Reminiscece Of Air Force Life

Wednesday, October 31, 2012

തമ്മില്‍ ഭേദം തൊമ്മന്‍


           

                             ഇന്ത്യയിലെ നാഷണല്‍ ന്യൂസ് ചാനലുകള്‍ നോക്കിയാല്‍                 " മാങ്ഗോ പീപ്പിള്‍""" മന്ദബുദ്ധികള്‍ആകുന്ന അവസ്ഥയാണ്.

                    'കിണ്ടി കട്ടവന്‍"' , 'ഉരുളി കട്ടവന്റെ' നേരെ വിരല്‍ ചൂണ്ടുന്നു.
ഉരുളി കട്ടവന്‍, വാര്‍പ്പ് കട്ടവനെ, അതിലും വലിയ കള്ളനായി, കുറ്റം ചാര്‍ത്തി, ജന ശ്രദ്ധ തിരിക്കാന്‍ നോക്കുന്നു.

               ചാനലുകള്‍ മൊത്തത്തില്‍ ഒരു ഉത്സവ തിമിര്‍പ്പില്‍ ആണ്!

        നിക്കാരഗ്വയിലെ വിവേചനത്തെ കുറിച്ച് പോലും വാചാലമാകുന്ന,
മറ്റു ചിലര്‍, അതിര്‍ത്തി തര്‍ക്കങ്ങളിലും, കുലംകുത്തികളെ     ഒഴിവാക്കുന്ന തിരക്കിലും വ്യാപ്രുതരായി, ഈ സംവാദങ്ങളില്‍ ഒന്നും ക്രിയാത്മകമായി
 ഇടപെടാതെ, കാലില്‍ പറ്റിയ അമേധ്യം, വെള്ളം കാണുന്ന തോട്ടിലെല്ലാം കഴുകുന്ന തിരക്കില്‍ ആണ്.

                   ഒരു വശത്ത്, ഭരണ പക്ഷത്തിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെയും
 അവരുടെ തണലില്‍ വിലസുന്ന ബന്ധു മിത്രാദികളുടെ അഴിമതിയും, നിയമം വഴി വിട്ട്, അവര്‍ വാരി കൂട്ടിയ, സ്ഥിതി വിവര കണക്കുകള്‍! !

                                              അതിനു മറുപടിയോ

         "ഒരു ബിസ്സിനസ്സുകാരന്, ലാഭം ഉണ്ടാക്കി കൂടെ, സര്‍ക്കാര്‍ ചുമതലയുള്ള വ്യക്തിയും അല്ല."
   
             ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍, ആ സ്വകാര്യ വ്യക്തിയെ
താങ്ങിക്കൊണ്ട്‌, ഇന്ത്യ മഹാരാജ്യത്തിലെ ഗവര്‍ണര്‍മാരും, മന്ത്രിമാരും, ഭരണ കക്ഷിയിലെ ഉന്നതന്മാരും മത്സരിച്ചു രംഗത്ത്‌ വന്നു, അങ്ങേര്‍ക്കു 'ക്ലീന്‍ ചിറ്റ്' നല്കാന്‍.
                     ' എ ഫ്രണ്ട് ഇന്‍ നീഡ്‌ ഈസ് എ ഫ്രണ്ട് ഇന്ടീഡ്‌'

         പഴംചൊല്ലില്‍ പതിരില്ലല്ലോ. എല്ലാം കണ്ടു കൊണ്ട് മുകളില്‍ ഒരാള്‍
ഉണ്ടല്ലോ. മുകളില്‍ ആരാണ് എന്ന് ഓരോരുത്തരും സംഗ്രഹിച്ചിരിക്കുന്ന
രീതിയില്‍ ആയിരിക്കാം  'മുകളില്‍ ഒരാള്‍ ഉണ്ടല്ലോ' എന്ന് അവര്‍ ഉദ്ദേശിച്ചിരിക്കുന്നത്.

                       ഇനി ഇതെല്ലാം ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ
കാര്യം നോക്കാം. അതിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനെതിരെ ആണ്, അതിലും വലിയ ആരോപണങ്ങള്‍! !അത്രയും !

                         എത്രയോ കോടി ആസ്തിയുള്ള ഒരു ബിസിനസ്സുകാരന്‍,
ഇന്ത്യയിലെ നിയമ വ്യവസ്ഥകളെ എല്ലാം കാറ്റില്‍ പറത്തി, വിചാരിക്കുന്ന കാര്യങ്ങള്‍ വിധേയത്തിനു അധീശമാക്കി, സ്ഥിതി സമ്പത്തുകള്‍ സ്വായത്തമാക്കുന്നു. വ്യാജപ്പേരില്‍ ഉള്ള കമ്പനികള്‍, കൃഷിക്കാരെ കുടിയൊഴിപ്പിച്ച്, വമ്പന്‍ വ്യവസായികള്‍ക്ക് നിയമ സാധുത ഇല്ലാതെ കൈമാറി ഉണ്ടാക്കിയ കോടികള്‍. -.--

                        അതിനു ഒത്താശ ചെയ്തു കൊടുക്കുന്നത് കേന്ദ്ര മന്ത്രിസഭയെ
നില നിര്‍ത്തുന്ന ഒരു സഖ്യ കക്ഷിയുടെ വക്താക്കളും !

                            എന്നിട്ട് ഒരു 'ഗ്വാ ഗ്വാ' വിളിയാണ് -

             "കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലല്ലേ സി.ബി. ഐയും, ഇങ്കം ടാക്സും, എന്ഫോഴ്സുമെന്റും എല്ലാം, ഒരന്വേഷണത്തിന് ഉത്തരവിടൂ -  അതില്‍ ഞാന്‍ തെറ്റുകാരനാണ് എന്ന് കണ്ടാല്‍, എന്റെ രാഷ്ട്രീയ ജീവിതം നിറുത്തും"!

                    കേള്‍ക്കാന്‍, യുക്തിപൂര്‍ണമായ വാചക കസര്‍ത്ത്!

         "നീ ഇസ്പേട് ജാക്കി ഇറക്കിയാല്‍, ഞാന്‍ തുറുപ്പു തുറന്ന് വെട്ടും"
എന്ന  ഇരുപത്തെട്ടു കളിക്കുന്ന മലയാളിക്ക് പോലും  അറിയുന്ന ഒരു നമ്പര്‍.

                            ചുരുക്കത്തില്‍ 'കിണ്ടി കട്ട കളിയും, ഉരുളി കട്ട കളിയും' വിട്ട്, സംഗതി സീരിയസ്സ് ആയി.

           ' നീ എന്റെ മുണ്ടഴിച്ചാല്‍, ഞാന്‍ നിന്റെ സൌസര്‍ ഊരും എന്ന
ലവലില്‍"" '
                                         എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട് . പോളിട്ടിക്സിന്റെ ഒരു ഡെഫനിഷന്‍ തന്നെ 'ആര്‍ട്ട് ഓഫ് പോസ്സിബിളിട്ടീസു' എന്ന് ആണല്ലോ. കാലക്രമത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിലെ കൂട്ട് മന്ത്രിസഭയില്‍,
അധികാരത്തിന്റെ അപ്പക്കഷണം പ്രായോഗികമായി പങ്കിടുന്ന പ്രക്രിയക്ക്, നമ്മള്‍ ഒരുപാട് പുതിയ അലിഖിതമായ മാര്‍ഗരേഖകള്‍ക്ക്,
ആശയങ്ങള്‍ നിദാനം ചെയ്തിട്ടുണ്ട്. അത് ജനാധിപത്യത്തില്‍ ഉള്ള ഒഴിച്ചുകൂടാന്‍ പറ്റാത്ത ചില പോരായ്മകള്‍ ആണ് എങ്കില്‍ പോലും!
കൂടാതെ 'ഫോര്‍ത്ത് എസ്ടേറ്റ്' എന്ന് പറയുന്ന മീഡിയയും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ജനാധിപത്യത്തിന്റെ നേടുംതൂണ്.

