിരഞ്ഞെടുത്ത പന്ഥാവിലെ, എന്റെ കർമ്മങ്ങൾ ഞാൻ അനുഷ്ടിച്ചു!
        അതും, തല ഒഴിവാക്കി, തൂക്കം കുറയാതെ കത്തി വെക്കാൻ പറ്റുന്ന,
ആ 'ഒപ്ടിമം പോയിന്റു', എന്റെ പണിക്കാർക്ക്, ഞാൻ കാണിച്ചു കൊടുത്തു!
                                            ക്ഷത്രിയരുടെ, തല അരിഞ്ഞ പരശുരാമനെപ്പോലെ,
             ആയിരക്കണക്കിനു ജീവികളുടെ തല അറത്തു മാറ്റിയ എനിക്ക്, വെള്ളം  കുടിക്കാൻ പോലും ആവാതെ, ഉള്ള ഒരന്ത്യമാണ് ഉണ്ടാകുന്നത് എങ്കിലും,
ആരോടും പരിഭവിക്കാൻ പോലും ഒരു വകുപ്പില്ല, എന്ന് മനസ്സിലാക്കുന്നു.
         എങ്കിലും, ഞാൻ ഇപ്പോഴും ഒരു 'നോണ്‍വെജിറ്റേറിയൻ ' ആണ്!
                         ഞാൻ അതിനെ കുറിച്ചും ആലോചിച്ചു. അതിനു ഞാൻ കണ്ട
  മറുപടി, "പ്രകൃതി നിയമം'!-
                    നാഷണൽ ജിയോഗ്രഫി, അനിമൽ പ്ലാനെറ്റ് തുടങ്ങിയ ചാനലുകൾ, തരുന്ന സന്ദേശം. ആ 'അനിമൽ ഇൻസ്റ്റിൻക്ന്റ്', അല്ലെങ്കിൽ ആ താമസിക ഭാവമായിരിക്കാം എന്നെ ഇപ്പോഴും നീതികരിക്കാൻ പ്രേരിപ്പിക്കുന്നത്!
              എപ്പോഴും എന്റെ സൌകര്യാർത്ഥം, ഞാൻ ചെയ്യുന്നതെന്തിനും, സ്വയം  ഒരു ജസ്റ്റിഫിക്കേഷൻ, രൂപപ്പെടുത്തുന്ന അവസ്ഥ !
                          അത് പോട്ടെ, ഫീൽഡിൽ പിടിച്ചു നിൽക്കാൻ കെൽപ്പ് നേടിയ ഞാൻ, കൊച്ചിയിലെ ഒരു വലിയ ഹോട്ടലിലെ മാനേജരുമായി കൂടുതൽ അടുത്തപ്പോൾ, അങ്ങേരു പറഞ്ഞു.
       "രഘു, ഇവിടെ നാടൻ കോഴികളുടെ തന്തൂരിയാണ് സ്പെഷ്യാലിറ്റി.
അതുകൊണ്ട്, ആ ലൈൻ ഒന്ന് നോക്ക്- നമുക്കിരുവർക്കും കുറച്ചുകൂടി മെച്ചമായിരിക്കും "!
               സമീപ ചന്തകളിൽ നിന്ന്, തന്തൂരിക്ക് പറ്റുന്ന നാടൻ കോഴികളെ മേടിക്കാൻ തീരുമാനിച്ചു!
                        കൂട്ടിനു നാടൻ കോഴി കച്ചവടത്തിൽ വൈദക്ധ്യം ഉള്ള ഒരു അബ്ദുള്ളയെയും ചേർത്തു.
                   ഏതാണ്ട് സിനിമയിൽ കാണുന്ന 'മമ്മൂക്കായെ' പോലുള്ള ഒരു കഥാപാത്രം.
              ചന്തയിൽ നിന്ന് കൊണ്ടുവരുന്ന കോഴികളെ, എന്റെ പറമ്പിൽ  തന്നെ,
സൂക്ഷിക്കുന്നത്, ശരിയായ നടപടി അല്ല എന്നറിഞ്ഞ്, അവയെ എന്റെ പണിക്കാരന്റെ വീട്ടിലെ പറമ്പിൽ, സംഭരിക്കാൻ രംഗം ഒരുക്കി.
                          ഈ മിണ്ടാപ്രാണികളെ, ഹോട്ടലിൽ എത്തിക്കുന്നതിന് മുൻപ്,
പിണ്ണാക്കും മണ്ണും ചേർത്ത്, മൃഷ്ടാന്ന ഭോജനം നടത്തുമായിരുന്നു.
                                               "തൂക്കം കൂട്ടാൻ"
                 അത് അബ്ദുള്ളയുടെ, ഫീൽഡിലെ അനുഭവജ്ഞാനം ആണ് !
                        അങ്ങിനെ ഞാൻ അടിവെച്ചടിവെച്ച്, ഉയരുമ്പോഴാണ്, ദൂരെ ചക്രവാളത്തിൽ, കാർമേഘം ഉരുണ്ടുകൂടുന്നത് കാണാൻ ഇടയായത് !
                                  ഒരു ദിവസം കാലത്ത് നോക്കിയപ്പോൾ, തലേദിവസത്തെ ഉത്സവപറ മ്പിലെ  കളിയും കഴിഞ്ഞു, വീട്ടിലേക്ക്‌ ബസ്സിൽ മടങ്ങുന്ന കഥകളി കലാകാരന്മാരെ പോലെ, ഒന്ന് രണ്ടു കോഴികൾ, കൂടിന്റെ മൂലയിൽ നിന്ന് തൂങ്ങുന്നു!
                                     "എന്തോ ഒരു വശപ്പിശക് !"
         അവയെ എത്തേണ്ട സ്ഥലത്ത്, നേരത്തേ എത്തിച്ച്, എന്റെ സഹോദരിക്ക്,
അനിയന്റെ സ്നേഹോപഹാരമായി നൽകി .
                 ഓരോ ദിവസം കഴിയുമ്പോഴും,  ഈ സ്നേഹോപഹാരം ലഭിക്കുന്ന എന്റെ ബന്ധുമിത്രാദികളുടെ ലിസ്റ്റ് നീണ്ടു വന്നു.
          പിന്നെ അവ എന്നെ തോൽപ്പിച്ച് ആത്മഹത്യ ചെയ്യാൻ തുടങ്ങി!.
     അവസാനം എന്റെ കോഴികൾ തൂങ്ങുന്നതിനനുസരിച്ചുള്ള ബന്ധുബലം, എനിക്കില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി!
                       ഒരു ദിവസം പത്ത്, അടുത്ത ദിവസം അമ്പതു !
   നാട്ടുകാർ എന്റെ കോഴിക്ക് അസുഖം ഉണ്ടെന്ന്, വിദേശ ഹസ്തങ്ങളുടെയും,
 പ്രതിലോമ ശക്തികളുടെയും പ്രേരണയാൽ പറഞ്ഞ് പരത്താൻ തുടങ്ങി!
                "ഞാനൊരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു."
             അപ്പോൾ വീണ്ടും, പണ്ട് ലോകം   അവസാനിക്കാൻ പോകുന്നു എന്ന് വിശ്വസിച്ച്, ജപ്പാനിലുള്ള ഒരു 'കൾട്ട്' ചെയ്ത പോലെ, ഒരു കൂട് മുഴുവൻ കൂട്ട
ആത്മഹത്യ ചെയ്തു!!
                                            "ഏതാണ്ട് ഇരുന്നൂറു കോഴികൾ!"
                             എന്റെ സപ്ലൈ ചെയിൻ മുടങ്ങി!
                 കുറച്ചു നാൾ, വേറെ ഫാമിൽ നിന്ന്, അധിക വില കൊടുത്ത് മേടിച്ച്,
എന്റെ മാർക്കറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള 'തരികിട' നടത്തി!
         സമയത്തിനു വേണ്ടി, ഞാൻ ഒരു "ജെ.പി. സി അന്വേഷണം " പ്രഖ്യാപിച്ചു.
      ഒരു മൃഗ ഡോക്ടരുടെ ഉപദേശം തേടി. അത് ഇങ്ങിനെയും !
            "ഇവയ്ക്ക് 'കൊക്സി' എന്ന അസുഖം ബാധിച്ചിരിക്കുന്നു- മൊത്തം
ഡീഇൻഫെക്റ്റു ചെയ്തിട്ട്, ഒരു  മാസം എങ്കിലും കഴിഞ്ഞേ, ഇവിടെ തുടങ്ങാവൂ."!
                   "സി. എ. ജി യും, സുപ്രീം കോർട്ടും, വിദഗ്ദ്ധ സമിതിയും, എല്ലാം ഇങ്ങനെ തുടങ്ങിയാൽ, ഞാൻ എങ്ങിനെ ജീവിച്ചു പോകും.!
               ഞാനേറ്റ സ്ഥലങ്ങളിൽ, എന്റെ വാക്ക് പാലിക്കാൻ പറ്റിയില്ല എങ്കിൽ,
എന്റെ നിലനിൽപ്, എന്റെ മാർക്കറ്റ്,എന്റെ ഇമേജ്!
                  എന്റെ അനുഭവകഥ ഞാൻ പറഞ്ഞപ്പോൾ, നിങ്ങൾക്ക് നിലവിലുള്ള
എന്തെങ്കിലും ആയി സാദർശ്യം തോന്നിയിട്ടുണ്ട് എങ്കിൽ, അത് തികച്ചും
യദൃച്ഛയാ തോന്നുന്നതാണ് !
               പടുത്തുയർത്തിയ മാർക്കെറ്റ് പോയാൽ, അതോടെ ഞാനും പോയി!!
    അങ്ങിനെയിരിക്കെയാണ്‌ എനിക്ക് ബാങ്കിന്റെ ഇന്റർവ്യൂ കാൾ വരുന്നത് !
                                      ആ വിശേഷവുമായി അടുത്ത പോസ്റ്റിൽ കാണാം!!
----------------------------------------------------------------------------------------------------------