                                      മീഡിയ പ്രവര്‍ത്തകരുടെ വായിപ്പാ ബാധ്യതയും കൂടി,
ഭരണ സംവിധാനം എഴുതി തള്ളാന്‍  സന്മനസ്സു കാണിച്ചാലോ, സര്‍ക്കാരിന്റെ ദുഷ്ട ലാക്കുകള്‍ക്ക് എതിരെയുള്ള അവരുടെ പടവാള്‍ വീശലിലും, പത്രധര്‍മത്തിലും, സ്വല്പം വെള്ളം ചേരാന്‍ സാധ്യത ഇല്ലാതില്ല.

                            ശശി തരൂര്‍, ഐക്യ രാഷ്ട്ര സഭയില്‍ ഉണ്ടായിരുന്നപ്പോള്‍, മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാന്‍ വക നല്‍കിയിരുന്നു. സിക്രട്ടറി
പോസ്റ്റിലേക്ക് മത്സരിക്കാന്‍ കഴിവു ഉണ്ടായിരുന്ന ആള്‍..., എഴുത്തുകാരന്‍,
നല്ല ഒരു വാഗ്മി. ആംഗലേ ഭാഷയില്‍ അദ്ദേഹം ചെയ്ത അനവധി പ്രസംഗങ്ങള്‍ നെറ്റിലൂടെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച്, ഇന്ത്യയുടെ കഴിവിനെ കുറിച്ച്. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ,ഡോക്ടര്‍ അബ്ദുല്‍ കലാമിനെ പോലെ, ഇന്ത്യന്‍ യുവത്വത്തിനും, നവീന ചിന്താഗതിക്കും ഉത്തെജനമേകുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍..

                     വിജയ ലക്ഷ്മി പണ്ടിറ്റിനും, വി.കെ. കൃഷ്ണ മേനോനും ശേഷം,
ഇന്ത്യയുടെ ശബ്ദം യൂ. എനില്‍ കേട്ടത് ശശി തരൂരില്‍ കൂടി ആണ്.

                 താരതമ്യേന ചെറു പ്രായം ഉള്ള വിദ്യാസമ്പന്നനായ ഈ നവാഗതന്റെ രാഷ്ട്രീയത്തിലേക്കുള്ള  വരവ്, ജനങ്ങളിലും ഒരു പത്യേക താല്പര്യം  ഉളവാക്കി.

             പക്ഷെ ഐ. പി.എല്‍ സംഭവത്തില്‍ 'സോഫ്റ്റ്‌ ഇക്വിറ്റി' ഇനത്തില്‍
സുനന്ദ ഏടത്തിക്ക് കൊറേ കോടികള്‍ തരമാക്കാന്‍ ശ്രമിച്ചെന്ന വിവരം പുറത്തു വന്നപ്പോള്‍ ശശിയേട്ടന്റെ കസേരയും പോയി.

                        ഇപ്പോള്‍ ഒന്ന് പുറകോട്ട് ആലോചിക്കുമ്പോള്‍,ഈ ആപേക്ഷിക
അഴിമതികളുടെ ആരോപണങ്ങളെയും പ്രത്യാരോപണങ്ങളെയും, താരതമ്യം ചെയ്തു നോക്കുമ്പോള്‍, ഈ വാര്‍പ്പ് കട്ടവനെക്കാളും, ഉരുളി കള്ളനേക്കാളും  എത്രയോ  ചെറിയ ഒരു കുറ്റം ആണ് അങ്ങേരു ചെയ്തത്.

                               പക്ഷെ ആ നവാഗതനെ രക്ഷിക്കാന്‍ തുനിയാതെ, സ്വന്തം പാര്‍ട്ടിയിലുള്ള, മലയാളി ചെന്കീരികള്‍ പോലും  പുറം തിരിഞ്ഞു നിന്നു.

          അങ്ങേര് കൃഷിക്കാരന്റെ കൃഷിഭൂമി പിടിച്ചു പറ്റി കമ്പനികള്‍ക്ക്  പല മടങ്ങ്‌, വില കൂട്ടി വിറ്റില്ല.

                  വ്യാജപ്പേരില്‍ കമ്പനികള്‍ രെജിസ്റ്റര്‍ ചെയ്തില്ല

                  കൃഷിക്ക് ഉപയോഗിക്കാന്‍ എന്ന് പറഞ്ഞ് സര്‍ക്കാര്‍ ചിലവില്‍
അണക്കെട്ടുകള്‍ ഉണ്ടാക്കി, അതിലെ വെള്ളം സ്വന്തം കമ്പനികളുടെ ആവശ്യങ്ങള്‍ക്കായി തിരിച്ചു വിട്ടില്ല.

               സര്‍ക്കാര്‍ ഉത്തരവുകളെ മറികടന്നില്ല

                          ഐ. പി. എല്ലിന്റെ ചട്ടക്കൂട് എന്ന് പറയുന്നത്, ക്രിക്കറ്റ് കളി നടത്തുന്നതും, അതില്‍ നിന്ന് പരസ്യത്തില്‍ കൂടിയും, ടിക്കറ്റില്‍ കൂടിയും ഉണ്ടാക്കുന്ന ലാഭ വിഹിതങ്ങളെ, എങ്ങിനെ കൈകാര്യം ചെയ്യണം എന്ന സര്‍ക്കാര്‍  നിയമങ്ങള്‍,  അനുശാസിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്ളവയാണ്.

          ലാസവഗാസിലെചൂതാട്ട ക്ലബ്ബുകള്‍ക്ക് അവിടത്തെ നിയമങ്ങള്‍
നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശം പോലെ  

                     സെക്സ് വര്‍ക്ക് ഒരു തൊഴിലായി, അമ്ഗീകരിച്ചിട്ടുള്ള ജര്‍മനിയില്‍ അവരുടെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പോലെ

                                               ചുരുക്കത്തില്‍, ഭരണഘടന അനുവദിച്ചു നല്‍കിയിട്ടുള്ള,സാധാരണക്കാരന്റെ സ്വാതന്ത്ര്യങ്ങളെ ധ്വംസിച്ചുകൊണ്ട്,കര്‍ഷകന്റെ കൃഷി ഭൂമി,കൈയ്യൂക്കു കൊണ്ട് പിടിച്ചു പറ്റി, സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ക്കായി മാറ്റി മറിച്ച്, ഇപ്പോള്‍ നടത്തുന്നപോലുള്ള ഉദ്യമം ഒന്നും ആയിരുന്നില്ല ശശി ഏട്ടന്റെത്.
   
             ആകെ ചെയ്തത്,  സുനന്ദ ഏടത്തിയുടെ കണ്സല്‍ട്ടിങ്ങു ഫീസ്,  'സോഫ്റ്റ്‌ ഇക്വിറ്റി' ഇനത്തില്‍ ഇമ്മിണി പെരുപ്പിച്ചു കാണിക്കാന്‍ ശ്രമിച്ചു. രാഷ്ടീയത്തില്‍ ഇറങ്ങുന്ന കന്നിക്കാരന് പറ്റാന്‍ സാധ്യതയുള്ള ഒരു കൈഅബദ്ധം.

               അതുകൊണ്ട് ഗാഡ്‌ഗിരിയുടെയും, വദോരയുടെയം   എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ട് വരണം. അതാണ്‌ അഭികാമ്യം. അതിനായി ഒരന്വേഷണ കമ്മീഷന്‍ തന്നെ പ്രഖ്യാപിക്കുന്നത് ആയിരിക്കും ഉചിതം.

                              ജനം തൃപ്തി അടയട്ടെ -

                 മീഡിയയുടെ അണ്ണാക്കില്‍ ഒരു പിടി പിണ്ണാക്കും ഇടാം!

                                  കമ്മീഷനില്‍ അഴിമതിയുടെ കറ  പുരളാത്ത കുറെ മഹാരഥന്മാരെയും വെയ്ക്കുക.

              ആരെയൊക്കെയാണ് കമ്മീഷനില്‍, നിയമിക്കേണ്ടത് എന്ന
സംശയമാണോ?