         
         
 

 


               




           

 
         



    









     

Wednesday, May 15, 2013

ഞാൻ അംബാനി ആയ കഥ - 1

    ഞാൻ എന്റെ, ജീവിതത്തിൽ ഉണ്ടായ പല മാറ്റങ്ങളും, അതേ പോലെ ആർക്കും  ഉണ്ടാകാൻ, ഇടയാക്കിയേക്കാവുന്ന  ചില സംഭവങ്ങളെയും
കു റിച്ചാണ് ഇക്കുറി എഴുതുന്നത്. എന്റെ കഴിഞ്ഞ ബ്ലോഗ്‌ വായിച്ച ചിലർ അഭിപ്രായപ്പെട്ടു,  'സംഗതി    കൊള്ളാമായിരുന്നു', 'നീണ്ടു പോയി', ബ്ലോഗു വായനക്കാരെ സംബധിച്ചിടത്തോളം, ഇത് രണ്ടു പോസ്റ്റുകൾ ആയി ഇടാമായിരുന്നു!' അത് കൊണ്ട് ഇപ്പോൾ എഴുതുന്നത്, ഞാൻ രണ്ടു ഭാഗമായി പോസ്റ്റ്‌ ചെയ്യുന്നു.
------------------------------------------------------------------------------------------------------------
 