             ഞാന്‍ ഒരു പാനല്‍ ഓഫ് എമിനന്ടു പേഴ്സന്സിന്റെ പേരുകള്‍ പറയട്ടെ -

                  ലല്ലു പ്രസാദ് യാദവ്, മായാവതി, ജയലളിത,കനിമൊഴി, അഴഗിരി, കരുണാനിധി, രാജ, കല്‍മാഡി, യദൂരപ്പ വീരബഹദൂര്‍  സിംഗ് , ശരത് പവാര്‍- , പിണറായി വിജയന്‍ - ഇത് വമ്പന്മാരില്‍, തല എടുപ്പുള്ള ചില കൊമ്പന്മാര്‍ മാത്രം- ലിസ്റ്റിനു പഞ്ഞം ഒന്നും ഇല്ല. ഇതുകൂടാതെ ജഡീഷ്യരിയില്‍ നിന്നും  കൂടി നിര്‍ബന്ധം ഉണ്ടെങ്കില്‍, നമ്മുടെ  ബാലകൃഷ്ണന്‍  ചേട്ടന്റെ പേര് കൂടി ചേര്‍ത്തോളൂ
                   
                   അതോടെ ജനാധിപത്യ ഭാരതത്തിലെ ഈ അരക്ഷിതാവസ്തക്ക്
ഒരു അറുതി വരും. കോടതികള്‍ക്ക്  സമയ പരിധി കൊണ്ട് തീര്‍പ്പ് നല്‍കാന്‍ പറ്റാത്ത ഒരായിരം അഴിമതിക്കേസുകളും പരിഹരിക്കപ്പെടും!

                                   
                          ----------------------------------------------------------------------    

Friday, October 26, 2012

എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്


                                        
           ട്രെയിനിംഗ് കഴിഞ്ഞു  ആയിരത്തി തൊള്ളായിരത്തി എഴുപതു ജൂണില്‍, എന്റെ ആദ്യത്തെ പോസ്ടിങ്ങ് 24 - ഇ.ഡി 'മനോരി' എന്ന യൂണിറ്റില്‍ ആയിരുന്നു. ഇ.ഡി എന്ന് പറഞ്ഞാല്‍ എക്യുപുമെന്ടു  ഡിപ്പോ. എയര്‍ ഫോഴ്സിലേക്ക് വേണ്ട സാധന സാമഗ്രികള്‍, സൂക്ഷിക്കുന്ന സ്ഥലം. യുദ്ധോപകരണങ്ങള്‍  അടക്കം എല്ലാ അവശ്യ സാധനങ്ങളും, സൂക്ഷിക്കുകയും, ഓരോ യൂനിട്ടിന്റെ ആവശ്യാനുസരണം, അവിടങ്ങളില്‍ അത്, എത്തിക്കുകയും ചെയ്യുന്ന ദൌത്യം നിര്‍വഹിക്കുന്ന യുനിട്ട്. 
                                              എയര്‍ഫോഴ്സില്‍ ജോലി നോക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഫൈറ്റര്‍ അല്ല എങ്കില്‍ ബോംബര്‍    സ്ക്വാഡ്രനുകളില്‍ പോസ്റ്റിംഗ് ലഭിക്കുന്ന അവസ്ഥയാണ്, അയാള്‍,  ട്രെയിനിംഗ് സമയം മുതല്‍  സ്വപ്നം കാണുന്നത്. വിമാനങ്ങളില്‍ ജോലി ചെയ്യുന്നു എന്ന് പറയണം എന്നുണ്ടെങ്കില്‍, അങ്ങിനെ ഒരു അനുഭവം കൈവരിച്ചേ മതിയാകു.  
                           അതല്ലാതെ, എവിടെ ജോലി ചെയ്താലും, ഞാനും എയര്‍ഫോഴ്സ് യൂനിഫോമിലാണ് എന്ന് പറയാം എന്നല്ലാതെ, അവിടെ നടക്കുന്നതിനെക്കുറിച്ച് നേരിട്ട് ഒരനുഭവവും ഉണ്ടാകുകയില്ല. 
                         അതിനാല്‍ എന്റെ ആദ്യത്തെ പോസ്റ്റിങ്ങില്‍, ഞാന്‍ സ്വല്പം നിരാശനായിരുന്നു.       
                                      യുദ്ധോപകരണങ്ങള്‍  കൈകാര്യം ചെയ്യാന്‍  ട്രെയിനിംഗ് ലഭിച്ച എനിക്ക്,  ഒരു എകുഇപ്മെന്ടു ഡിപ്പോയില്‍ ഒന്നും തന്നെ ചെയ്യേണ്ടാതായിട്ടില്ല. ആര്‍മററിയില്‍ നിന്ന് ഡ്യൂട്ടി പോലീസുകാര്‍ക്ക്, റിവോള്‍വര്‍  ഇഷ്യൂ ചെയ്യുക, ഫയറിംഗ് പ്രാക്ടീസില്‍ പങ്കെടുക്കുന്ന ആളുകക്ക്, റൈഫിളും ആമ്നീഷനും ഇഷ്യൂ ചെയ്യുക, അതെല്ലാം സര്‍വീസിംഗ് നടത്തി സൂക്ഷിക്കുക, തുടങ്ങിയ ജനറല്‍  ഡ്യൂട്ടി.
                         ആയിരത്തി തൊള്ളായിരത്തി എഴുപതു പകുതി കഴിഞ്ഞതോടെ, ഇന്ത്യ ഒരു യുദ്ധത്തിനു തയ്യാര്‍ എടുക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ആഗസ്റ്റ്‌ മാസത്തോടെ നമ്മുടെ സൈന്യത്തെ 
രണ്ടതിര്‍ത്തികളിലും ആയി വിന്ന്യസിക്കപ്പെട്ടു. ഇനി എന്നാണു തുടക്കം എന്ന് മാത്രമേ അറിയേണ്ടതായിട്ട് ഉണ്ടായിരുന്നുള്ളൂ .
                              സൌത്ത് ഇന്ത്യയിലുള്ള യൂണിറ്റുകളില്‍ നിന്നും, കൂടുതല്‍ ആളുകളെ ബോര്‍ഡര്‍  യൂനിട്ടുകളിലേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവുകള്‍ ദിവസേന വന്നു കൊണ്ടിരുന്നു. നവംബര്‍ അവസാനത്തോടെ എനിക്കും കിട്ടി ഒരു പോസ്റ്റിംഗ് ഓര്‍ഡര്‍.- 
                           ഈസ്റ്റെണ്‍ എയര്‍ കമാണ്ടിന്റെ കീഴിലുള്ള 'ഹഷിമാര' എന്ന യൂനിട്ടിലേക്ക്. അന്ന് ഹഷിമാരയുടെ കീഴില്‍ രണ്ടു ഹണ്ടര്‍      സ്ക്വാഡ്രനുകളും ഒരു ഹെലികോപ്ടര്‍ യൂണിറ്റും ആണ് ഉണ്ടായിരുന്നത് എന്നെ പോസ്റ്റ് ചെയ്തിരുന്നത് 'ഗോള്‍ഡന്‍ 'ആരോസ്' എന്നറിയപ്പെട്ടിരുന്ന ഹണ്ടര്‍ സ്ക്വാഡ്രനിലേക്കായിരുന്നു.  
                       ഡിസംബര്‍ പതിനഞ്ചാം തീയതിയാണ് എനിക്ക് ഹഷിമാരയില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്.   
                     ആയിരത്തി തൊള്ളായിരത്തി എഴുപത്തൊന്നു ഡിസംബര്‍ മൂന്നാം തീയതി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. ആ യുദ്ധത്തിലെ  ഈസ്റ്റെണ്‍ എയര്‍ കമാണ്ടിന്റെ, പ്രധാനമായ ദൌത്യം, രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ടു . 
                ധാക്ക, ചിറ്റഗോങ്ങ്, സിയാല്‍ഹാട്ട് എന്നീ മൂന്നു പ്രധാന വിമാനത്താവളങ്ങള്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ, 'കാര്‍പെറ്റ് ബോംബിങ്ങിനു' വിധേയമായി, വെടിമരുന്നു വെച്ച് പൊട്ടിച്ച കരിങ്കല്‍ ക്വാറികള്‍ പോലെ ആയി. അവടെ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ എയര്‍ ഫോഴ്സിന്റെ  വിമാനങ്ങള്‍ മുഴുവന്‍ തന്നെ നശിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസം എഴുപതിനു മേലെ 'സോര്‍ട്ടികളാണ്' ' ഓരോ സ്ക്വാഡ്രനില്‍ നിന്നും പറന്നുയര്‍ന്നത് എന്ന്, പിന്നീട് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു. ചിറ്റഗോങ്ങിലെ എണ്ണ സംഭരണികള്‍ ദിവസങ്ങളോളം തുടര്‍ന്ന് കത്തി. യുദ്ധത്തിന്റെ ആദ്യ നാല് ദിവസം കഴിഞ്ഞപ്പോള്‍, ഇടയ്ക്കു താഴെ നിന്നുള്ള 'ആന്റീ എയര്‍ ക്രാഫ്റ്റ് ഗണ്ണിന്റെ' ഒരു പ്രതിരോധം ഒഴിച്ചാല്‍,  ഇന്ത്യന്‍ എയര്‍ ഫോഴ്സ്, ഈസ്റ്റ് പാക്കിസ്ഥാന്‍ വ്യോമ അതിര്‍ത്തിയില്‍  ആധിപത്യം സ്ഥാപിച്ചു.
                                      ഡിസംബര്‍ പത്താം തീയതി, 'മനോരിയില്‍' നിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ എല്ലാം തീര്‍ത്തു തയ്യാറായി നിന്നപ്പോഴാണ്, 'എന്റെ അച്ഛന്‍ മരിച്ചു' എന്നുള്ള ടെലഗ്രാം എനിക്ക് കിട്ടുന്നത്.
                                       മൂന്നു ദിവസം കഴിഞ്ഞേ വീട്ടില്‍ എത്തുകയുള്ളൂ. സംസ്കരിക്കുന്നതിന് മുന്‍പ്, മൃത ദേഹം കാണാന്‍ പോലും പറ്റുകയില്ല . അതിനാല്‍, നാട്ടില്‍ പോകണ്ട എന്ന് ഞാന്‍ തീരുമാനം എടുത്തു.   
                                      അപ്പോഴാണ്‌ സീനിയര്‍ അഡ്മിന്‍ ഓഫീസര്‍ക്ക് നിര്‍ബന്ധം 'ഞാന്‍ നാട്ടില്‍ പോകണം' എന്ന്. 
                   ഒരാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ അമ്മ മരിച്ചു എന്ന് വിവരം കിട്ടിയിട്ടും, യുദ്ധത്തിന്റെ അടിയന്തരാവസ്ഥ കണക്കില്‍ എടുത്തു, അങ്ങേര്‍ക്കു അവധി കിട്ടിയില്ല.
                      അതുകൊണ്ടായിരിക്കാം, അങ്ങേരുടെ അധികാര പരിധിയില്‍ വരുന്ന എനിക്ക്  അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് തോന്നാന്‍. കാരണം.
                                   "നിങ്ങള്‍ ഹഷിമാരയില്‍ സമയത്ത് ചെന്നിട്ട്, എയര്‍ ഫോഴ്സിന്, ഒരു ഉണ്ടയും ഉണ്ടാക്കാന്‍ പോകുന്നില്ല, (പട്ടാളത്തില്‍ താഴെ തലത്തിലേക്ക്, ഉപയോഗിക്കുന്ന ഭാഷ - പരിഭാഷ  എന്റെ)  അവിടെ എയര്‍ സുപ്രമസീ കിട്ടി കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍, നിങ്ങളെ ലീവിന് പറഞ്ഞു വിടുന്നതാണ്, പബ്ലിക്ക് റിലേഷന്‍ ആങ്കിളില്‍, എയര്‍ ഫോഴ്സിന് അഭികാമ്യം ആയിട്ടുള്ളത് - അതുകൊണ്ട് നിങ്ങള്‍ പോകണം"   

                  എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, അങ്ങേരുടെ ആ കാഴ്ചപ്പാടാണ്. 

        ഞാന്‍ നാട്ടിലേക്കു വരുന്ന വഴിയില്‍ ഓരോ റെയില്‍വേ സ്റ്റെഷനിലും പട്ടാളക്കാരെ ആദരിക്കുന്ന, പൊതു ജനത്തിന്റെ ആവേശത്തിന് പാത്രീഭൂതനായി. 

                യൂണിഫോമിട്ട് യാത്ര ചെയ്യുന്ന എല്ലാ പട്ടാളക്കാരെയും, തിലകം തോടീക്കുക, മധുരവും  മറ്റു ഉപഹാരങ്ങളും നല്‍കുക എന്നിത്ത്യാദികള്‍.

                 യുദ്ധം മുറുകിയിരുന്ന ആ സമയത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന എനിക്ക് ഉള്ളില്‍ ആകെ ഒരു ചളിപ്പ്. 

                അന്ന് അലഹബാദില്‍ നിന്ന് ഇട്ടാര്‍സി വഴി ഇന്ത്യയുടെ പകുതി ഭാഗം യാത്ര ചെയ്ത എനിക്ക് ഒരു കാര്യം മനസ്സിലായി. ഇന്ത്യ മൊത്തം രാജ്യസ്നേഹത്തിന്റെ പാരകമ്യത്ത്തില്‍ ആണ്. 

              അത് പ്രകടിപ്പിക്കുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ കൂടി കടന്നു 
പോകുന്ന പട്ടാളക്കാരെ ഒരു പ്രതീകം ആയി കാണുകയായിരുന്നു നമ്മുടെ രാജ്യസ്നേഹികളായ നാട്ടുകാര്‍..
  
                    അത് നാട്ടില്‍ ഞാന്‍ എത്തിയപ്പോള്‍ പൊതുജനം പറയുന്നതും കേട്ടു. 
             "യുദ്ധം കൊടുപിരിക്കൊണ്ടിരിക്കുന്ന ഈ സമയത്തും, അയാള്‍ക്ക്‌ അവധി കൊടുക്കാന്‍, നമ്മുടെ പട്ടാളത്തിനു തോന്നിയല്ലോ, അത്രത്തോളം പട്ടാളക്കാരുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും, അവര്‍ എത്ര പ്രാധാന്യം നല്‍കുന്നു"
                   ശരിക്കുള്ള ഒരു യുദ്ധഭൂമിയിലെ അനുഭവം, എനിക്ക് നഷ്ടപ്പെട്ടു എങ്കിലും, പട്ടാളക്കാരെ, ജനങ്ങള്‍ ഒരു യുദ്ധ സമയത്ത്    എങ്ങിനെ കാണുന്നു എന്ന അനുഭവം വേറെ തന്നെ ആണ്. പോര്‍ക്കളത്തില്‍ ഉണ്ടാകുന്ന ഒരു പട്ടാളക്കാരന് ലഭിക്കാത്ത ആ ആത്മ സംതൃപ്തി എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് മറക്കാന്‍ പറ്റാത്ത ഒന്നാണ്.

                                                               --------------------------------------------------------- 

Friday, October 19, 2012

ഒന്പതരയുടെ വണ്ടി


       