   പട്ടാളത്തിൽ നിന്ന് പതിനഞ്ച് കൊല്ലം കഴിഞ്ഞ്, പെൻഷൻ അർഹതയോടെ,
പിരിഞ്ഞു പോരുമ്പോൾ, എന്റെ മനസ്സിൽ, കിനാവുകൾ ഏറെ ആയിരുന്നു.
          അന്നത്തെ കാലത്ത്, മോശമില്ലാത്ത ഒരു തുക എന്റെ കൈയ്യിൽ ഉണ്ട്.
     പിന്നെ ബംഗ്ലൂർ 'സെന്റ്‌ ജോസഫ് കോളേജിൽ, ഈവനിങ്ങ് ക്ലാസ്സിൽ കൂടി
നേടിയ മാനെജ്മെന്റ് പി.ജി. ഡിപ്ലോമയും!
                                 'പീറ്റർ ഡ്രെക്കർ',   'രംഗനെക്കർ' എന്ന മാനെജുമെന്റ് ഗുരുക്കുന്മാരുടെ, ഒട്ടനവധി സുവിശേഷങ്ങളും, ബംഗ്ലൂരിലെ 'ഐ. റ്റി. ഐ. യിലേയും, 'ബെല്ലിലെയും' മാർക്കറ്റിങ്ങ് തലവന്മാർ എടുത്ത ക്ലാസ്സുകളും എല്ലാം, എന്റെ തലയിൽ വിങ്ങി നിൽക്കുന്ന സമയം. എന്റെ കുടുംബത്തിൽ ആരും ചെയ്യാത്ത 'ബിസ്സിനസ്സ് ഫീൽഡിൽ' , ഞാൻ ഒന്ന് തെളിയിക്കുവാൻ തീരുമാനിച്ചു!
                     അന്ന് 'ബിൽഗേറ്റ്സും', 'നാരായണ മൂർത്തിയും' ഒന്നും രംഗത്ത്‌, ഉണ്ടായിരുന്നില്ല.
            'റോക്ക്ഫെല്ലർ', ജനറൽ മോട്ടോഴ്സ്', എന്ന തരത്തിലുള്ള വെന്നിക്കൊടി പാറിച്ച, അനുഭവ സമ്പത്തുകൾ ആണ്, ക്ലാസിൽ പറഞ്ഞു തന്നിരുന്നത് !
                എയർ ഫോഴ്സിൽ നിന്ന്, അവസാനത്തെ അവധിയിൽ വന്നപ്പോൾ മുതലേ, ഞാനതിനു വേണ്ട ഗൃഹ പാഠങ്ങൾ ചെയ്തു തുടങ്ങി.
                       ഞാനേതു ബിസ്സിനസ്സാണ് തുടങ്ങേണ്ടത്?
      അനുദിനം, മനുഷ്യന് ആവശ്യം ഉള്ള ഒരു 'പ്രോഡക്റ്റു' ആയിരിക്കണം-
                     അപ്പോഴാണ്‌, പട്ടാളത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്,
'പ്രീ റിലീസ് അവയറനസിന്റെ' ഭാഗമായി ലഭിച്ച, ചില സ്വയം തൊഴിൽ സംരഭങ്ങളെ കുറിച്ചുള്ള ലഘുലേഖകൾ വായിച്ചതോർമവന്നത് !
                  'കൃഷി,  ഡയറി ഫാം, പന്നി വളർത്തൽ, കോഴി വളർത്തൽ അങ്ങിനെ പലതും!
                  ഇതെല്ലാം ആലോചിച്ചപ്പോൾ, എന്നെ പോലുള്ള ഒരു വ്യക്തിക്ക് അഭികാമ്യമായത്, 'ഇറച്ചിക്കോഴി ബിസ്സിനസ്' ആണ് എന്ന് തോന്നി-
                        'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം" എന്ന പോലെ!
            വലിയ മുടക്കുമുതൽ ഇല്ല. ഏഴെട്ട് ആഴ്ചകൾ കൊണ്ട്, മുടക്കിയ പൈസ
വസൂലാക്കുകയും ചെയ്യാം.
                അങ്ങിനെ പട്ടാളത്തിൽ നിന്ന് വന്ന അവസാനത്തെ അവധി മുതൽ,
ഞാനിതിനെക്കുറിച്ച് പഠിക്കുവാൻ സമയം ചിലവാക്കി.
          ' നമ്മൾ വിൽക്കുന്ന സാധനത്തെ കുറിച്ച്, നമുക്ക് എല്ലാ വിവരങ്ങളും
ഉണ്ടായിരിക്കണം'-  'ഞാൻ പഠിച്ച തിയറി!'   
             വൈക്കത്തിനടുത്ത് ചെമ്പിൽ (മമ്മൂട്ടിയുടെ നാട്), ചന്ദ്രൻ പിള്ള എന്നൊരു മുൻസൈനികൻ, ബ്രോയിലർ ഫാം നടത്തുന്നതായി അറിഞ്ഞു.
               അവസാനം, ഞാൻ അങ്ങേരെ തപ്പി പിടിച്ച് ചെന്നപ്പോൾ, 'ഒരേ തൂവൽ പക്ഷികളാണ്' എന്ന പരിഗണനയിൽ, ഫാം മുഴുവൻ കാണാനും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉള്ളറിഞ്ഞ് പറഞ്ഞു തരുവാനും ഉള്ള സന്നദ്ധത ഉണ്ടായി-
                  ഒരു ചെയിൻ അസംബ്ലി പ്രൊഡക്ഷൻ പോലെ, ഓരോ ആഴ്ചയും കോഴിക്കുഞ്ഞുങ്ങൾ, ബാംഗ്ലൂർ ഹാച്ചറിയിൽ നിന്ന് വന്നു കൊണ്ടിരിക്കും.
എട്ടാഴ്ചകൾ കഴിയുമ്പോൾ, ആ ബാച്ച്, മാർക്കറ്റിൽ കൊടുക്കുവാൻ തൂക്കമാവും. അതിന്റെ വിൽപ്പനക്ക് ശേഷം, കൂടെല്ലാം 'ഡീ ഇൻഫെക്റ്റു' ചെയ്ത്, അപ്പോൾ വരുന്ന ബാച്ചിനെ അങ്ങോട്ട് കയറ്റും.
                   കൂടിന്റെ സവിശേഷത, നിലത്ത് വിരിക്കുന്ന അറക്കപൊടിയുടെ ഘനം, തീറ്റക്ക് വെക്കേണ്ട പാത്രങ്ങൾ, വേണ്ട ജല സംവിധാനം, തൂക്കം കിട്ടാൻ കൊടുക്കേണ്ട മരുന്നുകൾ, വാക്സിനുകൾ, 'കാലു' ലോഷനിൽ ചവിട്ടി അകത്തേക്ക് കയറാനുള്ള സംവിധാനം,   തണുപ്പുകാലത്ത് ചൂട് നൽകാനുള്ള ലൈറ്റ് സംവിധാനങ്ങൾ അങ്ങിനെ നിരവധി പ്രായോഗിക ടിപ്പണികൾ അങ്ങേരു പറഞ്ഞു തന്നു.    
                           ഞാൻ മനസ്സാലെ ചന്ദ്രൻ പിള്ളക്ക്, ദക്ഷിണ വെച്ചു-
                           അക്കാലത്ത്, മുന്തിയ ഇനം പട്ടികളെ വളർത്തി, ബ്രീഡ് ചെയ്തു 'പെഡിഗ്രിയോടെ'  വിറ്റ്, ലക്ഷങ്ങൾ ഉണ്ടാക്കിയ, ഒരു റിട്ടയേഡ് ബ്രിഗേഡിയർ. മേനോനെ, കൊച്ചി ക്ലബ്ബുകളിൽ  'പട്ടി മേനോൻ' എന്ന് അറിയപ്പെട്ടിരുന്നത് പോലെ, നാളെ എന്നെ 'കോഴി മേനോൻ' എന്നായിരിക്കും, കൊച്ചി അറിയുക, എന്ന് തോന്നി"!
          "ഐഡന്റിഫൈ  യുവെഴ്സെൽഫ് വിത്ത് ദി പ്രോഡക്ട്ട്"
                    എന്നാണല്ലോ മാനെജ്മെന്റ് സൂക്ത വാക്യം !
                               ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോൾ, 'സരസമ്മയായ'
അവൾ പറയുകയാണ്‌ -
               "  ബ്രിഗേഡിയരെ പോലെ ആയില്ലെങ്കിലും, പിന്നീട് പറഞ്ഞ ആ പേര് കിട്ടാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല!"
                         എയർഫൊഴ്സിലുണ്ടായിരുന്ന ഞാൻ, അവസാന ഒരു വർഷം,
കൊച്ചി നേവൽ ബേസിലായിരുന്നു!
         (ആ 'കതിന' ഞാൻ വേറൊരു പോസ്റ്റിൽ കൂടി കത്തിക്കാൻ വെച്ചിട്ടുണ്ട്!)
                                താമസം ഭാര്യ വീട്ടിൽ- അച്ചി വീട്ടിൽ ഉണ്ട് താമസിക്കുന്ന,
ഒരു നല്ല നായരായിട്ട്!
                   ഭാര്യവീട്ടിലെ പറമ്പിന്റെ പടിഞ്ഞാറേ കോണിൽ, ചന്ദ്രൻ പിള്ളയുടെ ഫാമിൽ കണ്ട പോലുള്ള, മൂന്നു ഷെഡുകൾ ഞാൻ വിഭാവന ചെയ്തു.  
                ആയിടയ്ക്ക് ഒന്ന് രണ്ടു ബാങ്ക് ടെസ്റ്റുകളും, എഫ്. എ. സി. ടിയിൽ ,
ജോലി കിട്ടാനുള്ള ഒരു ചാൻസും ഉണ്ടായിരുന്നു.
          കൊള്ളാവുന്ന ഒരു ജോലി കിട്ടിയാൽ, ഈ പുലിവാലൊക്കെ വേണോ ?
                      എന്നിലെ യാഥാസ്ഥിതികൻ മന്ത്രിച്ചു !
                          അതുകൊണ്ട്, നാളെ ഒരു ജോലി കിട്ടിയാൽ, റീസെയിൽ വാല്യൂ കിട്ടുന്ന തരത്തിൽ ആയിരിക്കണം, ഞാൻ മുതൽ  മുടക്കേണ്ടത്-
                     അപ്പോൾ,  'ആസ്ബെറ്റൊസിനു' ഒന്നും പോകാതെ, ഓടു വെച്ച്
ഷെഡ്‌ ഉണ്ടാക്കുന്നതായിരിക്കും ബുദ്ധി. ഓടിനു റീസെയിൽ വാല്യൂ ഉണ്ടല്ലോ!
                          എന്റെ ഭാര്യ വീട്ടിലെ പറമ്പിൽ, ഇഷ്ടം പോലെ തേക്കും!
        അങ്ങിനെ ഓടു മേഞ്ഞ ഒരു കോഴിക്കൂടിന്റെ തുടക്കത്തിൽ ആയി ഞാൻ-
                     ആകസ്മികമായി  ആണ്, എന്റെ ഭാര്യയുടെ മുത്തച്ഛൻ പറഞ്ഞത് -
         "വിറകുപുരയുടെ അപ്പുറത്തുള്ള പടിഞ്ഞാറേ കോണിൽ, ഒന്നും വാഴില്ല"
                                എന്ന് ആരോ പറഞ്ഞിട്ടുണ്ട് പോലും!
              അതിലൊന്നും വിശ്വാസമില്ലാത്ത ഞാൻ, അതവഗണിച്ചു, പണി തുടങ്ങി -
                              ആദ്യത്തെ ഷെഡ്‌ പൂർത്തിയായി. അതിൽ ഓടുകൾ നിരത്തി ഏതാണ്ട് പൂർത്തിയായപ്പോൾ ......... !
                ഓടിന്റെ ഭാരം താങ്ങാൻ ആവാതെ വന്ന 'പന്തി' (രണ്ടു വശത്തും ഉള്ള ഉത്തരങ്ങൾ ഘടിപ്പിക്കുന്ന 'സെൻട്രൽ പീസ്‌))') അതിന്റെ വരുതിയിൽ നിന്നും,   അത് അടിച്ചുറപ്പിച്ച   'പൊഴിയിൽ' നിന്നും വിട്ട് പോയി!
                      പണി നടത്തിക്കൊണ്ടുപോയ 'പെരുന്തച്ചൻ' പറഞ്ഞു -
             "ഇതാണ്,  ഉണ്ടാക്കിയ ഈ മേൽക്കൂരയെ ബലവത്താക്കുന്നത്-
                  ഇത് കടിച്ചു നിന്നില്ലെങ്കിൽ കണക്കു മുഴുവൻ തെറ്റും -
                      ഭാരം താങ്ങാൻ പറ്റുകയില്ല " !
        നാട്ടിൻപുറം ആയത് കാരണം ഒരുപാട് ഉപദേശങ്ങൾ !
                    "അത് കൊട്ടുവടിക്കടിച്ചു, ആ ഗാപ്പിലേക്ക് ആക്ക്"
     ഇത്രയും ഭാരമുള്ള മേൽക്കൂര നിൽക്കുമ്പോൾ, കൊട്ടുവടി പ്രഹരം ഒന്നും ഫലവത്താകും, എന്ന് തോന്നുന്നില്ല!
                        തച്ചന്റെ മറുപടി !
         എന്നാൽ, ആ ഭാരം ലഘൂകരിച്ച്, നമ്മൾക്കിത് ചെയ്യാൻ പറ്റില്ലേ?
                   എം. എസ്. സി. ഫിസിക്സ് പഠിക്കുന്ന, പത്തിൽ, തൊണ്ണൂറു ശതമാനം
മാർക്ക് മേടിച്ച,   നാളത്തെ വാഗ്ദാനമായി, ആ ഗ്രാമം കണ്ടിട്ടുള്ള, ഒരു യുവ
തലമുറക്കാരന്റെ ആശയം -
                        'ലിവറേജ്' തത്വം അനുസരിച്ച്, മേൽക്കൂരക്കു ഒരു സപ്പോർട്ട് കൊടുത്ത്, അതിൽ ലിവറേജു കൊടുക്കുമ്പോൾ, തച്ചൻ പന്തിയെ അതിന്റെ, വായ്തലയിൽ അടിച്ചുറപ്പിക്കുക-
                "വാട്ട് ആൻ ഐഡിയ സർജി  "!
                 ഈ പറഞ്ഞ പോലെ മേൽക്കൂര പൊക്കി -
  കൃത്യ സമയത്ത് കൊട്ടുവടി കൊണ്ട് അടിച്ചു, പന്തി പൊഴിയിൽ ആക്കാൻ തച്ചനും റെഡി !,,
           ഇങ്ങിനെ പൊക്കുന്നതിന്റെ പ്രക്രിയയിൽ ഉണ്ടാകുന്ന ശക്തിക്ക് ഒരു
കണക്കും ഇല്ല, അടിസ്ഥാനവും ഇല്ല!  വെറും യുക്തി മാത്രം!
                         സംഗതി മേല്ക്കൂര പൊങ്ങി -  
             പിന്നെ കേൾക്കുന്നത്, ഇടിവെട്ടുന്ന പോലെയുള്ള ഒരു ശബ്ദമാണ് !
      ഷെഡിന്റെ മേൽക്കൂര, മേഞ്ഞ ഓടുകളുമായി, മൊത്തം നിലം പൊത്തി!
              ഞങ്ങൾ പത്തുപതിനഞ്ചുപേര്, അതിന്റെ കീഴിലും !!

                                                                                ശേഷം അടുത്ത പോസ്റ്റിൽ !
 -----------------------------------------------------------------------------------------------------















                     











       
      

Friday, May 10, 2013

ടാഗോര്‍ കവിതകള്‍ - 5 വിവര്‍ത്തനം - പ്രൊ. ബി. വല്‌സലാകുമാരി

         

           അമ്പിളി വിളങ്ങുന്നതെന്നുള്ളിൽ, പക്ഷേയെന്റെ-
           യന്ധമാം മിഴികൾക്കതെങ്ങിനെ ദൃശ്യമാകാൻ?
           നിത്യതയുടെ പെരുമ്പറതൻ മഹാഘോഷം,
           നശ്വര ശ്രവണങ്ങൾ കേൾക്കാത്ത മഹാശബ്ദം,
            മുഴങ്ങുന്നുള്ളിൽ, പക്ഷേ  ദുർഭഗൻ, ബധിരൻ ഞാൻ,
            ഉരുവിട്ടുറപ്പിക്കുന്നൊരു മന്ത്രണം മാത്രം;
            എന്റെയെന്റെയാണിതെല്ലമെല്ലമെന്നായ്,
            എന്നത് തീരുന്നുവോ, അന്നേ പ്രഭുവിൻ കൃപ .
            വിരിയും പുഷ്പത്തിൻ സാഫല്ല്യം ഫലംതാനേ,
            ഫലവത്തായാൽ പിന്നെ പൂ വാടിക്കരിയൂല്ലേ?
            കസതൂരിയുള്ളിൽ തിങ്ങും മാനേതുമറിയാതെ
            കസതൂരി തന്റെ ഗന്ധമെ ങ്ങോയെന്നലയുന്നു.
            കർമത്തിൻ സാക്ഷാത്കാരം ജ്ഞാനമൊന്നതു മാത്രം,
             കർമ്മങ്ങൾ ഒഴിഞ്ഞേപോം ജ്ഞാനാഗ്നി തെളിയവെ.