                ഞാന്‍ എഴുതാന്‍ പോകുന്നത് വായിക്കുന്നതില്‍ നിങ്ങള്‍ക്ക് അറപ്പ്  തോന്നാം.
                                     പക്ഷെ ചരിത്രം, ചരിത്രം തന്നെ.
                 നമ്മുടെ നാട്ടില്‍ "സെപ്ടിക് ടാങ്ക്" എന്ന ഒരു ടെക്നോളജി വന്നത് എഴുപതുകളില്‍ ആണ്.  അതിനു മുന്‍പ്, കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്, ഇന്നും നമ്മള്‍ ദല്‍ഹിയിലെക്കോ, കല്‍ക്കട്ടയിലെക്കോ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ജനല്‍ കാഴ്ചകള്‍ പോലെ തന്നെ ആണ്.  
             കേരളത്തിന്‌ വെളിയിലേക്ക് ട്രെയിന്‍ യാത്ര ചെയ്യുന്ന പലരും, നേരം പുലരുമ്പോള്‍ കാണുന്ന വഴിയോര കാഴ്ചകള്‍ അതാണ്‌.. -
              തലയില്‍ മുണ്ടിട്ട് മുഖം മറച്ച്, അവനവന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന "ഷൈനിംഗ് ഇന്ത്യയുടെ" ദൃശ്യം! 
              ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേല്‍നോട്ടത്തില്‍, ഇന്ത്യയിലെ സിറ്റികളിലും, മുന്സിപ്പാലറ്റികളിലും, ഈ "സ്കാവഞ്ചിങ്ങ്" പ്രക്രിയ നടപ്പിലാക്കണം എന്ന ആവശ്യം വന്നു. 
               നാറ്റം, സായിപ്പിനും വിഭിന്നമാല്ലല്ലോ. അങ്ങിനെ കേരളത്തിലെ 
 സിറ്റികളിലും, മുന്സിപ്പാലറ്റികളിലും, സായിപ്പ് ഒരു നടപടിക്രമം 
ഏര്‍പ്പെടുത്തി.  
                    ഓരോ വീട്ടിലും കക്കൂസ് പണിയുക, അവിടുന്നെല്ലാം  ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക. ആ പറഞ്ഞത് പോലും, അതിന് സൌകര്യമുള്ളവര്‍ക്കെ ചെയ്യാന്‍ പറ്റുകയുള്ളു.
                  മുന്സിപ്പാലറ്റിയിലെ ഓരോ വീട്ടിലും തോട്ടിക്കു വന്നു പോകുവാന്‍ പ്രത്യേക കവാടവും യാത്രാപഥവും  ഉണ്ടായിരുന്നു.  
            അത് തെറ്റിച്ച് വീടിന്റെ പ്രധാന കവാടത്തിലൂടെ എങ്ങാനും അയാള്‍ 
കയറിയാല്‍, ജോലിക്ക് വരുമ്പോഴല്ല എങ്കിലും, ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. സമൂഹത്തിലെ  പൊതു വേദികളെല്ലാം അവര്‍ക്ക് നിഷിദ്ധമായിരുന്നു. കടകളില്‍ നിന്ന് പോലും സാധനങ്ങള്‍ നല്‍കാന്‍ ഐത്യം കല്‍പ്പിച്ചിരുന്നു. സമൂഹത്തിനു വേണ്ടി മഹത്തായ കൃത്യം അനുഷ്ടിക്കുന്നവന്റെ ഗതികേട്! അതായിരുന്നു അവസ്ഥ. 
                      
               ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിച്ചിരുന്നപ്പോള്‍, മഹാത്മജിയുടെ ആഫ്രിക്കയില്‍  കഴിഞ്ഞിരുന്ന കാലഘട്ടത്തെ പ്രതിപാദിക്കുന്ന
 ഒരു പാഠം ഉണ്ടായിരുന്നു.
                    അന്ന് സൌത്ത് ആഫ്രിക്കയില്‍ അദ്ദേഹം കസ്തുര്‍ബയെക്കൊണ്ട്  
നമ്മളുടെ വിസര്‍ജനം, നമ്മള്‍ തന്നെ നിര്‍മാര്‍ജനം ചെയ്യണം എന്ന് നിര്‍ബന്ധിച്ച വിഷയത്തെക്കുറിച്ച്.    
                        ഞാന്‍ ആ പാഠം ശരിക്കും ഉള്‍ക്കൊണ്ടു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

                  ബ്ലോഗിലും, ഫേസുബൂക്കിലും ഉള്ള ഇപ്പോഴത്തെ തലമുറയ്ക്ക്,
ആ കാലവും അന്നത്തെ രീതികളും, അന്യമാണ് എന്നത്, എന്റെ കുട്ടികളും ആയി സംസാരിച്ചപ്പോള്‍ മനസ്സിലായി. ഈ തലമുറക്കാരെ അന്നത്തെ രീതികളെ ഒന്ന് പരിചയപ്പെടുത്താന്‍ ആണ് ഇങ്ങിനെ ഒരു ബ്ലോഗെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് . ഈ വിഷയം, അങ്ങിനെയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുകയില്ല.അങ്ങിനെയുള്ളവരോട് കേശവദേവിന്റെ  "തോട്ടിയുടെ മകന്‍" "എന്ന അവാര്‍ഡു കിട്ടിയ നോവല്‍ വായിച്ചു നോക്കാന്‍ പറയുന്നു. ഈ നിര്‍മാര്‍ജന കര്‍മങ്ങള്‍ നടത്തിയിരുന്ന ആളെ "തോട്ടി" എന്നാണ് വിളിച്ചിരുന്നത്‌. .
                 സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഒരു ഗത്യന്തരവും ഇല്ലാത്ത ആള്‍ക്കാരാണ് ഈ പണിക്കു പോയിരുന്നത്.       
                          പണി നിക്രുഷ്ടമായത് കൊണ്ട് സാധാരണ പണിക്കാരേക്കാള്‍   അവര്‍ക്ക് കൂലിയും കൂടുതല്‍ ആയിരുന്നു.വേറെ ആരെയും കിട്ടുകയില്ല എന്നതിനാല്‍.. .-   
                         എന്റെ വീട്ടില്‍ വന്നിരുന്ന ആ ജോലിക്കാരനെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ആന്ടണി  എന്നായിരുന്നു പേര്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു "സിക്സ് പാക്ക്" ജിമ്മന്‍. .
                         അയാള്‍ വന്ന് കക്കൂസിന്റെ താഴെ വെച്ചിട്ടുള്ള ബക്കറ്റില്‍ 
നിന്ന് ഈ നിര്‍മാര്‍ജനങ്ങളെല്ലാം അങ്ങേരു കൊണ്ട് വന്ന ബാക്കറ്റിലേക്ക് ഏറ്റുവാങ്ങി നിശബ്ദം, തനിക്കു വിധി കല്‍പ്പിച്ചിട്ടുള്ള കവാടത്തിലൂടെ       
വെളിയിലേക്ക് പോകും. 
                    വെളിയില്‍ റോഡില്‍ നടക്കുന്ന കാഴ്ച, കാലത്ത് സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ പോലും സ്ഥിരമായി കാണുന്നതാണ്.
                      വീലുകള്‍ വലുതായ ഒരു ഉന്തുവണ്ടിയില്‍, അതിന്റെ നടുക്ക് 
നിലം തൊടാതെ നില്‍ക്കുന്ന ഒരു വലിയ ടാങ്കിലേക്ക് ഇത് പകരും. ആ വണ്ടി തള്ളുന്നതും, റോഡിലെ കാവലും, "റോസി" എന്ന ആന്ടണിയുടെ 
ഭാര്യ ആണ്. ചിലപ്പോള്‍ "മേരി"  എന്ന ആന്ടണിയുടെ അമ്മ ആയിരിക്കും. 
                      ആ വണ്ടിയുടെ മുകളില്‍ പതിവായി ഒരു മുറുക്കാന്‍ പൊതി വെച്ചിരിക്കും.  ആന്ടണി ഓരോ വീട്ടിലെ ദൌത്യവും കഴിഞ്ഞു മടങ്ങി എത്തിയാല്‍ ആദ്യം അവിടെ നില്‍ക്കുന്ന സ്ത്രീയും ആയി കൂടി, ആ പൊതി അഴിച്ച് ഒരു മുറുക്കാന്‍ അടിക്കും. അതില്‍ കഞ്ചാവ് ലേഹ്യമോ കറുപ്പിന്റെ അംശമോ ഉണ്ടായിരുന്നിരിക്കാം!   
                     ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ മൂക്ക് പോത്തിയാണ്, കുട്ടികള്‍ ആ വണ്ടി കടന്നു പോകുക. 
                         ആ കര്‍മത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍  പക്വത ഇല്ലാത്ത സ്കൂള്‍ കുട്ടികളുടെ ചേഷ്ടകളും, കളിയാക്കലുകളും അവഗണിച്ച്‌ നിര്‍വികാരരായി അവര്‍ അവരുടെ ജോലിയില്‍ വ്യാപ്രുതരായിരിക്കും.  
                          ഇത്  പോലെ  മുന്സിപ്പാലറ്റിയുടെ ഓരോ വാര്‍ഡില്‍ നിന്നും 
നിക്ഷേപം സ്വീകരിച്ചു കൊണ്ടുവരുന്ന വണ്ടികള്‍, കൈ കോണ്ട് ഉന്തി  കൊണ്ടുപോയി ടൌണ്‍ അതിര്‍ത്തിക്ക് അപ്പുറം ഉള്ള ഒരു പൊതു സ്ഥലത്ത് കൊണ്ട് തളളും.  
              അതുകഴിഞ്ഞ്, ഈ കാലി വണ്ടികള്‍  മുന്സിപ്പാലറ്റിയുടെ  അധീനതയിലുള്ള ഒരു പൌണ്ടില്‍"" " കൊണ്ട് പാര്‍ക്ക് ചെയ്യും. ഇതായിരുന്നു അവരുടെ ജോലി.   
                     അതിശയം തോന്നിയിരുന്ന  മറ്റൊരു വസ്തുത -
"ഈ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരുന്ന പൌണ്ട് സ്ഥിതി ചെയ്തിരുന്നത്,
സ്ഥലത്തെ പ്രധാന അമ്പലത്തില്‍ നിന്നും, ജാക്കൊബ പള്ളിയില്‍ നിന്നും,
ബ്രാഹ്മണര്‍ താമസിച്ചിരുന്ന അഗ്രഹാരങ്ങളില്‍ നിന്നും, വില്ലേജു ആപ്പിസില്‍ നിന്നും നൂറു വാര അകലത്തില്‍ ആയിരുന്നു." !
                   