                 ==================================================

Friday, May 3, 2013

തിരഞ്ഞു നോട്ടവും- കൂടെ ഒരു പൊടികൈയ്യും

   
  

                 
                                എന്റെ പോസ്റ്റുകൾ കുറെ പേർ - വായിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു!
                ആ ബലത്തിൽ, 'മിമിക്രിക്കാർ' പറയുന്നത് പോലെ,  ഞാനൊന്നു മാറ്റി പിടിക്കുകയാണ് - സംഗതി  ഇപ്പോൾ പറയുന്നില്ല. ഒരു സസ്പെൻസ്!.
                                           ആദ്യം ഒരാമുഖം -      
         ഇതിൽ എന്നെ പ്രതിപാദിക്കുന്ന കാര്യങ്ങളാണ് - പക്ഷെ ഇതിൽ, സന്ദേശങ്ങളുണ്ട്,   അനുഭവ പാഠങ്ങൾ ഉണ്ട്, ജീവിതാനുഭവങ്ങളുണ്ട്, മാനുഷിക വൈശേഷ്യങ്ങൾ ഉണ്ട്, വൈകാരികതയുടെ അംശമുണ്ട്, മേമ്പോടിക്ക് നർമ്മവും  - എല്ലാം, എന്നെ ചുറ്റിപറ്റിയുള്ള മാർഗത്തിൽ കൂടി ഞാൻ അവതരിപ്പിക്കുന്നു എന്ന്കാണുക-
               "നിഷ ദിലീപ്"  ഒരു പോസ്റ്റിൽ പറഞ്ഞത് പോലെ, "വായിക്കുന്നവർക്ക്, നിങ്ങളുടെ സ്വന്തം കാര്യം വായിക്കാൻ താൽപര്യമില്ല", എന്ന് മനസ്സിലാക്കുക".
                                           വളരെ ശരി .
                           പക്ഷെ നമ്മൾ എഴുതുന്നതെന്തും, ഒരു ആപേക്ഷിക പശ്ചാത്തലം ഇല്ലാതെ, എഴുതാൻ വളരെ വിഷമമാണ്. എഴുത്ത് തികച്ചും 'പെഴ്സനലൈസ്'
ചെയ്തു പോകുമ്പോഴാണ്, നിഷ പറഞ്ഞത് പോലെ സംഭവിക്കുക. അല്ലാത്ത പോലെയുള്ള ഒരു പ്രതിഭയ്ക്ക്, ബ്ലോഗ്‌ വേണ്ട. അവൻ  ഇപ്പോഴേ, അയാൾ കഥ എഴുതുന്നു എന്ന സിനിമയിൽ മോഹന ലാൽ കഥാപാത്രം, 'സാഗർ  കോട്ടപ്പുറത്തിനെ'  പോലെ  ഉള്ള ' എസ്റ്റാബ്ലിഷ്ഡ്‌ എഴുത്തുകാരൻ' ആയിക്കാണണം!
                             അതുകൊണ്ട്, എന്റെ അനുഭവത്തിൽ കൂടി പോകുന്നതിൽ, സദയം ക്ഷമിക്കുക -
                   സംഭവത്തിന്റെ തുടക്കം ഇങ്ങനെ -
                       കഴിഞ്ഞ  പോസ്റ്റിന്റെ, ( മിഷൻ കൊക്ക്രജാർ) മറുപടികൾ, മെയിലിൽ കൂടി ഞാൻ വായിക്കുകയായിരുന്നു -
           അപ്പോൾ...  "നിനക്ക് ഭാവനയുണ്ടല്ലോ, തോന്നുന്നത് എഴുത്" എന്ന് എന്റെ 'വത്സല ചേച്ചി  (പ്രൊ. വത്സല കുമാരി - ടാഗോർ കവിതകളുടെ വിവർത്തക) പണ്ട് പറഞ്ഞത് ഓർത്തു. "നിനക്ക് താളബോധമുണ്ടല്ലോ" അതനുസരിച്ച് അങ്ങ് എഴുത്" എന്ന് വിമല ചേച്ചി (വിമല മേനോൻ) പറഞ്ഞതും ഓർത്തു.
         ഇതെല്ലാം, 'കവിത' എന്ത് കൊണ്ട് ഞാൻ ശ്രമിക്കുന്നില്ല, എന്ന് എന്റെ സഹോദരിമാർ, എന്നോട് സംസാരിച്ചപ്പോൾ, ഉണ്ടായ കമെന്റ്സ് ആണ്.
  (ചോദ്യങ്ങൾ ഉന്നയിക്കാനും, ഉപദേശിക്കാനും വലിയ വിഷമമില്ലല്ലൊ?)
               എന്റെ വീട്ടിൽ ഇവരെ കൂടാതെ വേറൊരു 'പുലി' കൂടി ഉണ്ടേ!
         പ്രശസ്തിയുടെയും, പാരിതോഷികങ്ങളുടെയും പുറകേ പോകാത്ത 'നിഷ്കാമകർമിയായ' ഒരു 'പുലി'.
                    ഞാൻ ഒന്ന് പരിചയപ്പെടുത്താം    
                               മലയാളത്തിലും, ഇംഗ്ലീഷിലും വായനക്കാരുടെ അംഗീകാരം നേടിയ വ്യക്തി. കേവലം ഒരു എഴുത്തുകാരൻ എന്നതിലുപരി, വിഞാനപ്രദമായ ലേഖനങ്ങളിൽ കൂടിയും, പുസ്തകങ്ങളിൽ  കൂടിയും ആണ് അദ്ദേഹം മലയാളികളുടെ ഇടയിൽ അറിയപ്പെടുന്നത്. പണ്ട് മാതൃഭൂമിയിൽ, ജനസാന്ദ്രത ഉള്ള കേരളത്തിന്‌, ആണവനിലയം അനുയോജ്യമല്ല എന്ന് സമർത്ഥിച്ചു കൊണ്ട്  ഒരു ലേഖനം എഴുതി. സ്വതന്ത്രമായ എഴുത്ത് കാരണം, സംസ്ഥാന വകുപ്പിലെ  ഡയറക്ടർ പണി, പോയി!
                  ആ വാർത്ത നെഞ്ചിടിപ്പോടെ കേട്ടപ്പോൾ, ഞാൻ അദ്ദേഹത്തെ വിളിച്ച്,
വിവരങ്ങൾ ആരാഞ്ഞു. അപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു.
                " ഭാര്യക്ക്, ജോലി ഉള്ളത് കാരണം വലിയ പ്രശ്നമൊന്നും ഇല്ല-
            ഇത് ഒരു നിമിത്തമായിരിക്കാം"!
                     ശരിക്കും അത് ഒരു നിമിത്തം, തന്നെ ആയിരുന്നു.!
                        അതോടെ മുഴുവൻ സമയവും, എഴുത്ത് ,വായന, പൊതുവേദികൾ  എന്നിവയിൽക്കൂടി, കേരളത്തിലെ സാമൂഹിക, സങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങളിൽ, അദ്ദേഹത്തിന് സജീവം പങ്കെടുക്കാൻ ഇടയായി. "പിയേഴ്സൻ' പ്രകാശനം ചെയ്ത, "ടെക്നോളജി ആന്റ് സൊസൈറ്റി" എന്ന ബുക്കും, കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് വേണ്ടി എഴുതിയ "ആൻ ഇൻട്രോഡക്ഷൻ റ്റു ദി ഹിസ്റ്ററി ആൻറ് ഫിലോസഫി ഓഫ് സയൻസ്" എന്ന പുസ്തകവും, കൈരളിക്കു ലഭിക്കാൻ ഇടയായത്, ആ പുറത്താക്കലിന്റെ അനന്തരഫലം കൊണ്ടാണ്!
                അങ്ങിനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ, സർക്കാർ തലത്തിൽ നിന്ന് അടിത്തൂണ്‍  പറ്റുന്ന, ഏതൊരു  ഉദ്യോഗസ്ഥനേയും പോലെ, ചുരുക്കം ചില പേർ അറിയുന്ന ഒരു വ്യക്തി ആയി തീർന്നേനെ അദ്ദേഹം!
                                  ഇതിലും വലിയ ഒരു മറുപടി  അദ്ദേഹത്തിൽ നിന്ന്, ഒരു നാൽപ്പത്തഞ്ചു  കൊല്ലം മുൻപ് ഞാൻ കേട്ടിട്ടുണ്ട്!.
                     കക്ഷി, എന്ജിനിയറിങ്ങു, വളരെ ഉയർന്ന രീതിയിൽ പാസ്സായി,
കാമ്പസ് ഇന്റർവ്യൂവിൽ കൂടി, അന്നുണ്ടായിരുന്ന 'എസ്സോ' എന്ന പെട്രോളിയും കമ്പനിയിൽ, കർണാടക, തമിഴ്നാട്, കേരളം എന്നീ ഏരിയയുടെ,  'സൌത്ത് സോണൽ  മാനേജർ ട്രെയിനി' ആയി നിയമിതനാകുന്നു.
                                 അത് കഴിഞ്ഞ് എന്റെ മനസ്സിൽ വരുന്ന ഓർമ, 'ഷോഫർ' ഓടിച്ചു വരുന്ന ഒരു അംബസഡർ കാറിൽ, അദ്ദേഹം വീട്ടിൽ വന്നിറങ്ങുന്ന കാഴ്ചയാണ്. അന്നത്തെ ഭേദമായ നാലക്ക ശമ്പളം ഉള്ള ആൾ- കൂടാതെ താമസ സൌകര്യവും മറ്റ് അലവൻസുകളും!
                  വലിയ ഉദ്യോഗസ്ഥനായ സഹോദരനെ സ്വീകരിക്കാൻ, ഞങ്ങൾ സഹോദരങ്ങൾ എല്ലാം പടിക്കലേക്കു ഓടിച്ചെന്നു!              
                          ആറു മാസം കഴിഞ്ഞു ഞാൻ കേൾക്കുന്ന വാർത്ത വേറെ !-
                                  "അങ്ങേര് ആ ജോലി രാജി വെച്ച്, അതിന്റെ മൂന്നിലൊന്ന് ശമ്പളത്തിൽ തൃശൂർ എന്ജിനിയറിങ്ങു കോളേജിൽ, ലക്ച്ചററായി  ചേർന്നു"!
            ഞാനതിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ആണ് രസാവഹം!
                "ഓ, അത് മണ്ണെണ്ണ കച്ചവടമാണ്, അതിന് എന്ജിനിയറിങ്ങു ഒന്നും വേണ്ട!"
                                  ഇതാണ് എന്റെ ജേഷ്ടൻ,
 ഡോക്ടർ.  ആർ. വി. ജി മേനോൻ!

                    എന്തായാലും, എന്റെ പോസ്റ്റുകൾ വായിച്ചിട്ട്, അദ്ദേഹത്തിൻറെ
   ഒരു മെയിൽ വന്നു  ..
 My dear Raghu,
You seem to have accumulated a fantastic store of varied and interesting experiences, which ought to give you enough ammunition for many more blogs.
I am sure a lot of people must be really enjoying them.


                               വേറൊരാളെ കുറിച്ചും കൂടി പറയാതെ വയ്യ! -
                       ഭൂമുഖത്ത്, വംശനാശം സംഭവിക്കന്ന, 'സാത്വിക' ഗണത്തിൽ പെട്ട  മറ്റൊരു വ്യക്തിയുടെ,  ഒരു ടെലിഫോണ്‍ സംഭാഷണം!  
                        "ബ്ലോഗ്‌ വായിച്ചു,  അവനവന് തോന്നുന്നതുപോലെ  എഴുതൂ, രഘുവിന്റെ എഴുത്തിൽ, നിങ്ങളുടേതായ ഒരു പ്രത്യേകതയുണ്ട്." 
           " ദാറ്റ് ഈസ്‌ യുവർ  ഐഡൻടിറ്റി" 
               പറയുന്നത് 'ഹിന്ദുസ്ഥാൻ ടൈംസിന്റെ' എഡിറ്റർ ആയിരുന്ന വ്യക്തി!, അത് കഴിഞ്ഞു 'സിംഗപ്പൂർ റ്റൈംസിലും', 'ദുബായ് റ്റൈംസിലും, എഡിറ്റർ ആയി ജോലി നോക്കിയിട്ടുള്ള വ്യക്തി!      
                 അദ്ദേഹം കാൻസർ രോഗത്തിൽ നിന്ന്, ജർനലിസ്റ്റ്.  ലീല മേനോനെ പോലെ സ്വന്തം 'ഇച്ഛാ ശക്തിയിൽ' കൂടി ഒരു രണ്ടാം ജന്മം നേടിയ മനുഷ്യൻ!  
                               ഒരു പത്തു കൊല്ലം മുൻപ്, ദുബായ് വഴി വരുമ്പോൾ, സ്ഥലം കാണാൻ ഞാനും /കുടുംബവും, അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു ദിവസങ്ങൾ തങ്ങിയിരുന്നു -    
                                മദ്യമോ, പുകവലിയോ ഇല്ലാത്ത അദ്ദേഹം, എന്നെ, എന്റെ രീതിയിൽ സൽക്കരിച്ചു -
                         ഞാൻ രംഗം കൊഴുപ്പിക്കാൻ, ദുബായുടെ അത്ഭുതാവഹമായ   വളർച്ചയെ കുറിച്ച് വാചാലനായി-
                   അന്ന് അദ്ദേഹം  പറഞ്ഞ മറുപടി, ഇപ്പോഴും ഞാൻ ഓർക്കുന്നു -
        "പേടി തോന്നുന്നു രഘൂ, ഈ പോക്ക് കണ്ടിട്ട്, ഇങ്ങിനെ എത്ര കാലം!"! 
                          രണ്ടു കൊല്ലം കഴിഞ്ഞില്ല, ദുബായ് എന്ന കണ്ണാടി മാളിക  തകർന്നു തരിപ്പണമായി!   
                      കുടുംബത്തിലെ, മൊന്തയും, കിണ്ടിയും, വിമാന താവളം വരെ ബന്ധുക്കാർക്ക് പണയപ്പെടുത്തേണ്ടി വന്ന അവസ്ഥയിലേക്ക്.!
          "ആ ദീർഘ വീക്ഷണത്തിനു പ്രണാമം"!     
                   കഴിഞ്ഞ അവധിയിൽ ചെന്നപ്പോൾ, അദ്ദേഹം 'കീമോതെറാപ്പിക്ക്' വിധേയൻ ആയിക്കൊണ്ടിരിക്കുന്ന സമയം. അഭിമുഖീകരിക്കുവാൻ എനിക്ക് വൈഷമ്യം ഉണ്ടായിരുന്നു.  
                          "സന്ദർശകരെ അധികം അനുവദിക്കേണ്ട" എന്ന ഡോക്ടറുടെ ഉപദേശം, ഞാൻ ഒരു ഉപാഥിയാക്കി.!
          ഈശ്വര കൃപയാൽ അദ്ദേഹം ഇപ്പോൾ സന്തോഷവാനായിരിക്കുന്നു.  
                   എന്തായാലും, ഇവരുടെ രണ്ടുപേരുടെയും അഭിപ്രായങ്ങൾ, എനിക്ക് അമൂല്യമായി തോന്നി !            
                                 ഞാൻ ശരിക്കും നിലത്തല്ലാതെ ആയി. ഇല്ലാത്തത് വെറുതേ, സുഖിപ്പിക്കാൻ പറയുന്ന ഒരാളല്ല എന്റെ ചേട്ടൻ, എന്ന് എനിക്ക് നല്ലപോലെ അറിയാം.
                ഇത്രയും എഴുത്താണികൾ കൈകാര്യം ചെയ്ത ഒരു കുടുംബത്തിലെ ഒരു 'തുരുംബാണി'  ആണ് ഞാൻ, എന്നൊരു അപകർഷതാ ബോധം,  പണ്ട്  തോന്നിയിരുന്നു!
                      അതു അതിജീവിക്കാൻ, കുഞ്ഞും
നാളുകളിൽ,  സാധാരണ കുട്ടികൾ ചെയ്യാത്ത പല കുരുത്തക്കേടുകളും ഞാൻ ചെയ്തു.
                                 അത് കൊണ്ട് ആയിരിക്കാം,  പിന്നീട് സ്കൂളിലെ കായിക മത്സരങ്ങളിൽ കൂടി സംസ്ഥാന തലം വരെ പോകാനിടയായത്.!
              കൂടാതെ ഉത്സവ പറമ്പ്, അടിപിടി, നാടകം, ഓട്ടൻ തുള്ളൽ, എൻ.സി.സി,  കളരിപ്പയറ്റ് എന്ന് വേണ്ട, എല്ലാ 'തരികിടകളിലും' അതീവ തൽപ്പരനായി.
                എന്റെ കോളേജ് ജീവിതം, മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ പ്രൊഫയിലിൽ സൂചിച്ചിട്ടുണ്ട്. കാരണം ഇപ്പോൾ പറയുന്നില്ല.
                            പിള്ളേർ വായിച്ചാലോ!.
     അപ്പോഴേക്കും, സൈനികസേവനത്തിനായി എന്നെ  മാതൃരാജ്യം മാടി വിളിച്ചു എന്നതാണ് എന്റെ വിവിക്ഷ!
                       പക്ഷെ എൻ.സി.സി, സ്പോർട്സ്‌ മുതലായ സർട്ടിഫിക്കറ്റുകൾ, എഴുത്ത് പരീക്ഷയിൽ എന്നേക്കാൾ വിജയം കൈവരിച്ചവർക്കിടയിൽ കൂടി, എന്നെയും തിരഞ്ഞെടുക്കപ്പെടാൻ ഇടയാക്കി, എന്നത് മറക്കാൻ പറ്റുകയില്ല.
                                 തുടർന്ന് എയർ ഫോഴ്സിലും, 'കമാണ്ട്'ലെവൽ വരെ ഉള്ള മത്സരങ്ങളിൽ, 'സ്പൊർട്ട്സിലും ഗെയിംസിലും, എനിക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.  
                                                   പഠിത്തത്തിൽ, 'ഗോൾഡ്‌ മെഡലുകളും', റാങ്കുകളും ഉള്ള ഒരു കുടുംബത്തിൽ, ഒരു 'ആം ആദ്മി', എങ്ങിനെ ജീവിച്ച് പോകും?
                   കൊല്ലങ്ങൾക്ക് മുൻപ്,  എസ്. എസ്. എൽ. സിക്ക് സംസ്ഥാനത്തെ രണടാം റാങ്ക് കിട്ടിയ എന്റെ ഒരു അനന്തിരവളുടെ അനിയൻ എന്നോട് പറഞ്ഞു-
                 " അമ്മാവാ, ഒരു റാങ്ക്കാരി ചേച്ചി ഉണ്ട് എന്നുള്ളതാണ് എന്റെ ശാപം!"
                      ചരിത്രം ആവർത്തിക്കുന്നു !
       അവനെന്തായാലും പഠിത്തം പൂർത്തിയാക്കാതെ പട്ടാളത്തിൽ ചേർന്നില്ല !
                        ഇപ്പോൾ ഒരു 'സാം പിത്രോഡ' ആയി അമേരിക്കയിലാണ്.                               
                   അന്നേ, ഞാനെടുത്ത തീരുമാനം ആയിരുന്നു, എന്റെ കുട്ടികളോട് ഒരിക്കലും ക്ലാസ്സിൽ ഫസ്റ്റ് ആകണം, സെക്കണ്ടാകണം എന്ന് പറഞ്ഞ്,  പഠിത്തത്തിൽ ഉള്ള അവരുടെ താൽപര്യത്തെ ഇല്ലാതാക്കുക ഇല്ല എന്ന്.
     ദൈവാധീനം, പിള്ളേർ എന്നെ നിരാശനാക്കിയില്ല!
               എല്ലാപേർക്കും ഒന്നാമൻ ആകാൻ പറ്റുമോ? പിന്നീടങ്ങോട്ടുള്ള സ്ഥാനങ്ങളിലും ആരെങ്കിലും ഒക്കെ വേണ്ടേ?
           ഈയിടെ ആരോ ഫോർവേഡു  ചെയ്ത കിട്ടിയ, ഒരു 'കമന്റു' ഓർക്കുന്നു....
                  "ഉദ്യോഗസ്ഥരോട് ശമ്പളം ചോദിക്കരുത്
                    പെണ്ണുങ്ങളോട് പ്രായം ചോദിക്കരുത്
                    കുട്ടികളോട് മാർക്ക് ചോദിക്കരുത്"
                  എന്തായാലും പതിനാറര വയസ്സ് മുതൽ, ഞാൻ എന്റെ കാലുകളിൽ നിൽക്കാൻ  തുടങ്ങി എന്ന സംതൃപ്തിയും എനിക്ക് കിട്ടി.
  (പതിനേഴിന് മുൻപ്, പട്ടാളത്തിൽ  ചേരുന്നവർക്ക്‌ 'പേരന്ടൽ കണ്‍സെന്റ്' വേണം എന്നാണ് നിയമം)
                                 എന്റെ അച്ഛൻ ബുദ്ധിപൂർവ്വം എന്നെ പരോമാന്നതമായ    മാതൃരാജ്യസേവനത്തിന് വിടാൻ തയ്യാറായി.
                       "ചൊല്ലിക്കോട്, തല്ലിക്കൊട്, അതിനുപരി ഇതൊന്നും പറ്റിയില്ലെങ്കിൽ, 'പട്ടാളത്തിന് കൊട്' എന്ന സബുദ്ധി അച്ഛന് തോന്നിയിരിക്കാം!
              ഇതെല്ലാം കഴിഞ്ഞു, ഇപ്പോൾ ബ്ലോഗെഴുതാൻ തുടങ്ങി -
                                     കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന്, മാറാതെ ആയി.
                    പണ്ട്, ഉള്ളി അരിയാനും, പാത്രം കഴുകാനും ഉള്ള, എന്റെ മാതൃകാപരമായ, ഒരു 'റിട്ടയേഡ്‌ ട്'  കുടുംബനാഥനിൽ നിന്നും, ഞാൻ മാറിയിരിക്കുന്നു!
                  കാരണം ഈ ബ്ലോഗ്‌ എഴുത്ത്!
       "നിലത്തെഴുത്ത്, ചുവരെഴുത്ത്, തലേലെഴുത്ത് എന്നൊക്കെ കേട്ടിട്ടുണ്ട്!
                    ഇത്രയ്ക്ക്, ശുഷ്ക്കാന്തി ഉണ്ടാകാൻ, ഇടയാക്കിയ എന്തോന്നാ ഇതില്?"
                        എന്റെ ഭാര്യ ഞാൻ കേൾക്കെ, അടക്കി പറഞ്ഞു
                        "ഇടയ്ക്കു, നമ്മൾക്കൊന്നും മനസ്സിലായില്ലെങ്കിലും, മോണിറ്ററിന്റെ മുന്നിൽ നമ്മൾ ചെന്ന് നിൽക്കണം - ഈ ആണുങ്ങടെ കൈയ്യിലിരുപ്പ്‌, ചേച്ചി വിചാരിക്കുന്ന പോലെ ഒന്നും അല്ല! "                
                                    അപ്പുറത്തെ ഫ്ലാറ്റിലെ 'അഭ്യസ്തവിദ്യയായ' സോഫ്റ്റ്‌ വെയർ ഇന്ജിനിയർ നൗഷാദിന്റെ ഭാര്യ, നസ്സീമയുടെ താക്കീതും !
                      അവസാനം ഒരു കൂട്ടുകാരന്റെ പേരക്കിടാവിന്റെ 'ബർത്ത് ഡേ' പാർട്ടിക്ക്, പോയപ്പോൾ ആരോ പെണ്ണുങ്ങൾ എന്റെ ഭാര്യയോടു പറഞ്ഞു -
              "ചേട്ടന്റെ പോസ്റ്റുകൾ വായിക്കാറുണ്ട്, നന്നായിരിക്കുന്നു"
പിന്നീട്, ഞാൻ രാത്രി ഇരുന്ന് എഴുതുന്നതിൽ വലിയ എതിർപ്പ് കണ്ടിട്ടില്ല!          
            ഞാൻ ഈ വയസ്സു കാലത്ത്, ബ്ലോഗെഴുതാൻ തുടങ്ങിയത് തന്നെ, എന്റെ കുടുംബ സദസിൽ, എനിക്കും പറ്റും എന്ന്, ഒന്ന്തെളിയിക്കാൻ ആയിരുന്നു. അഞ്ചു തലമുറകൾ ഉള്ള, ഞങ്ങളുടെ 'ഫാമിലി ഇ-ഗ്രൂപ്പിൽ പത്ത് നാനൂറ്  അംഗങ്ങൾ ഉണ്ട്. അതിൽ എഴുത്തും വായനയും ഉള്ള മുന്നൂറോളം പേർ വരും. അവരെ ഒന്ന് 'ചക്ക കുത്തി കാണിക്കാനാണ്', ഇത് തുടങ്ങിയത്. പക്ഷെ കഴിഞ്ഞ അവധിക്കു ചെന്നപ്പോൾ മനസ്സിലായി, അവരേക്കാൾ കൂടുതൽ, ഇത് സഹിക്കുന്നത്, വേറെ ആരൊക്കെയോ ആണ് എന്ന കാര്യം!        വായനക്കാരോട് നന്ദി.                    