                                          ആയിടക്കാണ്‌ ഇടതു പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടത്. എല്ലാ തൊഴിലാളികള്‍ക്കും ട്രേഡു യൂണിയന്‍ 
സ്വാതന്ത്ര്യത്തിന്റെ പേരില്‍ പണി മുടക്കുകള്‍ നിത്യസംഭവം  ആയതും മറ്റും.

                         മുന്സിപ്പാലറ്റി ജീവനക്കാര്‍ പണി മുടക്കിയതിന്റെ ഭാഗമായി മേല്‍പ്പറഞ്ഞ വിഭാഗക്കാരും രണ്ടു മൂന്നു ദിവസം വരാതെ ആയി. രണ്ടു മൂന്നു ദിവസം ഇവര്‍ വരാതിരുന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ, ഞാന്‍ വിവരിക്കണ്ടല്ലോ!
                അപ്പോഴാണ്‌ ഗാന്ധിയുടെ അനുഭവങ്ങളെ കുറിച്ച് പഠിക്കാന്‍  
ഇടയായത്. 
            സത്യാന്വേഷണ കഥയിലെ ഗാന്ധിയെ പോലെ എനിക്ക് ഇറങ്ങാന്‍ പറ്റിയ ഒരു അവസരം!. കൂടാതെ പഠിത്തത്തിലോ "തഥൈവ" എന്ന അവസ്ഥയും 
       ആയിരുന്നു.
                       ഞാന്‍ രംഗത്തേക്ക് ഇറങ്ങി.
        ദൂരെ ഒരു കുഴി എടുത്ത് ഞാന്‍ തന്നെ മൂന്നു ദിവസത്തെ പ്രശ്നങ്ങള്‍ 
സംസ്കരിച്ചു.
         എന്റെ വീട്ടിലുള്ള എല്ലാ യാഥാസ്ഥിതികരുടെയും കൈയ്യടി കിട്ടി എന്നതില്‍ ഉപരി നാലാം ദിവസം   ആന്ടണി  വന്നപ്പോള്‍ കിട്ടിയ അംഗീകാരമാണ് ഞാന്‍ ഇപ്പോഴും കൂടുതല്‍ ആയി ഓര്‍മിക്കുന്നത്‌..!

              അയാള്‍ ആ ടൌണില്‍ പോകുന്ന എല്ലാ വീടുകളിലും എന്റെ 
വീരഗാഥ, "പാണന്റെ" കൂട്ട് പാടി നടന്നു-

                എന്ത് ആയാലും, തൊഴില്‍ ഇല്ലായ്മ, ഭാവിയില്‍ എനിക്ക് 
ഒരു പ്രശ്നം ആകുകയില്ല എന്ന  ആത്മവിശ്വാസം  എനിക്ക് അന്നേ ലഭിക്കാന്‍ ഇടയായി !  

                ----------------------------------------------------------------------------

  അടിക്കുറിപ്പ് 
       അവനവന്‍ കഴിച്ച പാത്രം കഴുകുമ്പോള്‍, വാഷ് ബേസിനിലെ സിങ്കില്‍  തടഞ്ഞു നില്‍ക്കുന്ന കറിവേപ്പില കഷണമോ, പച്ചമുളകിന്റെ 
കഷണമോ പെറുക്കി കളയാന്‍, ഇപ്പോഴുള്ള ചെറുപ്പക്കാരുടെ മടി കണ്ടത് കൊണ്ടാണ്, ഇതെഴുതാന്‍ മറ്റൊരു കാരണം ആയത്.    

                       




Friday, October 12, 2012

ഗ്ലോബലൈസേഷന്‍

      

                             എയര്‍പോര്‍ട്ടിലെ, അറൈവല്‍   ലോഞ്ചിലെത്തിയപ്പോഴാണ് അറിഞ്ഞത് "ഫ്ലൈറ്റ് " ഇരുപത്തഞ്ചു മിനിട്ട് ലേറ്റാണ്‌ എന്ന്. 

                          ഫ്ലൈറ്റ് വന്നാലും, ഫോര്‍മാലിട്ടി എല്ലാം കഴിഞ്ഞു വെളിയിലേക്ക് വരുന്നതിനു, പിന്നെയും ഒരു മുപ്പതു മിനിട്ടെങ്കിലും കൂടി വേണം.

                         ഗര്‍ഭിണി ആയ മകള്‍, ആസ്ട്രേലിയയില്‍ നിന്നും പ്രസവത്തിനായി വരുന്നതും കാത്തു, ഞാനും ഭാര്യയും  എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയാണ്. 
                        എത്ര വേഗമാണ് കാലം കടന്നു പോയത് !       

               ചെറുവിരലില്‍ തൂങ്ങി, എന്റെ കൂടെ കൊച്ചു കഥകളും, ലോക വിവരങ്ങളും കേട്ട് പഠിച്ച ഒരു കുട്ടിക്ക്, ഉണ്ടാകാന്‍ ഇടയുള്ള പരിവര്‍ത്തനം. 
                "മാറ്റത്തിന് മാത്രമേ മാറ്റമില്ലാതുള്ളൂ" എന്ന് പറയുന്നത് ശരി തന്നെ എന്ന് തോന്നി.
                അവള്‍ വെളിയിലേക്ക് വരാന്‍ താമസം എടുക്കും എന്നുള്ളതിനാല്‍, അവളുടെ പഴയ കാര്യങ്ങള്‍ ഓര്‍ത്തു സമയം ചിലവാക്കി.

                   എന്റെ മോള്‍ എല്‍.. കെ. ജി മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ 
ക്ലാസ്സിലും സ്കൂളിലും ഒന്നാമത് ആയിരുന്നു.
                  ഏതൊരു അച്ഛനും അഭിമാനം ഉണ്ടാകുന്ന കാര്യം.  സത്യത്തില്‍ ,
അതിന്റെ പുറകിലുള്ള ശില്പി എന്റെ ഭാര്യ ആയിരുന്നു.
                   യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്ന എനിക്ക്, റിസര്‍ച്ചും        
ലാബും, പേപ്പര്‍ പ്രസന്റെഷനും,  സെമിനാറും ഒക്കെ കഴിഞ്ഞു, അവനവന്റെ ഏക സന്താനത്തിന്റെ കൂടെ, സമയം ചിലവഴിക്കാന്‍ കിട്ടിയിരുന്നില്ല എന്നതായിരുന്നു സത്യം.  
                    ഒരു സാധാരണ കുടുംബത്തില്‍ നിന്ന് പഠിച്ചു വന്ന എന്റെ 
ഭാര്യയും പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നു. മകള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കണം എന്നതില്‍ അവള്‍ക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.    
            മോള്‍, പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഭാര്യയെ ഒന്ന് കളിയാക്കാന്‍ വേണ്ടി ചോദിച്ചു -

            "നമുക്ക് മോളെ ഊട്ടി പബ്ലിക് സ്കൂളില്‍ വിട്ടാലോ - രാജീവ് ഗാന്ധിയും അമിതാബ് ബച്ചനും ഒക്കെ പഠിച്ച സ്ഥലമാണ്."