                അങ്ങിനെ വൈകിയ വേളയിൽ തോന്നിയ, ഉൽക്കർഷേച്ഛയിൽ നിന്ന് ഉടലെടുത്ത ഒരു ഉദ്യമം!
                എഴുതാൻ ഒരു മൂഡ്‌ തോന്നി. കണ്ണാടി തപ്പി -  കാണുന്നില്ല.  ദേഷ്യം വന്നു- ഒടുവിൽ  കണ്ടു കിട്ടിയപ്പോൾ, ആ വൈഷമ്യം ഒരു  കവിതയായി എഴുതിയാലോ എന്ന് തോന്നി.
                   "എന്താ ഇവന്റെ ഒരു ചങ്കൂറ്റം" എന്ന് തോന്നുന്നുണ്ടോ?
          'poetry is the spontaneous overflow of powerful feelings'
                     കവിതയെ കുറിച്ച് അത്രയും ഒക്കെ എനിക്കും അറിയാം!
                           ഒട്ടും എഴുതിയിട്ടില്ല എന്ന് പറയുന്നത് ശരിയല്ല.
      പണ്ട് എയർ ഫോഴ്സ് യൂണിറ്റിലെ 'ക്രിസ്തുമസ് ആഘോഷ പരിപാടിക്ക് വേണ്ടി, ഞാൻ ഒരു മോഷണം നടത്തി! (പ്ലഗറിസം എന്ന് ഇംഗ്ലീഷിൽ പറയും!)
                                             ഗാന സംവിധായകൻ എം. ജി. രാധാകൃഷ്ണന്റെ ആകാശവാണിയിൽ വന്ന ഒരു ലളിത ഗാനം, കുട്ടികൾക്ക് നൃത്തം ചെയ്ത്
അവതരിപ്പിക്കാൻ ആയി, ഞാൻ തന്നെ 'ഡാൻസ്' കമ്പോസ് ചെയ്ത്, അവരെ പഠിപ്പിച്ച് അവതരിപ്പിച്ചു.
                          സംഗതി ഇങ്ങനെ ആയിരുന്നു -
      നീലാംബരി രാഗത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ                                             -                         "തൃക്കൈ രണ്ടിലും വെണ്ണ തരാം
                           തിരുമധുരം നേദിക്കാം".....  എന്ന ലളിത ഗാനം.
        ഞാൻ, അതൊന്നു നീലത്തിൽ മുക്കി, പിഴിഞ്ഞ്, ഇങ്ങിനെയാക്കി!
                           "കാലി തൊഴുത്തിലൊരുണ്ണി
                            കാണാൻ അഴകുള്ളോരുണ്ണി
                            ബത്ലെഹം നാട്ടിലെ കന്യാ മറിയത്തിൻ
                            പുത്രനായ്‌ ജനിച്ചോരുണ്ണിയേശു .......
           സംഗതി ഏറ്റു!  യൂണിറ്റിലെ മലയാളി സമൂഹം എന്നിൽ, പാട്ടാള സേവനം കഴിഞ്ഞ് കലാ സാഹിത്യ രംഗത്തേക്ക് വന്നേക്കാവുന്ന  'കോവിലനെയും', 'നന്ദനാരെയും' കണ്ടു!
        എന്റെ അമ്മ പണ്ട്, രണ്ടു ദിവസം പഴക്കമുള്ള ഇഡലി, മൂന്നാം ദിവസം കഷണങ്ങളാക്കി, മൂന്നാല് കറിവേപ്പിലയും ഇട്ട് കടുവറത്ത്,  ഉപ്പുമാവ് എന്ന പുതിയ വിഭവമാക്കി മേശപ്പുറത്ത് കൊണ്ടുവെക്കുന്ന ഒരു കൈക്രിയ!
              "ഡാൻസിന്റെ"  വൈദക്ധ്യം എങ്ങിനെ നേടി എന്നായിരിക്കും നിങ്ങൾ
ആലോചിക്കുന്നത്?  പറയാം.. എന്റെ ചേച്ചി വത്സല,  മൂന്നു കൊല്ലം
തുടർച്ചയായി 'കലാതിലകം' കിട്ടിയിട്ടുള്ള എന്റെ അനന്തിരവരളായ ഡോക്ടർ. അനിതാ പണിക്കർ, അവളുടെ അനിയത്തിമാരായ  ഡോക്ടർ. മൃദുലയും, അമൃതയും, അനിതയുടെ രണ്ടു മക്കൾ, ഒന്ന് ഡോക്ടർ. അഞ്ജനാ അശോകൻ ,  (അവളെ, എന്റെ ഏഫ്.ഐ. ആറിൽ, ഈയ്യിടെ ഒന്നാം പ്രതിയാക്കി ചേർത്തിട്ടുണ്ട് - കാരണം, കഴിഞ്ഞ കൊല്ലം 'അമൃതയിൽ' നിന്ന് പാസ്സായ അവൾക്കും കിട്ടി, ഒൻപത് ഗോൾഡ്‌ മെഡലുകൾ!  എട്ടെണ്ണം സബ്ജക്ടുകൾക്കും ഒരെണ്ണം ആർട്സിനും) ,  പിന്നെ അവളുടെ അനിയത്തി അപർണാ. ഇവരെല്ലാം, ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും, കുച്ചിപ്പുടിയിലും ഒക്കെ പ്രാവീണ്യം നേടിയവരാണ്. നിരവധി ജില്ലാ, സ്റ്റേറ്റ് തല മൽസരങ്ങൾക്ക്, ഇവരെ പലപ്പോഴും അകമ്പടി സേവിച്ചിരുന്നത് ഞാൻ ആയിരുന്നു ! (ഇപ്പോഴത്തെ, തലമുറ ഒഴിച്ച്)
                      യൂത്ത്ഫെസ്റ്റിവൽ  നടക്കുന്ന വേദിയിൽ, (പ്രത്യേകിച്ച് ജില്ലാ തലം) ഒരു ഐറ്റത്തിനു തന്നെ, നാൽപ്പതിനു മേലെ ആയിരിക്കും മൽസരാർത്ഥികൾ!  അങ്ങിനെ,  തച്ചിനിരുന്ന്, അഖണ്ഡനൃത്തയജ്ഞം കണ്ട്, അതിലുള്ള  സാഹിത്യം, രാഗം, അടവ്, മുദ്ര, രസങ്ങൾ, ഭാവാഭിനയം, ജതി തുടങ്ങിയ കാര്യങ്ങളിൽ, എനിക്ക്  ഒരു  'വ്യാജ ഡോക്ടറിന്റെ' എല്ലാ വൈഭവങ്ങളും ഉണ്ടായി!
                അന്ന് എറണാകുളം ജില്ലാ തലത്തിൽ, ഡാൻസ് ഇനത്തിൽ പങ്കെടുക്കുന്ന  ഒരു എഴുപത് ശതമാനം പേരും, കലാമണ്ഡലം കല്യാണി കുട്ടി അമ്മയുടെ, അവരുടെ മകൾ 'മണിയുടെ', അല്ലെങ്കിൽ 'മോഹന തുളസിയുടെ', 'കലാമണ്ഡലം സുഗന്ധിയുടെ' ശിഷ്യഗണങ്ങൾ ആയിരുന്നു.
                 അതിലേറെ രസം, ഇവരിൽ ഒട്ടുമിക്ക ആളുകൾക്കും വേണ്ടി പാടുന്നത് 'കലാമണ്ഡലം ഹൈദരാലി' ആയിരിക്കും.  മൃദംഗത്തിന്, ആദ്യകാലങ്ങളിൽ  'നന്ദികേശ്വര റാവുവും', പില്ക്കാലം നാരായണനും ആയിരുന്നു.
                 കല്യാണി കുട്ടി ടീച്ചർ, 'സുമസായക' എന്ന വർണം ചിട്ടപ്പെടുത്തിയ കൊല്ലം,പത്തു പേരിൽ കൂടുതൽ ആണ്, അത് തന്നെ തുടർച്ചേ വേദിയിൽ
അവതരിപ്പിച്ചത്.
                    അന്നൊക്കെ, അനിതാ പണിക്കരുടെ അമ്മാവൻ എന്നതായിരുന്നു,എന്റെ 'ആധാർ കാർഡ്'!
                         ക്ഷീരബല നൂറ്റൊന്നു ആവർത്തി പോലെ കണ്ടപ്പോൾ, അന്ന് വൈകുന്നേരം, കുളിക്കാൻ കയറിയ എനിക്കും, കണ്ണാടി നോക്കി ഒന്ന് ശ്രമിക്കാൻ തോന്നി!
                       അതിലും തമാശയായി ഞാൻ ശ്രദ്ധിച്ചത്,  മൽസരാർത്ഥികൾ വന്നു പോകുന്നതിനനുസരിച്ച് പക്ക മേളക്കാരും മാറേണ്ടതാണ്.
              പക്ഷെ കണക്കിലെ 'കോമണ്‍ ഫാക്ടർ' പോലെ, ഹൈദരാലിക്കും, നാരായണനും, സ്റ്റേജിൽ നിന്ന് ഇറങ്ങാൻ പോയിട്ട്, 'പ്രകൃതിയുടെ വിളി'  കേൾക്കാൻ പോലും, നേരം കിട്ടിയിരുന്നു എന്ന് തോന്നുന്നില്ല!
      ഡാൻസിനു വേണ്ട പാട്ടിൽ, ഹൈദരാലിയെക്കാൾ മെച്ചപ്പെട്ട ഒരു ഗായകൻ അന്ന് വേറെ ഇല്ലായിരുന്നു.
     അത് പോലെ ഡാൻസിനു വേണ്ട മൃദംഗത്തിന്, നാരായണനേക്കാളും!
         അനിതയുടെ ഒരുപാട് ഡാൻസ് പ്രോഗ്രാമിന്, ഈ സഹൃദയരുടെ കൂടെ ഞാൻ പോയിട്ടുണ്ട്. അതിലൊന്ന് 'മെഡിക്കോ' യൂത്ത് ഫെസ്റ്റിവലിന് വേണ്ടിയുള്ള ഒരു കോഴിക്കോട് യാത്ര.
                     ഏറണാകുളത്ത് നിന്നുള്ള അഞ്ചു മണിക്കൂർ യാത്ര -
           ഫാക്റ്റ്  ഉദ്യോഗമണ്ടൽ ക്വാർട്ടെർഴ്സിൽ നിന്ന് ഹൈദരാലിയേയും കയറ്റി യാത്രയായി. കോഴിക്കോട്ട്  എപ്പോൾ എത്തി എന്നത് ഞങ്ങളാരും അറിഞ്ഞതേയില്ല!
                           വഴി മുഴുവൻ ഹൈദരാലിയുടെ പാട്ടുകൾ, അകമ്പടിക്ക്‌ നാരായണന്റെ, മൃദംഗം ഇല്ലാത്ത  'വായ്ത്താരിയും'!
                        കഥകളി പദം ആണ് പാടുന്നതെങ്കിൽ, നാരായണന്റെ ചൊല്ല്, ചെണ്ട യുടെ വായ്ത്താരി ആയിരിക്കും.!
                  ഇതുപോലെ ഉള്ള അനവധി യാത്രകളിലെ ചില ഇടവേളകളിൽ, ഹൈദരാലിയുടെ പഴയ കാലത്ത് ഉണ്ടായിട്ടുള്ള കഷ്ടപ്പാടുകളും, ആത്മ
നൊമ്പരങ്ങളും എന്നോട് പങ്ക് വെച്ചിരുന്നു. 
                 സംഗീതം ഒരു തപസ്യായായി  എടുത്ത അദ്ദേഹത്തിന്റെ യൗവനം -
               സമൂഹത്തിലെ യാഥാസ്ഥിതികരുടെ, പുരികം ചുളിച്ച നോട്ടം !
                സ്വസമുദായത്തിൽ നിന്നുള്ള മുറുമുറുപ്പ്!
                                      വലിയ പ്രത്യാശയോടെ ഒരു അമ്പല പറമ്പിലെ കളിക്ക്, പാടാൻ കിട്ടിയ ആദ്യകാലങ്ങളിലെ ഒരവസരം.
             കളി, അമ്പല മതിൽകെട്ടിനു വെളിയിൽ ആയിരുന്നിട്ടും, അവസാന നിമിഷം, കമ്മിറ്റിയുടെ തീരുമാനത്തിന് മാറ്റം വന്നതായി അറിയിപ്പ് ലഭിച്ചു!
                        അവസാനം, പാട്ട് "എംബ്രാന്തിരിയൊ, ഹരിദാസോ, ഹൈദരാലിയൊ അല്ലെങ്കിൽ ഞാനില്ല" എന്ന് കൃഷ്ണൻ നായര് ആശാൻ, വാശി പിടിച്ച മറ്റൊരു ഘട്ടത്തിൽ, അതേ അമ്പലത്തിലെ ഉത്സവ കമ്മിറ്റിക്കാർ, ഹൈദരാലിയെ  തന്നെ വിളിച്ചു   
കൊണ്ടുപോയ അനുഭവം!
                  അന്നേ ദിവസം എംബ്രാന്തിരിക്കും, ഹരിദാസിനും വേറെ കളികൾ ഉണ്ടായിരുന്നു!
                                 ശ്രീ. എം. കെ. കെ നായരുടെ താൽപര്യപ്രകാരമാണോ, കൃഷ്ണൻ നായര്  ആശാൻ  പല വേദികളിലും, പാട്ട് ഹൈദരാലി വേണം, എന്ന്  നിഷ്ക്കർഷിച്ചത്,  എന്ന് ഹൈദരാലി സംശയിച്ചിരുന്നതായി എന്നോട് പറഞ്ഞു.
കഴിവുള്ള കഥകളി സംഗീതത്തിലെ ഒരു ഉദയ നക്ഷത്ത്രത്തിന് വേണ്ടി   വേദികൾ കിട്ടാൻ ശ്രീ എം. കെ കെ സഹായിച്ചു എന്ന് സാരം.
                   ശ്രീ എം. കെ. കെ നായരെ കുറിച്ച് പറയുമ്പോൾ ഹൈദരാലിക്കു, നൂറു നാവായിരുന്നു.
                              എഫ്. എ.സി.ടിയുടെ ചെയർമാനായി  ശ്രീ എം.കെ കെ വന്നപ്പോൾ ഉണ്ടാക്കപ്പെട്ട എഫ്. എ.സി.ടി ലളിതകലാ കേന്ദ്രത്തെ കുറിച്ചും, അതിന്റെ തണലിൽ, കൂടി കലാകാരന്മാർക്കും, കായിക പ്രതിഭകൾക്കും ലഭിച്ച അവസരങ്ങളും 
 പ്രോ ത്സാഹനങ്ങളും, കണക്കറ്റതായിരുന്നു.
                               അങ്ങിനെ ചില വാരാന്ത്യത്തിൽ, നടത്തപ്പെടുന്ന കഥകളികൾ കാണാൻ ഞാനും പോയിട്ടുണ്ട്.
                        കൊല്ലങ്ങൾക്കുശേഷം, ഹൈദരാലിയെ ഒരു കഥകളി വേദിയുടെ പിന്നാംമ്പറത്ത് കണ്ടപ്പോൾ, പഴയ ഓർമ്മകൾ ഞാൻ പങ്കു വെച്ചു.
                                   കുശലത്തിനായി ചോദിച്ചു -
                "എങ്ങിനെയുണ്ട് "എഫ്. എ.സി.ടിയും, കലാപരിപാടികളും ഒക്കെ"
                       "സോഷ്യൽ സ്റ്റഡീസിൽ, ചരിത്രത്തിലെ സുവർണ കാലഘട്ടം എന്ന് പഠിച്ചിട്ടില്ലേ, അതേ പോലെ, ആ കാലഘട്ടം കഴിഞ്ഞ 
 'മൗര്യ സാമ്രാന്ജ്യമാണ്, എഫ്. എ.സി.ടിയും, റ്റൗണ്‍ഷിപ്പും, ഇന്ന്"!

              ഇതെല്ലാം പറഞ്ഞത്, അങ്ങിനെയാണ്എനിക്ക് കഥകളിയിൽ  കുറച്ചു കമ്പമുണ്ടായത് എന്ന് പറയുവാനായിരുന്നു.
                               അത് പറയുമ്പോൾ, കല്യാണി കുട്ടി ടീച്ചറിന്റെ വീട്ടിൽ,   നിന്ന്, അനിതയെ വിളിച്ചു കൊണ്ട് വരാൻ പോകുന്ന ചില ദിവസങ്ങളിൽ, ഇളകി ആട്ടത്തിന്റേയും, അഷ്ട കലാശത്തിന്റെയും ഝടുതിയിൽ കണ്ടിരുന്ന 'രൗദ്രഭീമനിൽ' നിന്ന് വ്യത്യസ്തമായി, ചമയവും ചുട്ടിയും ഇല്ലാതെ ചാരുകസേരയിൽ വിശ്രമിക്കുന്ന ആ പച്ചവേഷത്തിന്റെ ശാന്ത ഗംഭീരമായ രാജസമുഖം നേരിൽ കാണാനും, അദ്ദേഹത്തോട് സംസാരിക്കാനും എനിക്ക് ഇടയായിട്ടുണ്ട്, എന്നുള്ളത് ചെറിയ കാര്യമല്ല.
                 സാക്ഷാൽ "കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ "!