                                    അവളന്ന് പ്രതികരിച്ചത്  ഇങ്ങനെ ആയിരുന്നു.

                    "ഞാന്‍ അവളെ 'ഓഹിയോ യൂണിവേഴ്സിറ്റിയില്‍' അയച്ചു പഠിപ്പിക്കും. എന്റെ പ്രൊഫസര്‍ അവിടെ നിന്ന പാസ്സായ ആളാണ്‌ - ആ         യൂണിവേഴ്സിറ്റിയെ കുറിച്ച്, നിങ്ങള്‍ക്ക് വല്ലതും അറിയുമോ ?"     
        ഞാന്‍ കേരളത്തില്‍ ഉള്ള കോളേജില്‍ നിന്ന് പാസ്സായ ഒരു എഞ്ചിനീയര്‍ ആണ്. ലോകത്തുള്ള പല നല്ല യൂണിവേഴ്സിറ്റികളില്‍ ഒന്നാണ് ഈ "ഓഹിയോ" എന്നും കേട്ടിട്ടുണ്ട്.    
                          പെണ്‍കുട്ടിയുടെ പഠിത്തം അമ്മയുടെ കൈയ്യില്‍  വിട്ടു കൊടുത്ത ഞാന്‍ കൂടുതല്‍ ഒന്നും ആലോചിച്ച് തല പുണ്ണാക്കിയില്ല.      
              "ഓഹിയോ എങ്കില്‍ ഓഹിയോ - കൊച്ചിന്റെ പഠിത്തം നടക്കട്ടെ."
           കൊച്ച് ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍, കുട്ടി അതിന്റെ പ്രായത്തെക്കാള്‍ വലിയ വായില്‍ സംസാരിക്കുന്നുണ്ടോ എന്ന് എനിക്ക് ഒരു സംശയം തോന്നി.   
                  ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചപ്പോള്‍, കിട്ടിയ മറുപടി 
അതിനേക്കാള്‍ വിശേഷം.
                          "പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ്, ഇപ്പോഴത്തെ ലോകത്തില്‍,
കോമ്പറ്റിഷന്‍ നേരിടണമെങ്കില്‍,  ആണ്‍  പിള്ളേരെപ്പോലെ തന്നെ,    പെണ്‍കുട്ടികളും മിടുക്കരാകണം."    
                  " നിങ്ങള്‍ ജീവിച്ച കാലഘട്ടമല്ല ഇത് - നിങ്ങളുടെ കാഴ്ചപ്പാട്,
ആ പഴഞ്ചന്‍ ഗ്രാമാന്തരീക്ഷത്തിന്റെതാണ്. ഇപ്പോഴത്തെ എലൈറ്റ് സൊസൈറ്റിയുമായി, നിങ്ങള്‍ക്ക് ഒരു ഇന്‍ടെറാക്ഷനും ഇല്ല  ബ്ലാ..ബ്ലാ...!
                     ഞാന്‍ മൌനം പൂണ്ടു. മോളെ നോക്കുന്ന ചുമതല എല്ലാം അമ്മക്ക് നല്‍കിയിട്ട്, ഇടയ്ക്കു കയറി, എനിക്ക് അഭിപ്രായം പറയാന്‍ 
അര്‍ഹതയുണ്ടോ?     
                           പിന്നീട് അവള്‍ പഠിക്കുന്ന ഹോസ്റ്റലില്‍ നിന്ന്,വാര്‍ഡന്റെ ഒരു കുറിപ്പ് വന്നപ്പോള്‍ ഞാന്‍ വ്യാകുലനായി.   
                      അടിസ്ഥാനപരമായ സ്ത്രൈണവ ഭാവത്തില്‍ നിന്ന്, എന്റെ മോള്‍ വഴി വിട്ട്പോകുന്നുണ്ടോ എന്ന ഒരു സന്ദര്‍ഭത്തില്‍, വളരെ ലളിതമായി ഞാന്‍ എന്റെ ഭാര്യയോടു ചോദിച്ചു.
                                   "അവളുടെ ശരീരത്തില്‍, വേറെ എന്തെങ്കിലും മുളച്ചു 
പൊങ്ങുന്നുണ്ടോ?"
                      അതിനു എനിക്ക് വയര്‍ നിറച്ചു കിട്ടിയത് ശകാരമായിരുന്നു.
   
                       അങ്ങിനെ അവസാനം ഓഹിയോവില്‍ നിന്ന് മിടുക്കി ആയി പാസ്സായ എന്റെ മകള്‍ക്ക്, ആസ്ട്രേലിയയില്‍ ഒരു നല്ല പ്ലേസുമെന്ടു കിട്ടി.
                         ഒരു കൊല്ലത്തിനു ശേഷം, അവള്‍ അവധിയില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍, ഞാനും എന്റെ ഭാര്യയും ജോലിയില്‍ നിന്നെല്ലാം 
വിരമിച്ചു, നാട്ടില്‍ ഒരു വീടും, ചെറിയ ഒരു പച്ചക്കറി തോട്ടവും ഒക്കെ ആയി കഴിയുകയായിരുന്നു.    
                      നെടുമ്പാശ്ശേരിയില്‍, അവളെ റിസീവ് ചെയ്തപ്പോള്‍, അവള്‍,
നൈജീരിയക്കാരന്‍ ഒരു ഡോക്ടര്‍ ജോയെ പരിചയപ്പെടുത്തി.     
                                     മീറ്റ് ജോ, വീ ആര്‍ ലിവിങ്ങ് ടുഗതെര്‍" !  "
                 എന്റെ ഭാര്യയുടെ അന്ധാളിപ്പ് ഞാന്‍ കണ്ടില്ല എന്ന് നടിക്കാന്‍ 
വേണ്ടി, എനിക്ക് വളരെ പാട് പെടേണ്ടി വന്നു.  
                  
                     ഒരു മാസം അവര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. തേക്കടി,
അരുന്ധതി റോയിയുടെ, ഗോഡ് ഓഫ് ബ്യുടിഫുള്‍ തിങ്ങ്സ്  എഴുതപ്പെട്ട 
ഐമനം എന്ന ഗ്രാമം, ചെറായി ബീച്ച് എല്ലാം അവര്‍ പോയി കണ്ടു.

               നൈജീരിയന്‍ എങ്കില്‍ നൈജീരിയന്‍, എന്റെ മോള്‍ക്ക്‌ ഇഷ്ടപ്പെട്ട 
ഒരു ഇണ, അതവള്‍ക്ക്‌ കിട്ടിയല്ലോ എന്ന മിനിമം സംതൃപ്തിയില്‍,
ഞാന്‍ അവളോട്‌ ചോദിച്ചു.
  
                  "ഇനി നിങ്ങളുടെ കുട്ടികളും ഒക്കെ ആയി എത്ര കൊല്ലം കഴിഞ്ഞാ ഇങ്ങോട്ടൊക്കെ?"

                    "കുട്ടികളോ? കുട്ടികളും പ്രാരബ്ധവും ഒക്കെ ജോക്ക് ഇഷ്ടമല്ല -
എനിക്കും- ജീവിതാവസാനം വരെ, ഞങ്ങള്‍ സന്തുഷ്ടരായി പോകാനാണ് പ്ലാന്‍" -"
                        "അപ്പോള്‍ നിയമപരമായി.... " 

                  ഞാന്‍ എന്റെ സന്ദേഹം ഉന്നയിച്ചപ്പോള്‍, അവളുടെ ന്യായീകരണം ഇങ്ങനെ ആയിരുന്നു.