                     അത് പോട്ടെ, ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ, ഒരു പട്ടാള യൂണിറ്റിലെ കൊച്ചു കുട്ടികളുടെ ഡാൻസ് ചിട്ടപ്പെടുത്താനുള്ള ചാതുര്യം, എങ്ങിനെ എനിക്ക് കിട്ടി എന്നതിന്റെ രഹസ്യം.
          പിന്നെയാണ്,  "കാലി തൊഴുത്തിലെ ഒരുണ്ണി"!
                                         ഞാനിപ്പോൾ എഴുതുന്നത് ഏതാണ്ട്, ഒരു  ആത്മകഥ ശൈലിയിൽ ആണ് എന്ന് മനസ്സിലാക്കുന്നു. പക്ഷെ അതിൽ  കൂടി, മനുഷ്യ മനസ്സിൽ  നടക്കുന്ന പല സ്പന്ദനങ്ങളും, പ്രതി സ്പന്ദനങ്ങളും, മനുഷ്യ സഹജമായ സ്വഭാവങ്ങളും, കഴിഞ്ഞ കാലഘട്ടത്തിലെ ചില നിമിഷങ്ങളുമാണ്  ഞാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 'ഞാൻ' എന്ന വ്യക്തിയെ നിങ്ങൾ ഒഴിവാക്കുക.
                                    ആരോചകമാക്കിയില്ല എന്ന് കരുതുന്നു!
            സസ്പെൻസിനു വിരാമമിട്ടു ഞാൻ എന്റെ പോടികൈയിലേക്ക് വരുന്നു. എന്റെ കന്നി കവിത.  നിങ്ങൾക്ക് 'കഞ്ഞി' ആയി തോന്നിയേക്കാം. ഞാൻ ക്ഷമിച്ചിരിക്കുന്നു - നിങ്ങൾ "അനുഭവിക്കൂക "!
          ഞാൻ എഴുതുന്നത് എന്റെ സുഖത്തിനാണ് -ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ - മറക്കണ്ട!!
    (കഴിഞ്ഞ മാസം 'ഫേസ് ബുക്കിൽ' എന്തോ എഴുതിയതിന് നൂറിൽ പരം ആളുകളെ, പോലീസിന്റെ  'സൈബർ സെൽ' ബുക്ക് ചെയ്തു എന്ന്  വാർത്ത‍!)!
വന്നു എങ്കിലും!)

                  മിനി പി. സി ക്ക് വൃത്തത്തിൽ എഴുതാമെങ്കിൽ, എനിക്ക് ചതുരത്തിൽ 
ആയിക്കൂടെ ? 
         
                            തിരിച്ചറിവ്

     കണ്ണാടി കാണാഞ്ഞ മർത്ത്യന്റെരോഷം
     കണ്ണാടിയില്ലാത്ത നേരത്തറിയൂ!
     കണ്ണാടി വെച്ചില്ലേൽ കാണാനുമില്ല
     കണ്ണാടിയൊട്ടങ്ങ്  കാണ്‍മാനുമില്ല!
 
     കണ്ണട വൈദ്യന്റെ മുന്നിൽ ഞാൻ ചെന്നപ്പോൾ
     ഞാൻ കണ്ട കാഴ്ചകൾ വേറിട്ട്‌ തോന്നി!
     ഞൊടിയിട നേരങ്കൊണ്ടെൻമനം ചൊല്ലി
     കണ്ണാടി മാറ്റേണ്ട കാലമായി!
------------------------------------------------------------------
 (ഇപ്പോൾ മനസ്സിലായില്ലേ, ഈ മുഖത്തേക്കാൾ, വലിയ ഒരു 'ആമുഖം' എന്തിനായിരുന്നു എന്ന്!!)
എപ്പടി ? -  തെറി പാഴ്സൽ ആയി സ്വീകരിക്കുന്നതല്ല!