                              "പപ്പാ, അര്‍ദ്ധമില്ലാത്ത ഈ കാട്ടായങ്ങളല്ലല്ലോ ദാമ്പത്യം -
നിയമവും നമ്മള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെടുന്നതല്ലേ - ചില സിനിമകളില്‍ കാണുന്ന 'മംഗല്‍സൂത്രവും, കെട്ടുതാലി പവിത്രതയും' ഒക്കെ കാണാനും കേള്‍ക്കാനും രസമുണ്ട്. 
                 ഞാന്‍ എന്റെ ഭാര്യയെ ഒന്ന് നോക്കി. അവള്‍ക്കും അപ്രതീക്ഷിതമായിട്ടു കിട്ടിയ മറുപടി ആണെങ്കിലും, ഒന്ന് തല കുടഞ്ഞിട്ടു മോളെ സപ്പോര്‍ട്ട് ചെയ്തു.
                      "അവര്‍ക്ക് അതാണ്‌ സന്തോഷം എങ്കില്‍, അങ്ങിനെ ആകട്ടെ."

                    ഒരു മാസത്തിനു ശേഷം, മോളും ജോയും നാട് വിട്ടു.

                     ഇടയ്ക്കിടെ ഈ മെയിലുകള്‍, ഫോണ്‍ വിളികള്‍, ചിലപ്പോള്‍ സ്കൈപ്പില്‍ കാം വഴിയും ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു.
              കഴിഞ്ഞ രണ്ടരക്കൊല്ലമായ, നിരന്തരമായ ഇടപെടലുകളില്‍ 
നിന്നും, എനിക്ക് ജോയെ കുറിച്ചുള്ള തോന്നലുകളും, അഭിപ്രായങ്ങളും 
മാറ്റേണ്ടി വന്നു.      

                 "ദീര്‍ഘവീക്ഷണമുള്ള ചെറുപ്പക്കാരന്‍ - സ്വന്തം ജോലിയില്‍ അക്കാദമിക താല്പര്യമുള്ള ആള്‍ - ചെയ്യുന്ന ജോലിയില്‍ നൈപുണ്യം നേടണം എന്ന് ലക്ഷ്യബോധമുള്ള ആള്‍ -"    
            പല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെമിനാറുകളിലും ജോ അവതരിപ്പിച്ച പേപ്പറുകളും, പ്രബന്ധങ്ങളും എനിക്ക് മെയിലില്‍ കൂടി അയച്ചു തരുമായിരുന്നു.  
               എന്റെ മകളുടെ ജീവിത പങ്കാളി എന്നതില്‍  ഉപരി, ഞങ്ങള്‍ തമ്മില്‍ ഒരു തുറന്ന ചര്‍ച്ചകള്‍ക്കും, സമീപനങ്ങള്‍ക്കും വഴി വെച്ചു.   
                  ഇതിനിടെയാണ്, ഫോണ്‍ ചെയ്തപ്പോള്‍ മോള് പറഞ്ഞത്.

              "പപ്പാ, ഞാന്‍ എന്റെ അഭിപ്രായത്തിനു ഒരു മാറ്റം വരുത്തി. ഞാന്‍ ഒരമ്മ ആകാന്‍ നിശ്ചയിച്ചു. ഞാനിപ്പോള്‍ പ്രഗ്നന്ടു ആണ്. പ്രസവത്തിനു നാട്ടില്‍ വരാന്‍ ആണ് പ്ലാന്‍."".

               ഇത് കേട്ടപ്പോള്‍ തന്നെ എന്റെ ഭാര്യ, ഏതോ അമ്മായിമാരെ 
ഒക്കെ കണ്ട്, കരുതേണ്ട പച്ച മരുന്നുകളുടെയും, കഷായത്തിന്റെയും,
എണ്ണ, കുഴമ്പ് എന്നിത്യാദികളുടെയും ലിസ്റ്റ് ശേഖരിക്കുന്ന തിരക്കിലായി.

                       പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് , ലാന്‍ഡ്‌ ചെയ്ത, മോള്‍ വന്ന വിമാനത്തിലെ യാത്രക്കാര്‍ പുറത്തേക്ക് വരാന്‍ തുടങ്ങിയിരിക്കുന്നു
.                   നിറവയറുമായി ട്രോളിയും തള്ളി വരുന്ന അവളെ തിരിച്ചറിയാന്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല.  

                   നീണ്ട ഒരു ഇടവേളയ്ക്കു ശേഷം, തമ്മില്‍ കണ്ട അമ്മയും മകളും, പൊതുജനത്തെ മറന്ന്, കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഒക്കെ നടത്തി. അതിനോടൊപ്പം ഒരുപാട് ചോദ്യങ്ങളും.

                          പത്ത് മണിക്കൂറിലേറെ  വിമാനത്തില്‍ യാത്ര ചെയ്തു വന്ന 
മോള്‍ പറഞ്ഞു.
                    "എല്ലാം ഞാന്‍ കാറില്‍ കയറിയിട്ട് പറയാം, ആദ്യം എനിക്ക് കാലു നിവര്‍ത്തി ഒന്നിരിക്കണം"
             ഗര്‍ഭാലസ്യത്തിന്റെ സവിശേഷതകള്‍ !
         കാറില്‍ കയറി വീട്ടിലേക്കു പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു 

              "ഹൌ ഈസ് ജോ, ഇന്നലെയും അവന്‍ മെയില്‍ ചെയ്തിരുന്നു,
നിന്റെ ഫ്ലൈറ്റ് ടൈമിനെ കുറിച്ച്"
                              "ഏത് ജോ ?"  
                      കുറച്ചു നേരം പകച്ചിരുന്ന ഞാന്‍ വണ്ടിയുടെ സ്പീഡ് കുറച്ച്,
വിശദീകരിച്ചു.    
                      "ഐ മീന്‍ ഡോക്ടര്‍ ജോ -"
           ഏതോ ഒരു പഴയ തമാശ കേട്ട പോലെ എന്റെ മോള്‍ പറഞ്ഞു
                   "പപ്പാ, ഇറ്റ്‌ ഈസ് ആന്‍ ഓള്‍ഡ്‌ സ്റ്റോറി "  

                 ട്രാഫിക്കിന്റെ പ്രശ്നം പോലും മറന്ന്, ഞാന്‍ പിന്‍സീറ്റിലിരിക്കുന്ന അവളുടെ നിറഞ്ഞ വയറിലേക്ക് നോക്കി. 
                      "പപ്പാ, ഐ ജസ്റ്റ് ഡിഡ് നോട്ട് വാണ്ട് ടു എമ്ബാരസ്സ് യൂ.
അച്ഛനെ വറി അടിപ്പിക്കെണ്ടാ എന്ന് വിചാരിച്ച് പറയാതിരുന്നതാണ് .
ഒന്നിച്ച് പോകില്ല എന്ന് രണ്ടു പേര്‍ക്കും തോന്നി, സൊ വി പാര്‍ട്ടേഡ് 
ആസ് ഫ്രണ്ട്സ്. ജോയും ആയി എനിക്ക് ഒരു കണ്ടീഷനെ ഉണ്ടായിരുന്നുള്ളൂ.
          ഞാന്‍ വീണ്ടും ട്രാഫിക് അവഗണിച്ച് പിന്‍ സീറ്റിലേക്ക് നോക്കി- 
             "ഞാന്‍ എന്റെ പപ്പയോടു നേരിട്ട് പറയുന്ന വരെ, ജോ അച്ഛനുമായുള്ള ആ നിലപാട് തുടരണം. " 
                "നൌ ഐ ആം മിസ്സസ്സ് തോമ്സന്‍.. . -
                എ നൈസ് ഗൈ, പേടിക്കണ്ട , നിയമ വിധേയമായി തന്നെ - വിശദീകരിച്ച്, വീട്ടില്‍ ചെന്നട്ട്‌ പറയാം -"

                      ഞാന്‍ മൌനം പൂണ്ട് വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ ,പണ്ട് അമ്മൂമ്മ സന്ധ്യ നേരത്ത് പാടി കേട്ടിട്ടുള്ള ഒരു കീര്‍ത്തനം ഓര്‍മയില്‍ വന്നു 

                " അര്‍ത്ഥ പുത്രാ കളത്രാദിയായോരെന്‍ 
                    അര്‍ത്ഥ സംസാര സാഗരം തന്നില്   
                   പേര്‍ത്തും പേര്‍ത്തും ഉഴലാതടിയനെ 
                   കാത്തു കൊള്ളേണം ചോവ്വരെ ഗോവിന്ദാ"
            --------------------------------------------------------------------------------------